Wednesday, May 20, 2015

പുതുതലമുറ ആശുപത്രികള്‍ വരുന്നൂ; നഴ്‌സിംഗ് മേഖലയില്‍ പുതുവസന്തം


സുരേഷ് കീഴില്ലം

പെരുമ്പാവൂര്‍: സംസ്ഥാനത്ത് മുപ്പതോളം ട്വന്റി ഫസ്റ്റ് സെഞ്ച്വറി ആശുപത്രികള്‍ വരുന്നതോടെ നഴ്‌സിങ്ങ് മേഖലയില്‍ അനന്തസാദ്ധ്യതകള്‍ ഉരുത്തിരിയും.
തൊഴില്‍ മേഖലയിലെ നിത്യവസന്തമെന്നു കരുതപ്പെടുന്ന നഴ്‌സിംഗ് മേഖല ഒരു തളര്‍ച്ചയ്ക്ക് ശേഷം വീണ്ടും തളിര്‍ക്കുന്നതിന്റെ ലക്ഷണങ്ങളാണ് കാണുന്നത്. ഈ മേഖലയിലെ തൊഴിലന്വേഷകര്‍ക്ക് സ്വദേശത്തു മാത്രമല്ല, വിദേശത്തും വലിയ സാധ്യതകളാണ്. 
സംസ്ഥാനത്ത് തുടങ്ങാനിരിക്കുന്നതോ പാതി നിര്‍മ്മാണത്തിലിരിക്കുന്നതോ ആയ കോര്‍പ്പറേറ്റ് ട്വന്റിഫസ്റ്റ് സെഞ്ച്വറി ആശുപത്രികളിലാണ് വലിയ അവസരങ്ങള്‍ പ്രധാനമായും കാത്തിരിക്കുന്നത്. ചുരുങ്ങിയത് ഇരുപതിനായിരം രൂപ ശമ്പളത്തില്‍ തുടങ്ങുന്ന ആയിരക്കണക്കിന് ഒഴിവുകള്‍ ഈ ആശുപത്രികളില്‍ മാത്രം സൃഷ്ടിക്കപ്പെടും.  വേതന നിര്‍ണ്ണയത്തിന്റെ കാര്യത്തില്‍ സര്‍ക്കാര്‍ മാനദണ്ഡങ്ങള്‍ വന്നതോടെ നഴ്‌സിങ്ങ് മേഖല കൂടുതല്‍ ആകര്‍ഷകമായി.
കേരളത്തില്‍ 30 കോര്‍പ്പറേറ്റ് ട്വന്റിഫസ്റ്റ് സെഞ്ച്വറി ഹോസ്പിറ്റലുകളാണ് വരാന്‍ പോകുന്നത്. കൊച്ചിയില്‍ മാത്രം ഇത്തരം പതിനഞ്ചോളം ആശുപത്രികള്‍ വരും. ഓരോ ആശുപത്രികളിലും ചുരുങ്ങിയത് അഞ്ഞൂറു കിടക്കകള്‍ വീതമുണ്ടാകും. അഞ്ച് കിടക്കക്ക് ഒരു നഴ്‌സ് എന്ന നിലയില്‍ പരിശോധിച്ചാല്‍ മാത്രം മൂവായിരത്തോളം ഒഴിവുകള്‍ ഏറ്റവും കുറഞ്ഞതുണ്ടാകും. 
കോര്‍പ്പറേറ്റ് ട്വന്റി ഫസ്റ്റ് സെഞ്ച്വറി ആശുപത്രികളിലേക്ക് വന്‍തോതില്‍ വരുംകാലങ്ങളില്‍ കാമ്പസ് റിക്രൂട്ട്‌മെന്റ് വഴി നിയമനങ്ങള്‍ നടക്കും. കല്‍ക്കട്ട, ഹൈദ്രാബാദ്, പൂനൈ, അഹമ്മദാബാദ്, മുംബൈ, ബാംഗ്ലരു, കൊച്ചി, ചെന്നൈ, ഡല്‍ഹി തുടങ്ങിയ മെട്രോ നഗരങ്ങളിലൊക്കെ നഴ്‌സിംഗ് ബിരുദ ധാരികള്‍ക്ക് വലിയ തോതില്‍ അവസരങ്ങള്‍ ലഭിക്കും.  
ഇതിനു പുറമെ മറ്റ് ആശുപത്രികളുടെ എണ്ണത്തിലും ഗണ്യമായ  വര്‍ദ്ധനയാണ് ഉണ്ടാകുന്നത്. അതുവഴി രോഗി പരിചരണത്തിനുള്ള ആളുകളുടെ എണ്ണവും കൂടുതലായി വേണ്ടി വരും. 
1994 ല്‍ 12618 സ്വകാര്യ ആശുപത്രികളാണ് കേരളത്തില്‍ ഉണ്ടായിരുന്നത്. പത്തു വര്‍ഷം പിന്നിട്ടപ്പോള്‍ 2004 ല്‍ കേവലം 300 ആശുപത്രികള്‍ മാത്രമാണ് വര്‍ദ്ധിച്ചത്. എന്നാല്‍ 2014-ലേക്ക് വന്നതോടെ അത് 13968 ആയി വര്‍ദ്ധിച്ചു. അതായത് പത്തു വര്‍ഷങ്ങള്‍കൊണ്ട് 1050 ആശുപത്രികളുടെ വര്‍ദ്ധന. 2020 ആകുമ്പോഴേക്കും കേരളത്തിലെ സ്വകാര്യ ആശുപത്രികളുടെ എണ്ണം 15000 കടക്കുമെന്നാണ് സൂചനകള്‍.
മുപ്പതോളം ട്വെന്റി ഫസ്റ്റ് സ്വെഞ്ചറി ആശുപത്രികള്‍ക്ക് പുറമെ എന്‍.എ.ബി.എച്ച് അക്രെഡിറ്റേഷനുള്ള 23 ആശുപത്രികളുണ്ട്. 1425 സൂപ്പര്‍ സ്‌പെഷ്യാലിറ്റി ആശുപത്രികളും 8545 എണ്ണം മള്‍ട്ടി സ്‌പെഷ്യാലിറ്റി ആശുപത്രികളും ഇതില്‍ ഉള്‍പ്പെടുന്നു എന്നു വരുമ്പോഴാണ് ആരോഗ്യമേഖലയിലുണ്ടായ വളര്‍ച്ച നമ്മെ വിസ്മയപ്പെടുത്തുന്നത്.
അമേരിക്ക, ഇംഗ്ലണ്ട്, അയര്‍ലെന്റ്, കാനഡ തുടങ്ങിയ വിദേശ രാജ്യങ്ങളിലെ നയസംബന്ധമായ മാറ്റങ്ങളാണ് മറ്റൊരു അനുകൂല ഘടകം.  നഴ്‌സിംഗ് ബിരുദധാരികള്‍ക്ക് ഈ വികസിത രാജ്യങ്ങളിലേക്ക് അനായാസം കടന്നു ചെല്ലാനുള്ള പാത ഒരുങ്ങുകയാണ്. മിഡില്‍ ഈസ്റ്റ് അറബ് രാജ്യങ്ങളിലാവട്ടെ ആരോഗ്യ മേഖലയില്‍ ഒട്ടേറെ പുത്തന്‍ കാല്‍വെയ്പ്പുകള്‍ തുടങ്ങിക്കഴിഞ്ഞു.
വിദേശ റിക്രൂട്ട്‌മെന്റ് കേന്ദ്രസര്‍ക്കാരിന്റെ നിയന്ത്രണത്തിലായതോടെ സമര്‍ത്ഥരായ ഉദ്യോഗാര്‍ത്ഥികള്‍ക്ക് പണത്തിന്റെ സ്വാധീനവും ഇടനിലക്കാരുടെ ചൂഷണവും ഇല്ലാതെ നല്ല അവസരങ്ങള്‍ നേടിയെടുക്കാനുമാവും.
ഏതു രാജ്യത്തെ സംബന്ധിച്ചിടത്തോളം ആരോഗ്യ മേഖലയിലെ ഒഴിവുകള്‍ വെട്ടിച്ചുരുക്കാന്‍ കഴിയാത്ത സാഹചര്യമാണ് ഉള്ളത്. എത്ര അപര്യാപ്തതകളുണ്ടായാലും ആരോഗ്യ പരിപാലന മേഖലയെ അലംഭാവത്തോടെ കാണാന്‍ വരുംകാലത്ത് ഒരു രാജ്യത്തിനുമാവില്ല. അതുകൊണ്ടു തന്നെ നഴ്‌സിങ്ങ് മേഖല തെരഞ്ഞെടുക്കുന്നവര്‍ക്ക്  നൂറു ശതമാനം തൊഴില്‍ സുരക്ഷ ഉറപ്പ്. 

മംഗളം 20.05.2015




No comments: