Wednesday, March 26, 2014

പത്രിയാര്‍ക്കീസ് ബാവയുടെ സന്ദര്‍ശന സ്മരണയില്‍ തുരുത്തിപ്ലി പള്ളി

പെരുമ്പാവൂര്‍: കാലംചെയ്ത പരി. പത്രിയാര്‍ക്കീസ് ബാവയുടെ സന്ദര്‍ശനത്തിന്റെ സ്മരണയില്‍ തുരുത്തിപ്ലി സെന്റ് മേരീസ് ദേവാലയം. ദമാസ്‌കസിലെ പര്‍ത്രിയാര്‍ക്ക അരമനയില്‍ 28 ന് ബാവയുടെ കബറടക്ക ശുശ്രൂഷ നടക്കുമ്പോള്‍ സെന്റ് മേരീസ് പള്ളിയില്‍ പ്രത്യേക ശുശ്രൂഷ നടക്കും.
1982 മാര്‍ച്ച് 5 നാണ് ആകമാന സുറിയാനിസഭയുടെ പരമാദ്ധ്യക്ഷനായിരുന്ന മോര്‍ ആന്റ് മോര്‍ ഇഗ്നാത്തിയോസ് സാഖാ പ്രഥമന്‍ പത്രിയാര്‍ക്കീസ് ബാവ തുരുത്തിപ്ലി പള്ളിയില്‍ എഴുന്നള്ളിയത്. ഉച്ചഭക്ഷണത്തെ തുടര്‍ന്ന് പള്ളിമേടയില്‍ രണ്ട് മണിക്കൂര്‍ ഉറങ്ങിയശേഷമാണ് ബാവ മടങ്ങിയത്. ബാവ ഉറങ്ങിയ കട്ടില്‍ ഇന്നും വിശുദ്ധമായി പള്ളിമേടയില്‍ സൂക്ഷിച്ചിട്ടുണ്ട്.
പരിശുദ്ധ ബാവ നല്‍കിയ കന്യാമറിയത്തിന്റെ ഇടക്കെട്ട് (വി. സുനോറോ) പള്ളിയില്‍ സ്ഥാപിച്ചതോടെയാണ് രണ്ടാം മണര്‍കാട് എന്ന പേരില്‍ തുരുത്തിപ്ലി പള്ളി ഒരു തീര്‍ത്ഥാടന കേന്ദ്രമായി മാറുന്നത്. 82 ല്‍ ബാവ പ്രാര്‍ത്ഥിച്ച് സുഖപ്പെടുത്തിയ പല രോഗികളും ഇടവകയില്‍ ഇന്നും സൗഖ്യത്തോടെ ജീവിക്കുന്നു.
ബാവയുടെ ദേഹവിയോഗത്തെ തുടര്‍ന്ന് ആയിരങ്ങള്‍ പങ്കെടുത്ത അനുശോചനയോഗം ചേര്‍ന്നു. വികാരി ഫാ. ജോണ്‍ പാത്തിയ്ക്കല്‍ അദ്ധ്യക്ഷത വഹിച്ചു.
28 ന് നടക്കുന്ന കബറടക്ക ശുശ്രൂഷയില്‍ മേഖലാ മെത്രാപ്പോലീത്ത മാത്യൂസ് മാര്‍ അഫ്രേം മുഖ്യ കാര്‍മ്മികത്വം വഹിക്കുമെന്ന് പള്ളി അധികൃതര്‍ അറിയിച്ചു. വൈകിട്ട് 3 നാണ് പ്രത്യേക ശുശ്രൂഷകള്‍.
പരി. ബാവയുടെ വേര്‍പാടില്‍ തുരുത്തിപ്ലി മാര്‍ത്തോമ്മന്‍ യാക്കോബായ ചെറിയ പള്ളിയില്‍ അനുശോചനയോഗം ചേര്‍ന്നു. വികാരി ഫാ. ഏലിയാസ് ചേട്ടാളത്തുംകര കോര്‍ എപ്പിസ്‌കോപ്പ അദ്ധ്യക്ഷത വഹിച്ചു. ട്രസ്റ്റിമാരായ കെ.വി പൗലോസ്, എല്‍ദോസ് , മാനേജിംഗ് കമ്മിറ്റിയംഗങ്ങളായ കെ.വി തോമസ്, പി.കെ പൗലോസ്, യൂത്ത് അസോസിയേഷന്‍ സെക്രട്ടറി ഫില്ലി കെ ജോയി, വനിതാ സമാജം സെക്രട്ടറി മേരി പൗലോസ് എന്നിവര്‍ പ്രസംഗിച്ചു.

മംഗളം 25.03.2014



No comments: