Wednesday, March 26, 2014

ബി.ജെ.പിയില്‍ നിന്നും കൊഴിഞ്ഞുപോക്ക് തുടങ്ങി; മുന്‍ നിയോജകമണ്ഡലം പ്രസിഡന്റ് രാജിവച്ചു

ആര്‍.എസ്.എസ് ആധിപത്യം

പെരുമ്പാവൂര്‍: ആര്‍.എസ്.എസ് ആധിപത്യത്തില്‍ പ്രതിഷേധിച്ച് ബി.ജെ.പിയില്‍ നിന്നും കൊഴിഞ്ഞുപോക്ക് തുടങ്ങി. മുന്‍ നിയോജകമണ്ഡലം പ്രസിഡന്റ് എം.ജി ഗോവിന്ദന്‍കുട്ടി ഇന്നലെ ബി.ജെ.പിയില്‍ നിന്നും രാജിവച്ചു. 
വര്‍ഷങ്ങളായി പാര്‍ട്ടിക്കുവേണ്ടി പ്രവര്‍ത്തിച്ചിരുന്ന ആളുകളെ പ്രവര്‍ത്തനത്തില്‍ നിന്നും മാറ്റി നിറുത്തുകയും പാര്‍ട്ടി പ്രവര്‍ത്തനം അവസാനിപ്പിച്ചില്ലെങ്കില്‍ കൊന്നുകളയുമെന്ന് വീട്ടില്‍ വന്ന് ഭീഷണിയപ്പെടുത്തുകയും ചെയ്യുന്ന സാഹചര്യത്തില്‍ മനസുമടുത്താണ് രാജിയെന്നും ഗോവിന്ദന്‍കുട്ടി അറിയിച്ചു. അനേകം മുതിര്‍ന്ന പ്രവര്‍ത്തകര്‍ പെരുമ്പാവൂരില്‍ നിന്നും രാജിവെയ്ക്കാന്‍ തയ്യാറായിട്ടുണ്ടെന്നും  ബി.ജെ.പിയുടെ പ്രവര്‍ത്തനം ചില ചിട്ടി ബ്ലയിഡ് മാഫിയകളുടെ കയ്യിലാണെന്നും ഗോവിന്ദന്‍കുട്ടിയുടെ പത്ര പ്രസ്താവനയിലുണ്ട്. 
അവഗണനയും ഭീഷണിയും സഹിച്ച് പാര്‍ട്ടിയില്‍ തുടരാന്‍ താല്‍പര്യമില്ലാത്തതുകൊണ്ട് ബി.ജെ.പിയില്‍ നിന്നും രാജി വെച്ച് ദേശീയ പ്രസ്ഥാനമായ കോണ്‍ഗ്രസില്‍ ചേരുകയാണെന്ന് ഗോവിന്ദന്‍കുട്ടി പറയുന്നു. ചാലക്കുടി പാര്‍ലമെന്റ് സ്ഥാനാര്‍ത്ഥി പി.സി ചാക്കോയുടെ വിജയത്തിന് വേണ്ടി പ്രവര്‍ത്തിക്കുമെന്നും അദ്ദേഹം അറിയിച്ചു.
ബി.ജെ.പിയുടെ ബൂത്ത് പ്രസിഡന്റ്, പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് , യുവമോര്‍ച്ച നിയോജകമണ്ഡലം പ്രസിഡന്റ്, ജനറല്‍ സെക്രട്ടറി,  നിയോജകമണ്ഡലം പ്രസിഡന്റ് എന്നി നിലകളിലും പ്രവര്‍ത്തിച്ച ഗോവിന്ദന്‍കുട്ടി നിലവില്‍ ജില്ലാ കമ്മിറ്റി അംഗമായിരുന്നു.
കഴിഞ്ഞ ദിവസം നടന്ന നിയോജകമണ്ഡലം കണ്‍വെന്‍ഷനിലാണ് ബി.ജെ.പിയിലെ ആഭ്യന്ദര കലഹം മറനീക്കിയത്. പാര്‍ട്ടിയുടെ സംസ്ഥാന സമിതി അംഗമായ അഡ്വ.കെ.ആര്‍ രാജഗോപാലിനേയും ജില്ലാ സെക്രട്ടറി അജിത് കുമാറിനേയും  നിയോജകമണ്ഡലം കണ്‍വീനറായ ഒ.സി അശോകനേയും വേദിയിലിരിക്കാന്‍ പോലും അനുവദിച്ചിരുന്നില്ല. ഇതില്‍ പ്രതിഷേധിച്ച് ബി.ജെ.പി നേതാക്കള്‍ കൂട്ടത്തോടെ കണ്‍വെന്‍ഷന്‍ ബഹിഷ്‌കരിച്ചിരുന്നു. ഇതേതുടര്‍ന്ന് പാര്‍ട്ടി സ്ഥാനാര്‍ത്ഥി നേതാക്കളെ അനുനയിപ്പിയ്ക്കാന്‍ ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല. ഇത് മംഗളം റിപ്പോര്‍ട്ട് ചെയ്തിരുന്നു. 
ആര്‍.എസ്.എസ് നേതൃത്വത്തിന്റെ അതിരുകടന്ന ഇടപെടല്‍ പാര്‍ട്ടി നേതാക്കളെ നാളുകളായി അസ്വസ്ഥതപ്പെടുത്തിയിരുന്നു. ആര്‍.എസ്.എസ് ആഭിമുഖ്യമുള്ള വിഭാഗം ഇലക്ഷന്‍ ഘട്ടത്തില്‍പോലും നേതാക്കളെ അവഗണിച്ചതോടെ പല നേതാക്കളും പാര്‍ട്ടി വിടാനുള്ള തീരുമാനത്തിലാണ്. ഇതിന്റെ മുന്നോടിയാണ് ഗോവിന്ദന്‍കുട്ടിയുടെ രാജി എന്നുവേണം കരുതാന്‍.


മംഗളം 25.03.2014

No comments: