Thursday, March 20, 2014

സേവ് രായമംഗലം പ്രക്ഷോഭം 140 ദിവസം പിന്നിട്ടു

വറുഗീസ് തായ്ക്കര നിരാഹാരം സമരം ഏറ്റെടുക്കും 

പെരുമ്പാവൂര്‍: പ്ലൈവുഡ് മലിനീകരണത്തിനെതിരെ പരിസ്ഥിതി സംരക്ഷണ കര്‍മ്മ സമിതി തുടങ്ങിയ സേവ് രായമംഗലം പ്രക്ഷോഭം 140 ദിവസം പിന്നിട്ടു. നിരാഹാര സത്യാഗ്രഹം നടത്തിവന്ന കര്‍മ്മ സമിതി നേതാവ് സി.പി ജയിംസിന്റെ ആരോഗ്യ നില വഷളായതിനേതുടര്‍ന്ന് വറുഗീസ് തായ്ക്കര നിരാഹാരം തുടങ്ങി. 
രായമംഗലം ഗ്രാമപഞ്ചായത്തിലെ പ്ലൈവുഡ് മലിനീകരണത്തിനെതിരെ കഴിഞ്ഞ ഒക്‌ടോബര്‍ 31 നാണ് സേവ് രായമംഗലം പ്രക്ഷോഭം തുടങ്ങിയത്. ഗ്രാമപഞ്ചായത്ത് ഓഫീസിനു മുന്നില്‍ തുടര്‍ച്ചയായ സത്യാഗ്രഹമാണ് ആദ്യം സംഘടിപ്പിച്ചത്. എന്നാല്‍ സത്യാഗ്രഹ പന്തലിന് ആരോ തീയിട്ടതോടെ സമരം അവിടെനിന്ന് മാറ്റി. 
സമരത്തോട് പഞ്ചായത്ത് അധികൃതര്‍ പുലര്‍ത്തിയ കടുത്ത അവഗണനയില്‍ പ്രതിഷേധിച്ച് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.കെ മാത്തുക്കുഞ്ഞിന്റെ വീട്ടുപടിക്കലേക്കായിരുന്നു സമരം മാറ്റിയത്. പീച്ചനാംമുകളില്‍ തന്റെ വീടിന്റെ ഒരടി ദൂരത്തായി പ്ലൈവുഡ് കമ്പനിക്ക് അനുമതി നല്‍കിയ പഞ്ചായത്ത് അധികൃതര്‍ക്കെതിരെ ദളിത് വിധവയായ എം.കെ കാര്‍ത്ത്യായനിയാണ് ആദ്യം നിരാഹാര സമരത്തിന് തുടക്കം കുറിച്ചത്. കാര്‍ത്ത്യായനിയുടെ ആരോഗ്യനില മോശമായതിനെ തുടര്‍ന്ന് പോലീസ് ഇവരെ അറസ്റ്റ് ചെയ്ത് ആലുവ താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി.
അതേ തുടര്‍ന്ന് ജോര്‍ജ് പുള്ളോര്‍ക്കുടി നിരാഹാര സമരം ഏറ്റെടുത്തു. ആറു ദിവസം നീണ്ട നിരാഹാരത്തിനൊടുവില്‍ ജോര്‍ജിനേയും ആശുപത്രിയിലേക്ക് മാറ്റി. പിന്നീട് സി.പി ജെയിംസ് സമരപന്തലിലെത്തി. 
ഇപ്പോള്‍ സമരം ഏറ്റെടുത്തിട്ടുള്ള വരുഗീസ് തായ്ക്കര  കര്‍മ്മ സമിതിയുടെ തായ്ക്കരച്ചിറ മേഖല പ്രസിഡന്റാണ്. കോതമംഗലം റാഡോ ടയേഴ്‌സ് എംപ്ലോയീസ് അസോസിയേഷന്‍ ജനറല്‍ സെക്രട്ടറി കൂടിയാണ് വറുഗീസ്. വറുഗീസിന്റെ നിരാഹാരസമരത്തോടനുബന്ധിച്ച് ഇന്ന് കുറുപ്പംപടി ടൗണില്‍ പൊതുയോഗം സംഘടിപ്പിക്കുമെന്ന് കര്‍മ്മ സമിതി കേന്ദ്ര കമ്മിറ്റി ചെയര്‍മാന്‍ വറുഗീസ് പുല്ലുവഴി അറിയിച്ചു. പരിസ്ഥിതി പ്രവര്‍ത്തകന്‍ ഏലൂര്‍ ഗോപിനാഥ് സമ്മേളനം ഉദ്ഘാടനം ചെയ്യും.

മംഗളം 20.03.2014

No comments: