Wednesday, February 26, 2014

കാരുണ്യ ഹൃദയതാളം പദ്ധതി: സര്‍ക്കാര്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി വെങ്ങോല പഞ്ചായത്ത് പ്രസിഡന്റിനോട് വിശദീകരണം തേടി

പെരുമ്പാവൂര്‍: സംസ്ഥാന സര്‍ക്കാരിന്റെ കാരുണ്യ ബനവലന്റ് പദ്ധതിയുടെ മാതൃകയില്‍ വെങ്ങോല ഗ്രാമപഞ്ചായത്ത്  ആവിഷ്‌ക്കരിച്ച കാരുണ്യ ഹൃദയതാളം പദ്ധതി സംബന്ധിച്ച് ഗവണ്‍മെന്റ് പ്രിന്‍സിപ്പല്‍ സെക്രട്ടറി വിശദീകരണം തേടി.
ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം.എം അവറാനോടും പദ്ധതി കണ്‍വീനറായ പഞ്ചായത്തംഗം സി.എം അഷറഫിനോടുമാണ് പ്രിന്‍സിപ്പല്‍ സെക്രട്ടറി വിശദീകരണം തേടിയത്. സംസ്ഥാന സര്‍ക്കാര്‍ പദ്ധതിയുടെ മാതൃകയില്‍ വെങ്ങോലയില്‍ ആവിഷ്‌ക്കരിച്ച പദ്ധതിയുടെ പേരില്‍ സംഭാവന കൂപ്പണ്‍ അച്ചടിപ്പിച്ച് ധനസമാഹരണം നടത്തുന്നുവെന്ന പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു ഇത്.
പരാതി സംബന്ധിച്ച് പ്രിന്‍സിപ്പല്‍ സെക്രട്ടറി പഞ്ചായത്ത് ഡയറക്ടറുടെ റിപ്പോര്‍ട്ട് ആവശ്യപ്പെട്ടിരുന്നു. പഞ്ചായത്തു ഭരണ സമിതിയുടെ അറിവോ സമ്മതമൊ ഇല്ലാതെയാണ് പദ്ധതി നടപ്പാക്കിയത് എന്നായിരുന്നു ഡയറക്ടറുടെ റിപ്പോര്‍ട്ട്. ഈ സാഹചര്യത്തിലാണ് പ്രിന്‍സിപ്പല്‍ സെക്രട്ടറിക്കുവേണ്ടി അണ്ടര്‍ സെക്രട്ടറി എസ് ശരത് ചന്ദ്രന്‍ വശദീകരണം ആവശ്യപ്പെട്ട് കത്തു നല്‍കിയത്. ഈ മാസം 25 നകം സര്‍ക്കാരിന് മുന്നില്‍ വിശദീകരണം സമര്‍പ്പിക്കണമെന്നാണ് നിര്‍ദ്ദേശം.
കാരുണ്യ ഹൃദയതാളം പദ്ധതിക്കെതിരെ ഡ.വൈ.എഫ്.ഐ പ്രവര്‍ത്തകരാണ് സര്‍ക്കാരിനും ലോട്ടറി വകുപ്പിനും ഓംബുഡ്‌സ്മാനും പരാതി നല്‍കിയത്. പരാതിയെ തുടര്‍ന്ന് ഒരു സ്വകാര്യ ചാരിറ്റബിള്‍ സൊസൈറ്റി  രൂപീകരിച്ച് കേസില്‍ നിന്ന് ഒഴിയാനായി പഞ്ചായത്തുകമ്മിറ്റിയുടെ ശ്രമം. എന്നാല്‍ പദ്ധതിക്കുവേണ്ടി പഞ്ചായത്തു ഭരണ സമിതി അച്ചടിപ്പിച്ച നോട്ടീസുകളും കൂപ്പണുകളും ശക്തമായ തെളിവായി നിലനില്‍ക്കുകയാണ്.
സംഭവം വിവാദമായതിനെതുടര്‍ന്ന് പദ്ധതിക്ക് വേണ്ടി ഉണ്ടാക്കിയ ചാരിറ്റബിള്‍ സൊസൈറ്റിയില്‍ നിന്ന് പഞ്ചായത്തു മെമ്പര്‍മാര്‍ കൂട്ടത്തോടെ രാജിവയ്ക്കുകയായിരുന്നു. വെങ്ങോല കവലയില്‍ തുറന്ന ഓഫീസ് അടച്ചുപൂട്ടുകയും ചെയ്തു. ഈ സാഹചര്യത്തില്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി വിശദീകരണം ആവശ്യപ്പെട്ടതോടെ കാരുണ്യ ഹൃദയതാളം പദ്ധതി സംബന്ധിച്ച വിവാദം വീണ്ടും സജീവമാവുകയാണ്.

മംഗളം 26.02.2014

No comments: