Tuesday, February 25, 2014

രായമംഗലം ഗ്രാമപഞ്ചായത്തില്‍ 26.09 കോടിയുടെ ബജറ്റ്; ക്ഷേമ പെന്‍ഷനുകള്‍ക്ക് മാത്രം നാലുകോടി

പെരുമ്പാവൂര്‍: രായമംഗലം ഗ്രാമപഞ്ചായത്തില്‍ 26.09 കോടി രൂപയുടെ ബജറ്റ്. ഇതില്‍ നാലുകോടി രൂപ ചെലവഴിക്കുന്നത് ക്ഷേമപെന്‍ഷനുകള്‍ക്ക് മാത്രം.
സംസ്ഥാനത്തെ ആദ്യ സമ്പൂര്‍ണ്ണ പെന്‍ഷന്‍ പഞ്ചായത്തായി പ്രഖ്യാപിക്കപ്പെട്ട ഇവിടെ അറുപത് വയസു പൂര്‍ത്തിയായ എല്ലാവര്‍ക്കും പെന്‍ഷനുകള്‍ അനുവദിച്ചതായി ബജറ്റില്‍ വിശദീകരിക്കുന്നു. 2015 അവസാനത്തോടെ എല്ലാവര്‍ക്കും വീട് എന്ന കാഴ്ചപ്പാടില്‍ വിവിധ ഭവന പദ്ധതികള്‍ക്കായി 40 ലക്ഷം രൂപ മാറ്റി വച്ചിട്ടുണ്ട്. 
സമ്പൂര്‍ണ്ണ കുടിവെള്ള പഞ്ചായത്തായി മാറ്റുന്നതിന് വേണ്ടി ഇരുപത് ലക്ഷം രൂപയോളം മാറ്റി വച്ചിട്ടുണ്ട്. പുതിയ റോഡുകളും പാലങ്ങളും നിര്‍മ്മിയ്ക്കാനും നവീകരിക്കാനും 3.90 കോടി ചെലവഴിക്കും. കുറുപ്പംപടി ബസ് സ്റ്റാന്റില്‍ ഷോപ്പിങ്ങ് മാള്‍ നിര്‍മ്മിയ്ക്കാന്‍ ആദ്യഘട്ടമെന്ന നിലയില്‍ 8 കോടിയും ഹൈമാസ്റ്റ് വിളക്ക് സ്ഥാപിക്കുന്നതിന് 5.5 ലക്ഷം രൂപയും ചെലവഴിക്കും.
രോഗപ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കും മാലിന്യ നിവാരണത്തിനും 18 ലക്ഷം രൂപയും വിദ്യാഭ്യാസ പ്രവര്‍ത്തനങ്ങള്‍ക്ക് 15 ലക്ഷം രൂപയും പഞ്ചായത്തിന്റെ വിവിധ കെട്ടിടങ്ങളുടെ നിര്‍മ്മാണത്തിനും അറ്റകുറ്റപ്പണികള്‍ക്കും മുപ്പതു ലക്ഷവും ഉണ്ട്. 
പഞ്ചായത്ത് വൈസ് പ്രസിഡന്റ് അംബിക മുരളീധരന്‍ ബജറ്റ് അവതരിപ്പിച്ചു. പ്രസിഡന്റ് കെ.കെ മാത്തുക്കുഞ്ഞ് അദ്ധ്യക്ഷത വഹിച്ചു.

ജനങ്ങളെ അവഗണിക്കുന്ന ബജറ്റ്: രായമംഗലം 
ഗ്രാമപഞ്ചായത്തില്‍ പ്രതിപക്ഷത്തിന്റെ വാക്കൗട്ട് 

പെരുമ്പാവൂര്‍: ജനങ്ങളെ അവഗണിച്ചുകൊണ്ടുള്ള ബജറ്റ് അവതരിപ്പിച്ചതില്‍ പ്രതിഷേധിച്ച് രായമംഗലം ഗ്രാമപഞ്ചായത്ത് ഭരണ സമിതി യോഗത്തില്‍ നിന്ന് പ്രതിപക്ഷം ഇറങ്ങിപ്പോയി.
പ്രതിപക്ഷ അംഗങ്ങളായ എന്‍.പി അജയകുമാര്‍, ബിജു കുര്യാക്കോസ്, കൗസല്യ ശിവന്‍, സുകുമാരിയമ്മ, എ.കെ ഷാജി, മിനി തങ്കപ്പന്‍, ശാന്ത ഗോപാലന്‍, വി.കെ പത്മിനി എന്നിവരാണ് ഇറങ്ങിപ്പോയത്.
സമ്പൂര്‍ണ പെന്‍ഷന്‍ പഞ്ചായത്തായി ഡിസംബറില്‍ പ്രഖ്യാപനം നടന്നെങ്കിലും ഇതേ വരെ പുതിയതായി ആര്‍ക്കും പെന്‍ഷന്‍ ലഭിച്ചിട്ടില്ലെന്ന് പ്രതിപക്ഷം ആരോപിക്കുന്നു. തൊഴിലുറപ്പു പദ്ധതി ഫലപ്രദമായി നടപ്പാക്കിയില്ല. തരിശ് നെല്‍പ്പാടങ്ങള്‍ കൃഷി ചെയ്യാനുള്ള ഒരു പദ്ധതിയും ബജറ്റിലില്ല. 
ഭരണ സമിതി നാലാം വര്‍ഷത്തേക്ക് കടന്നെങ്കിലും ഭവന നിര്‍മ്മാണ പദ്ധതി പ്രകാരം കേവലം 25 പേരില്‍ താഴെയാണ് വീട് ലഭിച്ചവരുടെ എണ്ണം. കഴിഞ്ഞ ബജറ്റില്‍ രണ്ട് കോടി രൂപ ഇതിനായി ബജറ്റില്‍ കാണിച്ചെങ്കിലും ഫലത്തില്‍ ഒന്നുമുണ്ടായില്ല. ഈ വര്‍ഷം അഞ്ച് വീടുകള്‍ക്കായി പത്തുലക്ഷം രൂപ മാത്രമാണ് മാറ്റിവച്ചിട്ടുള്ളത്. 
രണ്ടുവര്‍ഷമായി പറഞ്ഞുകൊണ്ടിരിക്കുന്ന ഗാര്‍ഹിക ബയോഗ്യാസ് പദ്ധതി ഇതേവരെ നടപ്പായില്ല. ജനസൗഹൃദ വ്യവസായശാലകള്‍ എന്ന ബജറ്റ് പരാമര്‍ശം അസംബന്ധമാണ്. മരവ്യവസായവുമായി ബന്ധപ്പെട്ട നയങ്ങള്‍ക്കെതിരെ പഞ്ചായത്തിനു മുന്നില്‍ നാളുകളായി സമരം തുടരുകയാണ്. 
സാധാരണ ജനങ്ങളെ ബജറ്റ് പൂര്‍ണ്ണമായും അവഗണിച്ചതിനെതിരെയാണ്  ബജറ്റ് സമ്മേളനം ബഹിഷ്‌ക്കരിച്ചതെന്ന്  പ്രതിപക്ഷം പറയുന്നു..

മംഗളം 25.02.2014

No comments: