Friday, November 22, 2013

സേവ് രായമംഗലം: രണ്ടാംഘട്ട സമര പരിപാടികളുടെ ഭാഗമായി സായാഹ്ന ധര്‍ണകള്‍ തുടങ്ങി

പെരുമ്പാവൂര്‍: രായമംഗലം ഗ്രാമപഞ്ചായത്തിലെ ഇരുന്നൂറിലധികം  വരുന്ന പ്ലൈവുഡ്/പ്ലാസ്റ്റിക് കമ്പനികളുടെ മലിനീകരണത്തിനെതിരെ പരിസ്ഥിതി സംരക്ഷണ കര്‍മ്മ സമിതി തുടങ്ങിയ സമരം രണ്ടാം ഘട്ടത്തിലേക്ക്. ഇതിന്റെ ഭാഗമായി ഓരോ വാര്‍ഡുകളിലേയും പ്രധാന കേന്ദ്രങ്ങളില്‍ സംഘടിപ്പിക്കുന്ന സായാഹ്ന ധര്‍ണകള്‍ തുടങ്ങി. 
പുല്ലുവഴി തായ്ക്കരചിറങ്ങരയില്‍ നടന്ന ധര്‍ണ പ്രശസ്ത പരിസ്ഥിതി പ്രവര്‍ത്തകന്‍ ഏലൂര്‍ ഗോപിനാഥ് ഉദ്ഘാടനം ചെയ്തു. സമിതി കേന്ദ്ര കമ്മിറ്റി ചെയര്‍മാന്‍ വറുഗീസ് പുല്ലുവഴി അദ്ധ്യക്ഷത വഹിച്ചു.
ക്യാന്‍സര്‍ മരണങ്ങള്‍ രേഖപ്പെടുത്താന്‍ പഞ്ചായത്തില്‍ പ്രത്യേക രജിസ്റ്റര്‍ സൂക്ഷിക്കണമെന്നും കമ്പനികളുടെ നിരോധിക്കപ്പെട്ട രാത്രികാല പ്രവര്‍ത്തനം ഉടന്‍ നിര്‍ത്തലാക്കണമെന്നും യോഗത്തില്‍ ആവശ്യമുയര്‍ന്നു. ലേബര്‍ ക്യാമ്പില്‍ നിന്നും പുറംതള്ളുന്ന സെപ്റ്റിക് മാലിന്യങ്ങളും കമ്പനികള്‍ ഒഴുക്കുന്ന രാസമാലിന്യങ്ങളും കലര്‍ന്ന് ഒരേക്കറോളം വിസ്തൃതിയുള്ള തായ്ക്കരച്ചിറ നാശത്തിന്റെ വക്കിലാണെന്നും യോഗം ചൂണ്ടിക്കാട്ടി. 
കര്‍മ്മസമിതി ഭാരവാഹികളായ എം.കെ ശശിധരന്‍ പിള്ള, കെ.ജി സദാനന്ദന്‍, കെ.കെ വര്‍ക്കി, പി രാമചന്ദ്രന്‍ നായര്‍, ജിസ് എം കോരത്, പി.ആര്‍ ബിനു, കെ.ഡി രാജേഷ്‌കുമാര്‍, എ.ആര്‍ ജീവരാജന്‍, കെ.വി ചെറിയാന്‍, ജി മനോജ്, കെ.ഇ പൗലോസ്, അഡ്വ. ജോയി വെള്ളാഞ്ഞി, എം.വി ജോണി എന്നിവര്‍ പ്രസംഗിച്ചു.
സാജു തര്യന്‍, സി.വി വറുഗീസ്, ബെന്നി മുകുളത്ത്, ബാബു കിളിയാറ, നിഷാദ് കെ.എസ്, സുരേഷ് ചാമക്കാല, അനന്തു കെ.വി, മോഹനന്‍ എം.ടി, വറുഗീസ് മാലില്‍ എന്നിവര്‍ നേതൃത്വം നല്‍കി.

മംഗളം 22.11.2013

No comments: