Wednesday, November 20, 2013

വല്ലത്ത് സമരപന്തല്‍ തകര്‍ത്തു; സ്ത്രീകളടക്കം അഞ്ചുപേര്‍ക്ക് പരുക്ക്

ഇന്ന് വല്ലം കവലയില്‍ ഹര്‍ത്താല്‍

പെരുമ്പാവൂര്‍: പശനിര്‍മ്മാണ കമ്പനിയ്‌ക്കെതിരെ പ്രതിഷേധിച്ച സ്ത്രീകളടക്കമുള്ള വല്ലം പൗരസമിതി പ്രവര്‍ത്തകര്‍ക്ക് മര്‍ദ്ദനം. കമ്പനിയുടമകള്‍ സമരസമിതി പ്രവര്‍ത്തകരെ അടിച്ചോടിച്ച് സമര പന്തല്‍ തകര്‍ത്തുവെന്ന് പരാതി. ഇതില്‍ പ്രതിഷേധിച്ച് ഇന്ന് വല്ലം കവലയില്‍ ഇരുപത്തിനാലു മണിക്കൂര്‍ ഹര്‍ത്താല്‍.
സമരാനുകൂലികളായ ചെന്താര വീട്ടില്‍ സുധീര്‍ (35), പള്ളത്തുകുടി വീട്ടില്‍ സലിം (43), ഞാറ്റുകാല വീട്ടില്‍ അസീസ് (52), മല്ലശ്ശേരി വീട്ടില്‍ സഫീന റഹിം (30), തോട്ടത്തിക്കുളം വീട്ടില്‍ നസീറ ഇസ്ഹാക്ക് (30) എന്നിവര്‍ക്കാണ് പരുക്കേറ്റത്. ഇവരെ കുന്നത്തുനാട് താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇതില്‍ സുധീര്‍ സമരസമിതി സെക്രട്ടറിയും സലിം ട്രഷററുമാണ്. ഇരുവര്‍ക്കും കമ്പിവടിക്ക് തലയ്ക്ക് അടിയേറ്റിട്ടുണ്ട്.
കഴിഞ്ഞ ഒന്നര വര്‍ഷമായി പശനിര്‍മ്മാണ കമ്പനിയുമായി ബന്ധപ്പെട്ട് പൗരസമിതി പ്രവര്‍ത്തകര്‍ സമരത്തിലായിരുന്നു. ഇതു സംബന്ധിച്ച് ഹൈക്കോടതിയില്‍ കേസും നിലനില്‍ക്കുന്നുണ്ട്.
ഇന്നലെ കമ്പനിയുടെ പ്രവര്‍ത്തനം പുനരാരംഭിക്കുമെന്ന സൂചനയെ തുടര്‍ന്ന് സമരപന്തലില്‍ ഒത്തുകൂടിയ നാട്ടുകാര്‍ക്കെതിരെ യാതൊരു പ്രകോപനവും കൂടാതെയായിരുനനു ആക്രമണമെന്ന് സമരക്കാര്‍ പറയുന്നു. സമീപത്തെ വീടുകള്‍ക്ക് നേരെ കല്ലേറും ഉണ്ടായിട്ടുണ്ട്.
കമ്പനി ഉടമകളായ അമ്പാടന്‍ വീട്ടില്‍ സലാം, സഹോദരങ്ങളായ സക്കീര്‍, റഫീഖ് എന്നിവരും സിയാദ്, ഷംസാദ്, ബിനൂപ് എന്നിവരും കണ്ടാറിയാലുന്ന ഏഴോളം പേരും ചേര്‍ന്നാണ് ആക്രമണം നടത്തിയതെന്ന് പൗരസമിതി പ്രസിഡന്റ് കെ.എം മൊയ്തീന്‍ ആരോപിച്ചു.

മംഗളം 20.11.2013

No comments: