Tuesday, November 26, 2013

അശമന്നൂര്‍ ഞണ്ടാടിപ്പാടം നികത്തുന്നത് നാട്ടുകാര്‍ തടഞ്ഞു

പെരുമ്പാവൂര്‍: അശമന്നൂര്‍ ഗ്രാമപഞ്ചായത്തിലെ പ്രധാന തണ്ണീര്‍തടമായ ഞണ്ടാടിപ്പാടം നികത്തുന്നത് നാട്ടുകാര്‍ തടഞ്ഞു.
അശമന്നൂര്‍  പാണാട്ട് ജെയ്‌സണ്‍, കണിയത്ത് മടലാരി മെജിസണ്‍ എന്നിവരുടെ എന്നിവരുടെ മൂന്ന് പൂ നെല്‍കൃഷി ചെയ്തിരുന്ന ഒന്നര ഏക്കര്‍ പാടശേഖരമാണ് മണ്ണിട്ട് നികത്താന്‍ ശ്രമിച്ചത്. ഇതിന് പ്രാരംഭമായി ഹിറ്റാച്ചി ഉപയോഗിച്ച് ആറടി താഴ്ചയില്‍ മണ്ണുകോരി തിട്ട പിടിപ്പിച്ചു. നിലവില്‍ കപ്പകൃഷി ചെയ്തിരുന്ന ഇടമായിരുന്നു ഇത്.
ശനിയാഴ്ച രാവിലെ നിലം നികത്താന്‍ തുടങ്ങിയെങ്കിലും കര്‍ഷക തൊഴിലാളി യൂണിയന്‍ നേതാക്കളായ എന്‍.എന്‍ കുഞ്ഞ് , പി.പി മോഹന്‍ദാസ്, പി.ഒ ജെയിംസ് എന്‌നിവരുടെ ഇടപെടലിനെതുടര്‍ന്ന് വില്ലേജ് അധികൃതര്‍ പണി നിര്‍ത്തിവയ്പ്പിച്ചു. എന്നാല്‍ അന്ന് രാത്രി പത്തുമണിയോടെ തന്നെ വീണ്ടും നിലം നികത്തല്‍ പുനരാരംഭിക്കുകയായിരുന്നു. ഇതറിഞ്ഞെത്തിയ നാട്ടുകാര്‍ നികത്തല്‍ തടഞ്ഞു.
കഴിഞ്ഞവര്‍ഷം ഈ സ്ഥലം നികത്താന്‍ ശ്രമിച്ചിരുന്നെങ്കിലും വില്ലേജ് അധികൃതര്‍ സ്റ്റോപ്പ് മെമ്മോ നല്‍കിയതിനെതുടര്‍ന്ന് ശ്രമം ഉപേക്ഷിക്കേണ്ടിവന്നു. പാടശേഖര ഉടമകളില്‍ ഒരാളായ മെജിസന്റെ പിതാവ് മുന്‍ വാര്‍ഡ് മെമ്പറും നെടുങ്ങപ്ര സഹകരണ ബാങ്ക് പ്രസിഡന്റുമാണ്. ഇദ്ദേഹത്തിന്റെ രാഷ്ട്രീയ  സ്വാധീനം ഉപയോഗപ്പെടുത്തിയാണ് നിലം നികത്തലെന്ന് നാട്ടുകാര്‍ പറയുന്നു. നിലം നികത്തല്‍ നടക്കുന്ന സ്ഥലം കര്‍ഷകതൊഴിലാളി യൂണിയന്‍ ഏരിയ പ്രസിഡന്റ് ആര്‍.എം രാമചന്ദ്രന്‍ സന്ദര്‍ശിച്ചു.

മംഗളം 26.11.2013

No comments: