Wednesday, November 27, 2013

പ്ലാസ്റ്റിക് കമ്പനിയ്‌ക്കെതിരെ തണ്ടേക്കാട് ഏകദിന ഉപവാസം നടത്തി

 പെരുമ്പാവൂര്‍: തണ്ടേക്കാട് പ്ലാസ്റ്റിക് കമ്പനി നടത്തുന്നതിന് നല്‍കിയ അനുവാദം പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് ഏകദിന ഉപവാസം സംഘടിപ്പിച്ചു. 
ജമാഅത്ത് ഹയര്‍ സെക്കന്ററി സ്‌കൂളിനോട് ചേര്‍ന്ന് ജനവാസ മേഖലയില്‍ സ്ഥാപിച്ചിട്ടുള്ള പ്ലാസ്റ്റിക് കമ്പനിയില്‍ യന്ത്രങ്ങള്‍ സ്ഥാപിക്കുന്നതിന് വെങ്ങോല പഞ്ചായത്ത് അധികൃത നല്‍കിയ അനുമതി പിന്‍വലിക്കണമെന്നാവശ്യപ്പെട്ടാണ് കര്‍മ്മസമിതിയുടെ ആഭിമുഖ്യത്തില്‍ നാട്ടുകാര്‍ പഞ്ചായത്ത് ഓഫീസ് പടിക്കല്‍ ഏകദിന ഉപവാസസമരം നടത്തിയത്.
പരിസ്ഥിതി പ്രവര്‍ത്തകന്‍ വറുഗീസ് പുല്ലുവഴി ഉപവാസ സമരം ഉദ്ഘാടനം ചെയ്തു.
കമ്പനി പ്രവര്‍ത്തിക്കുന്നതുമൂലം  പരിസരവാസികള്‍ക്ക് ആരോഗ്യ പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുമെന്ന ജില്ലാ മെഡിക്കല്‍ ഓഫീസറുടെ റിപ്പോര്‍ട്ട് മുഖവിലക്കെടുക്കാതെയാണ് കമ്പനിക്ക് അനുവാദം നല്‍കിയിട്ടുള്ളതെന്നും പൊതുജന സുരക്ഷ ഉറപ്പുവരുത്താനുള്ള മാര്‍ഗനിര്‍ദ്ദേശങ്ങള്‍ക്ക്  വിരുദ്ധമായി പഞ്ചായത്ത് കമ്മിറ്റി എടുത്ത തീരുമാനം കുറ്റകരമാണെന്നും അദ്ദേഹം ആരോപിച്ചു. സമീപവാസികളുടെ പരാതി പരിഗണിക്കണമെന്ന ഹൈക്കോടി നിര്‍ദ്ദേശം പോലും തള്ളിക്കളഞ്ഞ് കമ്പനിക്കനുകൂലമായി തീരുമാനമെടുത്ത പഞ്ചായത്ത് അധികൃതര്‍ നടപടി പുനപരിശോധിക്കാനും അനുമതി റദ്ദ് ചെയ്യാനും തയ്യാറാവണമെന്നും വറുഗീസ് പുല്ലുവഴി ആവശ്യപ്പെട്ടു.
കമ്പനിയുടെ അനുമതി പിന്‍വലിക്കുന്നതുവരെ ജനകീയ സമരവുമായി മുന്നോട്ടുപോകാനാണ് കര്‍മ്മസമിതിയുടെ തീരുമാനമെന്ന് പ്രസിഡന്റ് മുഹമ്മദലി ഷിഹാബും സെക്രട്ടറി രഞ്ചുവും അറിയിച്ചു.
കര്‍മ്മസമതി പ്രസിഡന്റ് മുഹമ്മദലി ഷിഹാബ് അദ്ധ്യക്ഷത വഹിച്ചു. സി.കെ പ്രസന്നന്‍, എം.കെ ശശിധരന്‍പിള്ള, ടി.എ വറുഗീസ്, പി രഞ്ചു, പി ശ്രീജിത്, ജിതിന്‍ ഷാജി, രഞ്ജിനി ഷാജി, ഇന്ദിര പുരുഷോത്തമന്‍, കൃഷ്ണകുമാര്‍, നിധിന്‍ ഷാജി, അഖില്‍ വേണുഗോപാല്‍ എന്നിവര്‍ പ്രസംഗിച്ചു.

മംഗളം 27.11.2013

No comments: