Friday, November 22, 2013

ചട്ടക്കൂടുകള്‍ക്ക് അപ്പുറത്തുള്ള ചിന്തകള്‍ നൂറ്റാണ്ടിന് ആവശ്യം: കേന്ദ്ര സഹമന്ത്രി ശശി തരൂര്‍

പെരുമ്പാവൂര്‍: ചട്ടക്കൂടുകള്‍ പൊളിച്ചുമാറ്റുന്ന നൂതന ചിന്തകള്‍ നൂറ്റാണ്ടിനാവശ്യമുണ്ടെന്ന് കേന്ദ്ര മാനവ ശേഷി വികസന വകുപ്പ് സഹമന്ത്രി ഡോ.ശശി തരൂര്‍ അഭിപ്രായപ്പെട്ടു. പുല്ലുവഴി ജയകേരളം ഹയര്‍ സെക്കന്ററി സ്‌കൂളില്‍ നടന്ന പി.ജി അനുസ്മരണവും അനുമോദന സമ്മേളനവും ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. പി.ഗോവിന്ദപ്പിള്ള കമ്മ്യൂണിസ്റ്റ് സഹയാത്രികനായിരുന്നെങ്കിലും സ്വന്തം ആശയങ്ങളും ചിന്താഗതികളും ഒരുകാലത്തും കൈമോശപ്പെടുത്തിയിരുന്നില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
മനുഷ്യസ്‌നേഹവും അറിവു നേടാനുള്ള ദാഹവും സമന്വയിച്ച വ്യക്തിത്വമായിരുന്നു ഗോവിന്ദപ്പിള്ളയുടേതെന്ന് പ്രൊഫ.എം.കെ സാനു അനുസ്മരിച്ചു. കെ.പി ധനപാലന്‍ എം.പി സമ്മേളനത്തില്‍ അദ്ധ്യക്ഷത വഹിച്ചു. ആധുനിക സിദ്ധാന്തങ്ങള്‍ പോലും ലളിതമായ ഭാഷയില്‍ വ്യാഖ്യാനിക്കാന്‍ പി.ജിയ്ക്ക് ഉണ്ടായിരുന്ന കഴിവ് അസൂയപ്പെടുത്തുന്നതായിരുന്നുവെന്നും സാനുമാഷ് അഭിപ്രായപ്പെട്ടു. 
ദേശീയ അദ്ധ്യാപക അവാര്‍ഡ് ജേതാവ് ഡോ.വി സനല്‍കുമാറിന് ശശിതരൂര്‍ ഉപഹാരം നല്‍കി അനുമോദിച്ചു. ഡോ സനല്‍കുമാര്‍ തയ്യാറാക്കിയ ചരിത്ര-പുരാവസ്തു ചിത്ര പ്രദര്‍ശനവും കേന്ദ്ര മന്ത്രി ഉദ്ഘാടനം ചെയ്തു. പി.ജി സ്മരണിക പ്രൊഫ.എം.കെ സാനു പ്രകാശനം ചെയ്തു.
സാജുപോള്‍ എം.എല്‍.എ, അഡ്വ.എന്‍.സി മോഹനന്‍, എം.ജി രാധാകൃഷ്ണന്‍, എസ് ശിവശങ്കരപ്പിള്ള, കെ ഇന്ദിരാവതിയമ്മ, കെ.കെ മാത്തുക്കുഞ്ഞ്, സിസിലി തോമസ്, കെ.എം മത്തായി, ടി.എന്‍ മുരുകേശന്‍, എസ് ജ്യോതിഷ് കുമാര്‍, എന്‍.എസ് ലത, മോളി എബ്രഹാം, കെ.സി സജീവന്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.

മംഗളം 22.11.2013

No comments: