Thursday, November 21, 2013

കുന്നത്തുനാട് റബര്‍ മാര്‍ക്കറ്റിങ്ങ് സൊസൈറ്റിയ്ക്ക് എതിരെയുള്ള ആരോപണങ്ങള്‍ തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ടുള്ളതെന്ന് ഭരണസമിതി

പെരുമ്പാവൂര്‍: കുന്നത്തുനാട് റബര്‍ മാര്‍ക്കറ്റിങ്ങ് സൊസൈറ്റിയ്ക്ക് എതിരെ ഉയര്‍ന്നു വന്നിട്ടുള്ള ആരോപണങ്ങളും അന്വേഷണ റിപ്പോര്‍ട്ടും വരാന്‍ പോകുന്ന സംഘം തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ടുള്ളതാണെന്ന് ഭരണ സമിതി. റിപ്പോര്‍ട്ട് തയ്യാറാക്കിയ  സഹകരണ സംഘം ജോയിന്റ് രജിസ്ട്രാര്‍ മറ്റാര്‍ക്കോ വേണ്ടി പ്രവര്‍ത്തിക്കുകയായിരുന്നുവെന്ന് വേണം മനസിലാക്കാനെന്നും സൊസൈറ്റി പ്രസിഡന്റ് കെ.ടി ബോസ്, ഡയറക്ടര്‍ ബോര്‍ഡ് അംഗം മുന്‍ മന്ത്രി ടി.എച്ച് മുസ്തഫ എന്നിവര്‍ വാര്‍ത്താ സമ്മേളനത്തില്‍ ആരോപിച്ചു.
2011-12 സാമ്പത്തിക വര്‍ഷം കല്ലട ട്രേഡേഴ്‌സിന് ബാങ്ക് ചെക്കിന്റെ ഈടില്‍ റബര്‍ നല്‍കിയ വകയില്‍ 5040028 രൂപ കിട്ടാതെ പോയതുമായി ബന്ധപ്പെട്ടാണ് സൊസൈറ്റിയ്ക്ക് എതിരെയുള്ള എല്ലാ ആരോപണങ്ങളും. ഇതു ബാങ്കിന് വന്‍ നഷ്ടമുണ്ടാക്കിയെന്നും അതിനു കാരണം ഭരണ സമിതിയുടെ കെടുകാര്യസ്ഥതയാണെന്നുമാണ് ജോയിന്റ് രജിസ്ട്രാര്‍ തയ്യാറാക്കിയ നോട്ടീസിലുള്ളത്. അതിനാല്‍ നിലവിലുള്ള ഭരണ സമിതി പിരിച്ചുവിട്ട് അഡ്മിനിസ്‌ട്രേറ്റര്‍ ഭരണം ഏര്‍പ്പെടുത്തണമെന്നും നോട്ടീസിലുണ്ട്.
എന്നാല്‍, സൊസൈറ്റി കല്ലട ട്രേഡേഴ്‌സുമായുള്ള വ്യാപാരബന്ധം വര്‍ഷങ്ങള്‍ക്ക് മുമ്പ് തുടങ്ങിയതാണെന്നും കോടികളുടെ വ്യാപാരം ഇതിനോടകം നടത്തിയിട്ടുണ്ടെന്നും പ്രസിഡന്റ് വിശദീകരിച്ചു. ഏറ്റവും കൂടിയ വിലയ്ക്കായിരുന്നു എല്ലാ ഇടപാടുകളും. എന്നാല്‍ അവസാനവട്ടം കല്ലട ട്രേഡേഴ്‌സ് നടത്തിയ ഇടപാടില്‍ ചെക്കു മടങ്ങി. സ്ഥാപന നടത്തിപ്പുകാരന്‍ മുങ്ങുകയും ചെയ്തു.
ഈ സാഹചര്യത്തില്‍ സൊസൈറ്റി, കല്ലട ട്രേഡേഴ്‌സിനെതിരെ സിവിലും ക്രിമിനലുമായ നിയമ നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്. മുങ്ങിയ ഇടപാടുകാരനെ പോലീസില്‍ പരാതി നല്‍കി കണ്ടെത്തി. അയാള്‍ നല്‍കാനുള്ള തുക ഈടാക്കാനുള്ള നടപടികള്‍ അവസാനഘട്ടത്തിലാണ്.
ഈ സമയത്ത്, രണ്ടു വര്‍ഷം മുമ്പ് നടന്ന സംഭവം വീണ്ടും ഉയര്‍ത്തി കൊണ്ടുവന്നതിന് പിന്നില്‍ ഗൂഢലക്ഷ്യങ്ങളുണ്ടെന്ന് ടി.എച്ച് മുസ്തഫ പറയുന്നു. ഭരണസമിതിയെ സസ്‌പെന്റ് ചെയ്താല്‍ താനുള്‍പ്പടെയുള്ളവര്‍ക്ക് മത്സരിക്കാന്‍ കഴിയില്ല. അങ്ങനെ തങ്ങളെ ഇല്ലാതാക്കുകയാണ് ഗൂഢാലോചനക്കാരുടെ ലക്ഷ്യം. എന്നാല്‍, കുറ്റമറ്റ രീതിയില്‍ പ്രവര്‍ത്തിക്കുന്ന സ്ഥാപനത്തിനെതിരെ ആരോപണങ്ങളുമായി വരുന്നവര്‍ അഴിമതിയില്‍ കുളിച്ചു നില്‍ക്കുന്നവരാണെന്നും അവരുടെ ആഗ്രഹങ്ങള്‍ നടക്കാന്‍ പോകുന്നില്ലെന്നും മുസ്തഫ പറഞ്ഞു. സൊസൈറ്റിയില്‍ ഏറ്റവും കൂടുതല്‍ ആളുകള്‍ അംഗങ്ങളായി ചേര്‍ന്ന വര്‍ഷം ഇതാണെന്നും ഭാരവാഹികള്‍ അവകാശപ്പെട്ടു.

മംഗളം 21.11.2013

No comments: