Tuesday, November 19, 2013

സാംസ്‌കാരിക പൈതൃകങ്ങളുടെ നേര്‍ക്കാഴ്ചകളുമായി ദേശീയ അദ്ധ്യാപക പുരസ്‌കാര ജേതാവ്

ഡോ.സനല്‍ കുമാര്‍


പെരുമ്പാവൂര്‍: ദേശീയോദ്ഗ്രഥനത്തിനായി സാംസ്‌കാരിക പൈതൃക അവബോധം ഉണര്‍ത്താന്‍ ചരിത്ര പുരാവസ്തു കണ്ടെത്തലുകളുടെ നേര്‍ക്കാഴ്ചകളുമായി ദേശീയ അദ്ധ്യാപക പുരസ്‌കാര ജേതാവ്.
ഹയര്‍ സെക്കന്ററി തലത്തിലുള്ള പ്രഥമ ദേശീയ അദ്ധ്യാപക പുരസ്‌കാരം നേടിയ ഡോ. വി സനല്‍കുമാറാണ് പാലക്കാട് ജില്ലയില്‍ നടത്തിയ ഗവേഷണങ്ങളോട് അനുബന്ധിച്ച് പകര്‍ത്തിയ അഞ്ഞൂറോളം അപൂര്‍വ്വ ചിത്രങ്ങള്‍  പ്രദര്‍ശിപ്പിക്കാനൊരുങ്ങുന്നത്.  പാലിയോ ലിത്തിക്, മെസോലിത്തിക്, നിയോലിത്തിക്, മെഗാലിത്തിക് എന്നിങ്ങനെയുള്ള പ്രാചീന ചരിത്ര കാലഘട്ടങ്ങളുമായി ബന്ധപ്പെട്ട കണ്ടെത്തലുകളാണ് ഇവ.  പ്രാചീനകാല ഗുഹാ സങ്കേതങ്ങള്‍, ശിലാ ലിഖിതങ്ങള്‍, തകര്‍ന്നടിഞ്ഞ ക്ഷേത്രങ്ങള്‍, സ്മാരകങ്ങള്‍, ടെറാക്കോട്ട-കരിങ്കല്‍ ശില്‍പങ്ങള്‍, നാണയങ്ങള്‍ എന്നിങ്ങനെ പഴയകാല കാഴ്ചകള്‍ പ്രദര്‍ശനത്തിനുണ്ടാവും.
പുല്ലുവഴി ജയകേരളം ഹയര്‍ സെക്കന്ററി സ്‌കൂള്‍ അദ്ധ്യാപകനായ ഇദ്ദേഹത്തിന് സംസ്ഥാന സര്‍ക്കാരിന്റ മികച്ച അദ്ധ്യാപകനുള്ള അംഗീകാരവും ലഭിച്ചിരുന്നു. ഭൂമി ശാസ്ത്ര സംബന്ധിയായ നിരവധി അന്താരാഷ്ട്ര സെമിനാറുകളില്‍ പ്രബന്ധങ്ങള്‍ അവതരിപ്പിച്ചിട്ടുള്ള ഇദ്ദേഹം പാലക്കാട് കൊല്ലങ്ങോട് നെന്മേനി സ്വദേശിയാണ്. 
ഡോ.സനല്‍കുമാറിനെ അനുമോദിക്കാന്‍ 21 ന് ജയകേരളം സ്‌കൂളില്‍ ചേരുന്ന ചടങ്ങില്‍ കേന്ദ്ര സഹമന്ത്രി ശശി തരൂര്‍ ചിത്രപ്രദര്‍ശനം ഉദ്ഘാടനം ചെയ്യും.

മംഗളം 19.11.2013

No comments: