Thursday, November 14, 2013

ആധാരമെഴുത്ത് കമ്പ്യൂട്ടര്‍വല്‍ക്കരിച്ച രാജലക്ഷ്മി അവഗണന

ശ്രേഷ്ഠ മലയാള വര്‍ഷാചരണം

പെരുമ്പാവൂര്‍: ശ്രേഷ്ഠ മലയാള വര്‍ഷാചരണം നടക്കുമ്പോഴും ആധാരങ്ങള്‍ ആദ്യമായി മലയാളം ഡി.ടി.പി ചെയ്ത വനിതക്ക് അംഗീകാരങ്ങളില്ല. 
പെരുമ്പാവൂര്‍ പോലീസ് സ്റ്റേഷനോട് ചേര്‍ന്ന് കൃഷ്ണ ഡി.ടി.പി സെന്റര്‍ നടത്തുന്ന വളയന്‍ചിറങ്ങര
വിജയവിലാസം  ബാലകൃഷ്ണന്റെ ഭാര്യ എ വി രാജലക്ഷ്മി (49) യാണ് അംഗീകാരങ്ങളൊന്നുമില്ലാതെ തൊഴില്‍ രംഗത്ത് ഇപ്പോഴും തുടരുന്നത്. മലയാളഭാഷയുടെ ഓണ്‍ലൈന്‍ രജിസ്‌ട്രേഷനുള്ള ലൈസന്‍സിനുവേണ്ടി രാജലക്ഷ്മി മുട്ടാത്ത വാതിലുകളില്ല.
മലയാള ഭാഷയെ കമ്പ്യൂട്ടര്‍വല്‍ക്കരിക്കുന്നതില്‍ തന്റേതായ പങ്കുവഹിച്ച ഇവര്‍ ആധാരങ്ങളുടെ ഓണ്‍ലൈന്‍ രജിസ്‌ട്രേഷനും ജനന/മരണ ഓണ്‍ലൈന്‍ രജിസ്‌ട്രേഷനുമുള്ള അനുമതിക്കും വേണ്ടിയാണ് ശ്രമങ്ങള്‍ നടത്തിയത്. മുന്‍കൂര്‍ പരിചയവും പ്രശംസനീയമായ വിധം ജോലി ചെയ്യുന്ന വ്യക്തിയുമായതിനാല്‍ ഇത് ഒരു പ്രത്യേക കേസായി കണക്കാക്കി അനുഭാവപൂര്‍വ്വം പരിഗണിക്കണമെന്നാവശ്യപ്പെട്ട് ജില്ലാ കളക്ടറുടെ ഓഫീസില്‍ നിന്നും രജിസ്‌ട്രേഷന്‍ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറിക്ക് റിപ്പോര്‍ട്ട് നല്‍കിയെങ്കിലും നടപടിയുണ്ടായില്ല. 
വെണ്ടറായ ബാലകൃഷ്ണനെ 1983-ല്‍ വിവാഹം ചെയ്യുന്നതോടെയാണ് രാജലക്ഷ്മി ആധാരങ്ങളുടെ ലോകത്തേക്ക് എത്തുന്നത്. പ്രീഡിഗ്രിയായിരുന്നു വിദ്യാഭ്യാസ യോഗ്യത. ഭര്‍ത്താവിന്റെ പാത പിന്തുടര്‍ന്ന് 1985 ല്‍ കൈപ്പട പരീക്ഷയെഴുതി ഡോക്യുമെന്റേഷന്‍ മേഖലയിലെത്തിയ രാജലക്ഷ്മി 94-ല്‍ കമ്പ്യൂട്ടര്‍ പഠനം തുടങ്ങി. അതോടെ ആധാരമെഴുത്ത് കമ്പ്യൂട്ടറിലായാലോ എന്നായി ചിന്ത. അന്ന് കമ്പ്യൂട്ടര്‍ നാട്ടില്‍ കിട്ടാന്‍ എളുപ്പമല്ല. ഗോവയില്‍ നിന്നാണ് തന്റെ സ്ഥാപനത്തിലേക്ക് കമ്പ്യൂട്ടര്‍ എത്തിച്ചത്. മൂന്നാഴ്ചയോാളം ചെക്‌പോസ്റ്റില്‍ തടഞ്ഞിട്ടശേഷമാണ് രാജലക്ഷ്മിക്ക് കമ്പ്യൂട്ടര്‍ ലഭിക്കുന്നത്. 
തന്റെ സ്ഥാപനത്തില്‍ കമ്പ്യൂട്ടര്‍ സ്ഥാപിച്ച ഈ  സ്ത്രീ പത്രിക  എന്ന മലയാളം സോഫ്റ്റ് വെയര്‍ ഇന്‍സ്റ്റാള്‍ ചെയ്താണ് ആധാരമെഴുത്തിനെ കീബോര്‍ഡിലേക്ക് എത്തിച്ചത്. 
വ്യവസായ വകുപ്പിന്റെ ലൈസന്‍സും രജിസ്‌ട്രേഷന്‍ വകുപ്പിന്റെ കൈപ്പട ലൈസന്‍സും ഒരുമിച്ച് അറ്റാച്ച് ചെയ്ത് നേടിയ രാജലക്ഷ്മിയെ തേടി ഹിന്ദി പ്രചാരക് സമിതിയുടെ കര്‍മ്മസേവ പുരസ്‌കാരം എത്തിയെങ്കിലും മലയാളം അവഗണിക്കുകയായിരുന്നു. 
രോഗബാധിതനായിരുന്ന മകന്‍ പ്രജേഷ് അടുത്തിടെയാണ് മരിച്ചത്. അനുപമയാണ് മകള്‍. ശ്രേഷ്ഠ മലയാള വര്‍ഷാചരണം പൂര്‍ത്തിയാകും മുമ്പെങ്കിലും മാതൃഭാഷയുടെ പേരിലുള്ള എന്തെങ്കിലും അംഗീകാരം ലഭിക്കുമെന്ന പ്രതീക്ഷയിലാണ് ഇവര്‍.

മംഗളം 14.11.2013

No comments: