Friday, November 29, 2013

ഒക്കല്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റിനെതിരെ നിയമസഭാ പെറ്റീഷന്‍ കമ്മിറ്റിക്ക് പരാതി നല്‍കും

കള്ളക്കേസില്‍ കുടുക്കാന്‍ ശ്രമം

പെരുമ്പാവൂര്‍: പരിസ്ഥിതി പ്രവര്‍ത്തകരെ കള്ളക്കേസില്‍ കുടുക്കാന്‍ ശ്രമിക്കുന്ന ഒക്കല്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റിനെതിരെ നിയമസഭാ പെറ്റീഷന്‍ കമ്മിറ്റിക്കും എ.ഐ.സി.സിക്കും പരിസ്ഥിതി സംരക്ഷണ കര്‍മ്മ സമിതി പ്രവര്‍ത്തകര്‍ പരാതി നല്‍കും. 
കുളത്തുങ്ങമാലി പട്ടികജാതി കോളനിയോടു ചേര്‍ന്ന് പ്രവര്‍ത്തിക്കുന്ന ആക്‌സണ്‍സ് പ്ലൈവുഡ് കമ്പനിക്ക് എതിരെ സമരം നയിക്കുന്ന വി.എസ് ഷൈബുവിനെയാണ് ഒക്കല്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അന്‍വര്‍ മുണ്ടേത്ത് കള്ളക്കേസില്‍ കുടുക്കാന്‍ ശ്രമിച്ചത്. അന്‍വര്‍ മുണ്ടേത്ത് വല്ലം പശനിര്‍മ്മാണ കമ്പനി ഉടമകളില്‍ നിന്ന് പണവാങ്ങിയെന്ന് ധ്വനിപ്പിക്കുന്ന ഫ്‌ളക്‌സ് ബോര്‍ഡുകളിലെ ചിത്രങ്ങള്‍ തയ്യാറാക്കിയെന്നാരോപിച്ചാണ് ഷൈബുവിനെതിരെ പോലീസില്‍ പരാതി നല്‍കിയത്. ഇതേ തുടര്‍ന്ന് പോലീസ് ഷൈബുവിനെ ബലമായി പിടികൂടി ജീപ്പില്‍ കയറ്റി സ്റ്റേഷനില്‍ എത്തിച്ച് ചോദ്യം ചെയ്യുകയായിരുന്നു.
വല്ലം പശനിര്‍മ്മാണ കമ്പനിക്കെതിരെ നടക്കുന്ന സമരവുമായി കുളത്തുങ്ങമാലി കര്‍മ്മ സമിതിക്ക് യാതൊരു ബന്ധവുമില്ലെന്ന് സമിതി പ്രസിഡന്റ് ബിനു കുളത്തുങ്ങമാലി പറയുന്നു. വല്ലം സമര സമിതി സ്ഥാപിച്ച ബോര്‍ഡുകളുടെ പേരില്‍ പട്ടികജാതിക്കാരനായ ഷൈബുവിനെ പ്രതിയാക്കുന്നത് ദുരുദ്ദേശപരമാണെന്നു കാട്ടിയാണ് പരാതി നല്‍കുന്നത്. 
ആക്‌സണ്‍ കമ്പനി ഉടമകള്‍ കുളത്തുങ്ങമാലി പട്ടികജാതി കോളനിയില്‍ രണ്ടു വട്ടം സെപ്റ്റിക് ടാങ്ക് മാലിന്യം തള്ളിയിട്ടും ചെറുവിരല്‍പോലും അനക്കാന്‍ തയ്യാറാകാത്ത പോലീസ് സമര സമിതി നേതാവിനെതിരെ കള്ളക്കേസ് ചുമത്താന്‍ കൂട്ടു നില്‍ക്കുകയാണെന്നും സമിതി ഭാരവാഹികള്‍ കുറ്റപ്പെടുത്തി. 
ഇതിനെതിരെ ചേര്‍ന്ന പ്രതിഷേധയോഗം പരിസ്ഥിതി സംരക്ഷണ കര്‍മ്മ സമിതി കേന്ദ്രകമ്മിറ്റി ചെയര്‍മാന്‍ വറുഗീസ് പുല്ലുവഴി ഉദ്ഘാടനം ചെയ്തു. ബിനു കുളത്തുങ്ങമാലി അദ്ധ്യക്ഷത വഹിച്ചു. സമിതി ഭാരവാഹികളായ സി.കെ പ്രസന്നന്‍, എം.കെ ശശിധരന്‍ പിള്ള, കെ.ജി സദാനന്ദന്‍, പി.എസ് ഷൈബു, കെ.കെ സുധീഷ്, കെ.എ ബിജു, ലളിത നാരായണന്‍, ദീപ ഷൈബു തുടങ്ങിയവര്‍ പ്രസംഗിച്ചു.

മംഗളം 29.11.2013

No comments: