Monday, October 28, 2013

സ്ഥാനം തെറ്റിയുള്ള കുത്തിവെയ്പ്പ്: കൈ തളര്‍ന്നുപോയെന്ന് പരാതി

പെരുമ്പാവൂര്‍: തെറ്റായ സ്ഥാനത്ത് കുത്തിവെയ്പ്പ് നല്‍കിയതിനെ തുടര്‍ന്ന് യുവാവിന്റെ കൈ തളര്‍ന്നുപോയെന്ന് കാണിച്ച് കുന്നത്തുനാട് താലൂക്ക് ആശുപത്രിക്കെതിരെ പരാതി. 
ആലാട്ടുചിറ ചീനിക്കല്‍ വീട്ടില്‍ ലീലാ ശിവരാജനാണ് മകന്റെ ചികിത്സിയിലുണ്ടായ വീഴ്ചക്കെതിരെ വകുപ്പുമന്ത്രി, ജില്ലാ മെഡിക്കല്‍ ഓഫീസര്‍, സ്ഥലം എം.എല്‍.എ, കുന്നത്തുനാട് താലൂക്ക് ആശുപത്രി സൂപ്രണ്ട് എന്നിവര്‍ക്ക് പരാതി നല്‍കിയിട്ടുള്ളത്. 
കഴിഞ്ഞ 21 നാണ് സംഭവം. ബൈക്ക് ആക്‌സിഡന്റ് ഉണ്ടായതിനെ തുടര്‍ന്നാണ് ലീലാ ശിവരാജന്‍ മകന്‍ ശരത്തിനെ താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. കാഷ്വാലിറ്റിയില്‍ അന്നുണ്ടായിരുന്ന നഴ്‌സാണ് ഇഞ്ചക്ഷന്‍ എടുത്തത്. കുുത്തിവച്ച ഉടനെ കയ്യിന് അസഹ്യമായ വേദനയും തലകറക്കവും അനുഭവപ്പെട്ടു. ഈ സമയം പരിഹാരത്തിന് ശ്രമിക്കാതെ നഴ്‌സ് ഇവരോട് അപമര്യാദയായി പെരുമാറിയെന്നും പരാതിയിലുണ്ട്. 
അഞ്ചുമണിയോടെ ആശുപത്രിയില്‍ നിന്ന് വീട്ടിലേക്ക് വന്നെങ്കിലും വേദനയും അസ്വസ്ഥതകളും മാറിയില്ല. തുടര്‍ച്ചയായ നാലു ദിവസം ഭക്ഷണം കഴിക്കാനൊ ഉറങ്ങാനൊ കഴിയാത്ത സ്ഥിതി തുടര്‍ന്നതോടെ ഇവര്‍ മറ്റൊരു ആശുപത്രിയില്‍ ചികിത്സ തേടി. അപ്പോഴാണ് ഇഞ്ചക്ഷന്റെ സ്ഥാനം മാറിയതാണ്  പ്രശ്‌നങ്ങള്‍ക്ക് കാരണമെന്ന് വ്യക്തമായത്. 
ഇപ്പോള്‍ ശരത്തിന് വലതുകൈ ചലിപ്പിക്കാനാവാത്ത അവസ്ഥയാണ്. ഈ സാഹചര്യത്തില്‍ അശ്രദ്ധയോടെ ജോലി ചെയ്തവര്‍ക്കെതിരെ നടപടി ഉണ്ടാകണമെന്നാവശ്യപ്പെട്ടാണ് അമ്മയുടെ പരാതി.

മംഗളം 27.10.2013

No comments: