Tuesday, October 22, 2013

വെങ്ങോലയില്‍ വില്ലേജ് ഓഫീസര്‍ ഇല്ല; പ്രക്ഷോഭവുമായി വിവിധ സംഘടനകള്‍

പെരുമ്പാവൂര്‍: വെങ്ങോല പാറമട ദുരന്തത്തിന്റെ  പശ്ചാത്തലത്തില്‍ വില്ലേജ് ഓഫീസറെ സസ്‌പെന്റ് ചെയ്തതിനെതുടര്‍ന്ന് പകരം നിയമനം നടക്കാത്തതിനാല്‍ ജനം വലയുന്നു. അടിയന്തിരമായി വില്ലേജ് ഓഫീസറെ നിയമിക്കണമെന്ന ആവശ്യവുമായി വിവിധ സംഘടനകള്‍ രംഗത്ത്. 
മുസ്ലിം ലീഗ് പഞ്ചായത്തു കമ്മിറ്റിയും വെല്‍ഫെയര്‍ പാര്‍ട്ടി പെരുമ്പാവൂര്‍ മണ്ഡലം കമ്മിറ്റിയുമാണ് ഈ ആവശ്യവുമായി രംഗത്തുവന്നിട്ടുള്ളത്. മുസ്ലിം ലീഗ് വില്ലേജ് ഓഫീസറെ നിയമിക്കണമെന്നാവശ്യപ്പെട്ട് യു.ഡി.എഫ് കണ്‍വീനര്‍ പി.പി തങ്കച്ചന് നിവേദനം നല്‍കിയിട്ടുണ്ട്. ഇതേ ആവശ്യം ഉന്നയിച്ച് വെല്‍ഫെയര്‍ പാര്‍ട്ടി പ്രമേയം പാസാക്കുകയും ചെയ്തു.
വില്ലേജില്‍ നിന്നു കിട്ടേണ്ട വരുമാന, ബാധ്യത, ജാതി സര്‍ട്ടിഫിക്കറ്റുകളൊന്നും നാളുകളായി ഇവിടെ നിന്നു ലഭിക്കുന്നില്ല. റീ സര്‍വെ സംബന്ധിച്ച പരാതികളിലും തീര്‍പ്പില്ല. സ്ഥല നിര്‍ണയത്തിന്റെ അപാകതമൂലം പലര്‍ക്കും വീട് നിര്‍മ്മിക്കാന്‍ കഴിയാത്ത സ്ഥിതിയാണ്. സാമ്പത്തികമായ ആവശ്യം ഉള്ളവര്‍ക്ക് വസ്തു വില്‍പ്പന നടത്താന്‍ പോലും കഴിയുന്നില്ല. വ്യവസായ വാണിജ്യ സ്ഥാപന ഉടമകളും വില്ലേജ് ഓഫീസറുടെ സേവനം ഇല്ലാത്തതിനാല്‍ പ്രതിസന്ധിയിലായി.
മുസ്ലിം ലീഗ് പഞ്ചായത്ത് കമ്മിറ്റി മുഖ്യ മന്ത്രിയുടെ ജനസമ്പര്‍ക്ക പിരപാടിയിലേക്ക് പരാതി നല്‍കാനുള്ള തീരുമാനത്തിലാണെന്ന് പ്രസിഡന്റ് കെ.പി അബ്ദുള്‍ ജലാല്‍, ജനറല്‍ സെക്രട്ടറി എം.എം അഷറഫ് എന്നിവര്‍ അറിയിച്ചു.
വെല്‍ഫെയര്‍ പാര്‍ട്ടിയുടെ മണ്ഡലം കമ്മിറ്റി യോഗത്തില്‍ പ്രസിഡന്റ് തോമസ് കെ ജോര്‍ജ് അദ്ധ്യക്ഷത വഹിച്ചു. വി.എം അഷറഫാണ് പ്രമേയം അവതരിപ്പിച്ചത്. ചമയം മുഹമ്മദുകുഞ്ഞ്, ടി.എ സജു, എം.ഐ അഷറഫ്, പി.എ സിദ്ദിഖ് തുടങ്ങിയവര്‍ പ്രസംഗിച്ചു.

മംഗളം 22.10.2010

No comments: