Friday, August 2, 2013

ആലുവ-മൂന്നാര്‍ റോഡില്‍ വെള്ളക്കെട്ട്; അധികൃതര്‍ക്ക് അവഗണന

പെരുമ്പാവൂര്‍: ആലുവ-മൂന്നാര്‍ റോഡില്‍ ആശ്രമം സ്‌കൂള്‍ പരിസരത്തെ വെള്ളക്കെട്ട്  പരിഹരിക്കാന്‍ അധികൃതര്‍ കാര്യക്ഷമമായ നടപടികള്‍ സ്വീകരിക്കുന്നില്ലെന്ന് ആക്ഷേപം.
റോഡിലെ മുന്നൂറ് വര്‍ഷം മുമ്പ് നിര്‍മ്മിച്ച ഇടുങ്ങിയ കലുങ്കാണ് വെള്ളക്കെട്ടിന് കാരണമെന്ന് പ്രദേശവാസികള്‍ പത്രസമ്മേളനത്തില്‍ ചൂണ്ടിക്കാട്ടി. ഉള്ളളവ് ഏറെ ചെറുതായ ഈ കലുങ്കിനകത്തുകൂടിയാണ് കുടിവെള്ള വിതരണ പൈപ്പുകളും ബി.എസ്.എന്‍.എല്‍-റിലയന്‍സ് ടെലഫോണ്‍ കേബിളുകളും കടന്നു പോകുന്നത്. പ്ലാസ്റ്റിക് കുപ്പികള്‍, വിവിധ സ്ഥാപനങ്ങളിലേയും വീടുകളിലേയും മാലിന്യങ്ങള്‍ തുടങ്ങിയവ ഇവിടെ തങ്ങി നില്‍ക്കുകകൂടി ചെയ്യുന്നതിനാല്‍ മഴ പെയ്താല്‍ പ്രദേശത്ത് വെള്ളക്കെട്ട് ഉറപ്പാണ്. 
റോഡിനോട് ചേര്‍ന്ന ആശ്രമം സ്‌കൂള്‍-കോളജ് സമുച്ചയങ്ങള്‍, ബസ് സ്റ്റോപ്പ്, ക്രിസ്ത്യന്‍ ബ്രദറണ്‍ ചര്‍ച്ച് തുടങ്ങിയ സ്ഥാപനങ്ങളും നിരവധി വീടുകളും വെള്ളക്കെട്ടുമൂലം ദുരിതമനുഭവിക്കുന്നു.
വലിപ്പം കൂട്ടി നീരൊഴുക്ക് സുഗമമാകത്തക്ക രീതിയില്‍ കലുങ്ക് പുനര്‍നിര്‍മ്മിക്കുക മാത്രമാണ് വെള്ളക്കെട്ടിനുള്ള ഏക പരിഹാരം. അതിനുപകരം പലപ്പോഴും ഇടുങ്ങിയ കലുങ്ക് താല്‍ക്കാലികമായി ശുചീകരിക്കുക മാത്രമാണ് പതിവ്. അതിന്റെ പേരില്‍ ലക്ഷങ്ങളുടെ ക്രമക്കേടുകള്‍ നടക്കുന്നുണ്ടെന്നും പത്രസമ്മേളനത്തില്‍ പങ്കെടുത്ത എം.സി ഐസക്, പോള്‍ ടി.സി, ജോര്‍ജ് എസ് തുടങ്ങിയവര്‍ ആരോപിക്കുന്നു.

മംഗളം 1.08.2013

No comments: