Saturday, August 3, 2013

ചൂരമുടിയില്‍ നിരോധനം ലംഘിച്ച് പാറമടകളുടെ പ്രവര്‍ത്തനം; നാട്ടുകാര്‍ ടിപ്പറുകള്‍ തടഞ്ഞു

പെരുമ്പാവൂര്‍: വെങ്ങോല പാറമട ദുരന്തത്തെതുടര്‍ന്ന് അധികൃതര്‍ ജില്ലയില്‍ നിരോധനം ഏര്‍പ്പെടുത്തിയത് ലംഘിച്ച് ചൂരമുടിയില്‍ പാറമടകള്‍ പ്രവര്‍ത്തിക്കുന്നു. ഇവിടെനിന്നും ലോഡുമായി പോയ ടിപ്പര്‍ നാട്ടുകാര്‍ തടഞ്ഞു. വാഹനം പോലീസ് കസ്റ്റഡിയില്‍.
മുടക്കുഴ ഗ്രാമപഞ്ചായത്ത് നാലാം വാര്‍ഡില്‍ കളപ്പാറ മേഖലയിലാണ് പാറമടകളുടെ അനധികൃത പ്രവര്‍ത്തനം. തൊട്ടടുത്തുള്ള കോളനി നിവാസികള്‍ പാറമടകള്‍ക്കെതിരെ നിരന്തരം പ്രക്ഷോഭത്തിലാണ്. അതിനിടയിലാണ് നിരോധനകാലത്ത് പാറമടകള്‍ ഇവിടെ പ്രവര്‍ത്തിച്ചത്.
സ്‌കൂള്‍ സമയം പോലും പരിഗണിക്കാതെയായിരുന്നു ഇവിടെ നിന്നു ഭാരവണ്ടികള്‍ കടന്നുപോയ്‌ക്കൊണ്ടിരുന്നത്. ഒടുവില്‍ സഹികെട്ട നാട്ടുകാര്‍ വാഹനം തടയുകയായിരുന്നു. സംഭവം അറിഞ്ഞെത്തിയ കോടനാട്  പോലീസ് ടിപ്പര്‍ കസ്റ്റഡിയിലെടുക്കുകയും ചെയ്തു. വിവരം അറിഞ്ഞതോടെ പാറമടയിലേക്ക് ലോഡ് എടുക്കാനെത്തിക്കൊണ്ടിരുന്ന മറ്റ് വാഹനങ്ങള്‍ പിന്തിരിഞ്ഞു.
നിയമം ലംഘിച്ച് പ്രവര്‍ത്തിച്ച പാറമടകള്‍ക്കെതിരെ കര്‍ശന നടപടികള്‍ കൈക്കൊള്ളണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

മംഗളം 3.08.2013

No comments: