Saturday, July 27, 2013

വ്യാജ ലൈസന്‍സ്: രണ്ടുപേര്‍ കൂടി പോലീസ് പിടിയില്‍

അനു 

 ബിജു
പെരുമ്പാവൂര്‍: തമിഴ്‌നാട്ടില്‍ നിന്ന് വ്യാജ ഡ്രൈവിങ്ങ് ലൈസന്‍സ് സംഘടിപ്പിച്ച് നല്‍കിയ കേസുമായി ബന്ധപ്പെട്ട് രണ്ടുപേര്‍ കൂടി പോലീസ് പിടിയിലായി.
ഓട്ടോ കണ്‍സള്‍ട്ടന്റ്മാരായ കാലടി എടിയാട്ടുകുടി അനു (28), വെങ്ങോല കൊല്ലമ്മാവുകുടി ബിജു (38) എന്നിവവരെയാണ് ഇന്നലെ അറസ്റ്റ് ചെയ്തത്. ഇതേ കേസില്‍ കാരാട്ടുപള്ളിക്കര വാരിക്കാടന്‍ വീട്ടില്‍ ഷെമീര്‍ (38), കാലടി കൊറ്റമം ഓട്ടോക്കാരന്‍ വീട്ടില്‍ വറുഗീസ് (47) എന്നിവര്‍ വ്യാഴാഴ്ച പിടിയിലായിരുന്നു.
ഡ്രൈവിങ്ങ് ടെസ്റ്റുകളൊന്നും നടത്താതെ തമിഴ്‌നാട്ടിലുണ്ടാക്കുന്ന വ്യാജ ഡ്രൈവിങ്ങ് ലൈസന്‍സ് എത്തിച്ചുകൊടുക്കുകയായിരുന്നു ഇവരുടെ പതിവ്. ഏഴായിരം രൂപയും തിരിച്ചറിയല്‍ കാര്‍ഡിന്റെ കോപ്പിയും നല്‍കിയാല്‍ തമിഴ് നാട് സര്‍ക്കാരിന്റെ ലൈസന്‍സ് സംഘടിപ്പിച്ചുനല്‍കാമെന്നായിരുന്നു വാഗ്ദാനം. 
തമിഴ്‌നാട്ടില്‍ വ്യാജമായി നിര്‍മ്മിയ്ക്കുന്ന ലൈസന്‍സ് കേരളത്തിലെ ആര്‍.ടി ഓഫീസുകളില്‍ വിലാസം മാറ്റാന്‍ നല്‍കി ഒറിജിനലാക്കി മാറ്റുകയാണ് പതിവ്. ഇതിനു വേണ്ടി അപേക്ഷകര്‍ തമിഴ്‌നാട്ടിലെ കമ്പനിജീവനക്കാരായിരുന്നുവെന്നും കേരളത്തിലേയ്ക്ക് സ്ഥലം മാറിയെന്നും കൃത്രിമമായി രേഖയുണ്ടാക്കും. ഏഴാം ക്ലാസ് പാസാകത്തവര്‍ക്ക് പോലും ലൈസന്‍സ് ഇവര്‍ സംഘടിപ്പിച്ച് നല്‍കിയിരുന്നു.
തമിഴ്‌നാട്ടില്‍ നിന്നുള്ള ലൈസന്‍സുകള്‍ വിലാസം മാറ്റാനായി തുടര്‍ച്ചയായി ലഭിച്ചതിനെ തുടര്‍ന്ന് ആര്‍.ടി ഓഫീസ് ജീവനക്കാര്‍ക്ക് ഉണ്ടായ സംശയമാണ് പ്രതികളെ കുടുക്കിയത്. ഒരു വര്‍ഷം മുമ്പ് തന്നെ അവര്‍ ഇതു സംബന്ധിച്ച സൂചനകള്‍ പോലീസിന് കൈമാറിയിരുന്നു. തുടര്‍ന്ന് നടന്ന അന്വേഷണത്തിലാണ് പ്രതികള്‍ പിടിയിലായത്. 

മംഗളം 27.07.2013

No comments: