Saturday, July 13, 2013

പരിസര മലിനീകരണ നിയന്ത്രണം മറയാക്കി പ്ലാസ്റ്റിക് ഉത്പ്പാദകര്‍ സംഘടിയ്ക്കുന്നു

പെരുമ്പാവൂര്‍: പ്ലാസ്റ്റിക് മൂലം അനുദിനം വര്‍ദ്ധിച്ചു വരുന്ന മലിനീകരണം തടയാനെന്ന പേരില്‍ ഉല്‍പ്പാദകരുടെ സംഘടന. 
പ്ലാസ്റ്റിക് ഉല്‍പ്പാദന രംഗത്തുണ്ടാകാന്‍ പോകുന്ന വന്‍ കുതിച്ചുചാട്ടം മുന്നില്‍ കണ്ടാണ് ഉല്‍പ്പാദകര്‍ സംഘടിക്കുന്നത്. വ്യവസായ വിപുലീകരണ ഘട്ടത്തില്‍ ജനങ്ങളില്‍ നിന്നും പരിസ്ഥിതി പ്രവര്‍ത്തകരില്‍ നിന്നുമുള്ള എതിര്‍പ്പിന്റെ മുന ഒടിക്കാന്‍ പരിസര മലിനീകരണമാണ് തങ്ങളുടെ ലക്ഷ്യമെന്ന് സംഘടനയുടെ മുന്‍കൂര്‍ ജാമ്യം. ചേലാമറ്റം ആസ്ഥാനമായി രൂപീകരിച്ചിട്ടുള്ള സംഘടനയുടെ പേര് കുന്നത്തുനാട് പ്ലാസ്റ്റിക് പ്രൊഡക്ട്‌സ് മാനുഫാക്‌ചേഴ്‌സ് അസോസിയേഷനെന്നാണ്. 
സംസ്ഥാനത്തെ ചെറുകിട വ്യവസായ രംഗത്ത് പ്ലാസ്റ്റിക് ഉല്‍പ്പന്നങ്ങള്‍ നിര്‍മ്മിക്കുന്ന ഏറെ സംരംഭങ്ങല്‍ കുന്നത്തുനാട് താലൂക്കിലുണ്ട്. ചെറുതും വലുതും ഇടത്തരവുമായി ഏകദേശം 275 ഓളം സംരംഭങ്ങള്‍ ഇവിടെയുണ്ടെന്നാണ് കണക്ക്. ഇവയില്‍ നിന്നും വാര്‍ഷിക വിറ്റുവരവായി 560 കോടി രൂപയുണ്ടെന്നും 420 പേര്‍ക്ക് പ്രത്യക്ഷമായും 8000 പേര്‍ക്ക് പരോക്ഷമായും തൊഴില്‍ നല്‍കുന്നുണ്ടെന്നും സംഘടനാ ഭാരവാഹികള്‍ അവകാശപ്പെടുന്നു. 
ടൗണ്‍ പ്ലാനിംഗ് വകുപ്പ് പ്ലാസ്റ്റിക് വ്യവസായത്തെ ഹസാര്‍ഡ്‌സ് കെമിക്കല്‍സിലാണ് പെടുത്തിയിട്ടുള്ളത്. ചുരുങ്ങിയത് ഏഴുമീറ്റര്‍ വീതിയുള്ള റോഡരികില്‍ 60 സെന്റ് സ്ഥലം എങ്കിലും ഉണ്ടെങ്കില്‍ മാത്രമെ ഗ്രാമപഞ്ചായത്തുകള്‍ ഇത്തരം വ്യാവസായങ്ങള്‍ക്ക് അനുമതി നല്‍കു. ഇത്തരം നിയമങ്ങളില്‍ ഇളവു നേടുകയാണ് സംഘടനയുടെ പ്രധാനലക്ഷ്യം. 
പ്ലാസ്റ്റിക് ഉല്‍പ്പന്നങ്ങള്‍ ഉപയോഗിച്ചശേഷം ദൂരെ വലിച്ചെറിയുന്നതു മൂലം ഉണ്ടാകുന്ന പരിസര മലിനീകരണം ജീവന് തന്നെ ഭീഷണിയാണെന്ന് സംഘടനയുടെ പത്രക്കുറിപ്പില്‍ തുറന്ന് സമ്മതിക്കുന്നുണ്ട്. എന്നാല്‍ പ്ലാസ്റ്റിക്കിന്റെ ഉപയോഗം നിത്യ ജീവിതത്തില്‍ നിന്നും ഒഴിച്ചുകൂടാന്‍ പറ്റാത്തതാണെന്നും പ്ലാസ്റ്റിക് മാലിന്യം ശാസ്ത്രീയമായ രീതിയില്‍ സംസ്‌കരിച്ചെടുക്കുകയാണ് വേണ്ടതെന്നും സംഘടന കരുതുന്നു. അതിനുവേണ്ടി വ്യവസായികളുടെ ഇടയിലും പൊതുജനങ്ങള്‍ക്കിടയിലും ബോധവല്‍ക്കരണം നടത്തുന്നതും അസോസിയേഷന്റെ കര്‍മ്മ പരിപാടികളില്‍പ്പെടും.
ചേലാമറ്റത്ത് സംഘടനക്ക് രജിസ്‌ട്രേഡ് ഓഫീസ് തുടങ്ങിയതായും ചെയര്‍മാന്‍ വി.കെ ഗോപിയും ട്രഷറര്‍ നില്‍ജോ തോമസും അറിയിച്ചു.

മംഗളം 13.07.2013



1 comment:

Sabu Kottotty said...

പെരുമ്പാവൂരിൽ മാലിന്യ പ്രശ്നമുണ്ടെങ്കിൽ പറയൂ. പൂർണ്ണമായും പരിഹരിക്കാം