Monday, July 1, 2013

വീണ്ടും അഗ്നിബാധ: പെരുമ്പാവൂരില്‍ ഇന്നലെ കത്തിനശിച്ചത് അഞ്ച് കടകള്‍


പെരുമ്പാവൂര്‍: പട്ടണത്തില്‍ ഇന്നലെ രാത്രി അഞ്ചുകടകള്‍ കൂടി കത്തിനശിച്ചു. രണ്ടു വര്‍ഷത്തിനുള്ളില്‍ ഇവിടെയുണ്ടാകുന്ന അഞ്ചാമത്തെ അഗ്നിബാധയാണ് ഇത്.
സ്വകാര്യ ബസ് സ്റ്റാന്റിനു സമീപം ഫിഷ് മാര്‍ക്കറ്റ് റോഡില്‍ പ്രവര്‍ത്തിയ്ക്കുന്ന സെല്‍ വേള്‍ഡ് എന്ന മൊബൈല്‍ ഫോണ്‍ വില്‍പനശാലയും 4 മെന്‍ ജെന്റ്‌സ് വിയര്‍ എന്ന റെഡിമെയ്ഡ് വില്‍പനശാലയുമാണ് കത്തിയത്. ഇവയോട് ചേര്‍ന്നുള്ള സംഗീത ജ്വല്ലറി, കൊച്ചിന്‍ ഫാഷന്‍സ്, മ്യൂസിക് വേള്‍ഡ് എന്നി സ്ഥാപനങ്ങളിലേയ്ക്കും അഗ്നിപടര്‍ന്നു. ഇന്നലെ രാത്രി എട്ടുമണിയോടെയായിരുന്നു സംഭവം. ഇലക്ട്രിക്ക് ലൈനില്‍ ഉണ്ടായ പൊട്ടിത്തെറിയാണ് അഗ്നിബാധയ്ക്ക് കാരണമെന്ന് കരുതുന്നു. വിവരം വൈദ്യുതി ബോര്‍ഡ് അധികൃതരെ അറിയിച്ചെങ്കിലും അവരത് അവഗണിച്ചെന്നും പറയുന്നു. ലൈനില്‍ നിന്നുള്ള തീ ഓടിട്ട പഴയ കടമുറികളിലേയ്ക്ക് പടരുകയായിരുന്നത്രേ.
ഫയര്‍ ഫോഴ്‌സിന്റെ രണ്ടു യൂണിറ്റുകള്‍ സംഭവസ്ഥലത്ത് എത്തിയെങ്കിലും വെളിച്ചമില്ലാത്തതിനാല്‍ തീയണയ്ക്കാന്‍ വൈകി. പിന്നീട് സ്ഥലത്ത് എത്തിയ പോലീസ് വാഹനത്തിന്റെ ഹെഡ്‌ലൈറ്റ് വെളിച്ചത്തിലായിരുന്നു തീയണയ്ക്കല്‍.
2011 ആഗസ്റ്റില്‍ കൈതാരന്‍ ഗ്ലാസ് ഹൗസ് കത്തിനശിച്ചതു മുതല്‍ ടൗണില്‍ അഗ്നിബാധകള്‍ ആവര്‍ത്തിയ്ക്കുകയാണ്. 2013 മാര്‍ച്ചില്‍ മൂലന്‍സ് ഫാമിലി മാര്‍ട്ടില്‍ തീപിടുത്തമുണ്ടായി. ഇവ രണ്ടും പട്ടണത്തെ ഞെട്ടിച്ച അഗ്നിബാധകളായിരുന്നു. ലക്ഷങ്ങളുടെ നഷ്ടമാണ് ഉണ്ടായത്. രണ്ട് അഗ്നിബാധകളുടേയും കാരണം ഇനിയും കണ്ടെത്തിയിട്ടില്ല.
കഴിഞ്ഞ മെയ് മാസം പെരുമ്പാവൂര്‍ പെയിന്റ്‌സ്, ജനറല്‍ ഇലക്ട്രിക്കല്‍സ് എന്നി സ്ഥാപനങ്ങള്‍ക്ക് തീപിടിച്ചു. ഇക്കഴിഞ്ഞ മാസം പട്ടാപകലാണ് പട്ടണത്തിലെ മൂന്നു കടമുറികള്‍ കത്തിയത്. ലക്ഷ്മി ജ്വവ്വല്ലറിയുടേയും ബാബൂസ് കമ്മ്യൂണിക്കേഷന്‍സിന്റേയും ഉടമസ്ഥതയിലുള്ളവയായിരുന്നു ഈ മുറികള്‍.
അടിക്കടിയുണ്ടാവുന്ന അഗ്നിബാധകള്‍ സംബന്ധിച്ച ദുരൂഹതകള്‍ കണ്ടെത്തണമെന്നും ദുരന്തസമയത്ത് കാര്യക്ഷമമായി പ്രവര്‍ത്തിയ്ക്കന്‍ അഗ്നിരക്ഷാ നിലയത്തില്‍ ആവശ്യത്തിന് സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തണമെന്നും ആവശ്യപ്പെട്ട് വ്യാപാരി വ്യവസായികള്‍ രംഗത്ത് വന്നിരുന്നു.

മംഗളം 1.07.2013

1 comment:

hariharanvs said...

Perumbavoor seems to have become a heaven for antisocial/mafia groups.Unless drastic measures are not taken,the town will turn into a hell.