Tuesday, July 16, 2013

സി.പി.എം വിശദീകരണം പൊളിയുന്നു; കാരുണ്യ ഹൃദയതാളം പദ്ധതി നടത്തിപ്പ് ചാരിറ്റബിള്‍ സൊസൈറ്റിക്ക് തന്നെയെന്ന് കോണ്‍ഗ്രസ്

വെങ്ങോല ഗ്രാമപഞ്ചായത്ത്


പെരുമ്പാവൂര്‍: വെങ്ങോല ഗ്രാമപഞ്ചായത്തില്‍ തുടങ്ങിവച്ച കാരുണ്യ ഹൃദയതാളം പദ്ധതിയുടെ നടത്തിപ്പ് അതിന് വേണ്ടി രൂപീകരിച്ച ചാരിറ്റബിള്‍ സൊസൈറ്റിക്കുതന്നെയായിരിക്കുമെന്ന് കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് വി.എം ഹംസ. പദ്ധതി പഞ്ചായത്തിന്റേതായി മാറ്റുമെന്ന്  ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഉറപ്പു നല്‍കിയതിനെ തുടര്‍ന്നാണ് തങ്ങള്‍ സമരത്തിന്റെ ശക്തി കുറച്ചതെന്ന സി.പി.എം വിശദീകരണം ഇതോടെ പൊളിഞ്ഞു.
കാരുണ്യ ഹൃദയതാളം പദ്ധതിയുമായി ബന്ധപ്പെട്ട ക്രമക്കേടുകള്‍ക്കെതിരെ ശക്തമായ സമരപരിപാടികളാണ് സി.പി.എം ആവിഷ്‌കരിച്ചത്. പ്രതിഷേധ പ്രകടനങ്ങള്‍ക്കും ധര്‍ണ്ണയ്ക്കും പുറമെ ഭരണസമിതി യോഗങ്ങള്‍ സ്തംഭിപ്പിച്ചുള്ള കടുത്ത പ്രക്ഷോഭമാണ് ഇവിടെയുണ്ടായത്. 
അതിനിടയില്‍, ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം.എം അവറാന്‍ ടൗണിലെ ഒരു പ്രമുഖ ഹോട്ടലില്‍ സി.പി.എം നേതാക്കളുമായി രഹസ്യയോഗം ചേര്‍ന്ന് ധാരണയിലായി. ഇത് മംഗളം റിപ്പോര്‍ട്ട് ചെയ്തിരുന്നു. തൊട്ടടുത്ത ദിവസം ചേര്‍ന്ന  ഭരണസമിതി യോഗത്തില്‍ പ്രതിപക്ഷം നിശബ്ദരാവുകയും ചെയ്തു.
ഹൃദയതാളം പദ്ധതിയുടെ പേരിലുള്ള തട്ടിപ്പ് പുറത്തുകൊണ്ടുവന്ന ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകരും സമരത്തോട് ചേര്‍ന്നു നിന്ന അണികളും ഇതോടെ ആശയകുഴപ്പത്തിലായി. ഒരു പ്രതിപക്ഷ അംഗം സി.പി.എം പാര്‍ലമെന്ററി പാര്‍ട്ടി യോഗത്തില്‍ നിന്ന് ഇറങ്ങിപ്പോയും പഞ്ചായത്ത് ഭരണ സമിതി യോഗം ബഹിഷ്‌കരിച്ചുമാണ് ഇതിനോട് പ്രതികരിച്ചത്. 
അണികള്‍ക്കിടയില്‍ നിന്ന് ശക്തമായ പ്രതിഷേധം ഉയര്‍ന്നതോടെ  സമരത്തില്‍ നിന്ന് പാര്‍ട്ടി പിന്‍മാറിയിട്ടില്ലെന്ന് സി.പി.എം വെങ്ങോല- അറയ്ക്കപ്പടി ലോക്കല്‍ സെക്രട്ടറിമാര്‍ പത്രപ്രസ്താവനയിറക്കി. അടിയന്തിരമായി ഗ്രാമസഭാ യോഗങ്ങള്‍ ചേരേണ്ടതുള്ളതിനാല്‍ ഭരണ സ്തംഭനമുണ്ടാക്കുന്ന സമരത്തില്‍ നിന്ന് പിന്‍വാങ്ങണമെന്ന പ്രസിഡന്റിന്റെ അഭ്യര്‍ത്ഥന തങ്ങള്‍ സ്വീകരിയ്ക്കുകയായിരുന്നുവെന്നായിരുന്നു പ്രസ്താവന.  പദ്ധതി നടത്തിപ്പില്‍ സാങ്കേതികമായ വീഴ്ചകള്‍ സംഭവിച്ചതായി പ്രസിഡന്റ് തുറന്നു സമ്മതിച്ചുവെന്നും പദ്ധതി പഞ്ചായത്തിന്റെതായി മാറ്റുമെന്ന് ഉറപ്പു നല്‍കിയെന്നും സി.പി.എം വിശദീകരിച്ചു.
എന്നാല്‍ ഇപ്പോള്‍, ഭരണ പക്ഷത്തെ ചില അംഗങ്ങളെ മാത്രം ഉള്‍ക്കൊള്ളിച്ച് രൂപീകരിച്ച കാരുണ്യ ചാരിറ്റബിള്‍ സൊസൈറ്റി തന്നെയാവും പദ്ധതി നടപ്പാക്കുകയെന്ന് കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് വ്യക്തമാക്കിയതോടെ സി.പി.എം വിശദീകരണത്തിന്റെ അടിത്തറ ഇളകി. 
നിര്‍ദ്ധനരും നിരാലംബരുമായ രോഗികളെ സഹായിക്കാന്‍ ആവിഷ്‌ക്കരിച്ച പദ്ധതിയാണ് കാരുണ്യ ഹൃദയതാളം പദ്ധതി. ഭരണ പക്ഷത്തെ അംഗങ്ങളെ ഉള്‍ക്കൊള്ളിച്ച് രൂപീകരിച്ച സൊസൈറ്റിയാണ് പദ്ധതി നടപ്പാക്കുന്നത്. അത് ഇനിയും അങ്ങനെ തന്നെയായിരിക്കുമെന്നും മറിച്ചുള്ള പ്രസ്താവനകള്‍ രാഷ്ട്രീയ ദുരുദ്ദേശമുള്ളതാണെന്നും വി.എം ഹംസ പ്രസ്താവനയില്‍ പറയുന്നു. ജനങ്ങള്‍ പൂര്‍ണ്ണമായും സ്വീകരിച്ച പദ്ധതി കോണ്‍ഗ്രസിന്റെ രാഷ്ട്രീയ നേട്ടമാകുമെന്ന് ബോദ്ധ്യപെട്ടതോടെയാണ് സി.പി.എം പഞ്ചായത്ത് കമ്മിറ്റി തടസപ്പെടുത്തി സമരപരിപാടികള്‍ക്ക് മുതിര്‍ന്നതെന്നും ഹംസ ചൂണ്ടിക്കാട്ടുന്നു.
പ്രതിപക്ഷത്തിനു മുന്നില്‍ കോണ്‍ഗ്രസ് അടിയറവെച്ചുവെന്ന മുസ്ലീം ലീഗിന്റെ പ്രസ്താവന ഭരണം നല്ല രീതിയില്‍ പോകരുതെന്ന ലക്ഷ്യം മുന്‍നിര്‍ത്തിയുള്ളതാണെന്നും വി.എം ഹംസ കുറ്റപ്പെടുത്തി.
വൈസ് പ്രസിഡന്റ് റാബിയ ഇബ്രാഹിമിന് മുന്‍ധാരണ പ്രകാരമുള്ള കാലാവധി ഒന്നര വര്‍ഷം മാത്രമായിരുന്നു. എന്നാല്‍ രണ്ടര വര്‍ഷം തികഞ്ഞിട്ടും ലീഗ് സ്ഥാനം ഒഴിയാന്‍ തയ്യാറായില്ല. വൈസ് പ്രസിഡന്റിന്റെ രാജി ആവശ്യപ്പെട്ടപ്പോഴാണ് പഞ്ചായത്ത് കമ്മിറ്റിക്കെതിരെ മുസ്ലിം ലീഗ് പരാതികളുമായി മുന്നോട്ട് വന്നതെന്നും പ്രസ്താവനയില്‍ പറയുന്നു.
പദ്ധതിക്കെതിരെ ചില മെമ്പര്‍മാര്‍ വ്യാജ പരാതികള്‍ അയക്കുന്നുണ്ട്. പദ്ധതിയെ തകര്‍ക്കാനും വികസന  പ്രവര്‍ത്തനങ്ങള്‍ തടസപ്പെടുത്തുവാനുമുള്ള ഇത്തരം നീക്കങ്ങള്‍ക്കെതിരെ കോണ്‍ഗ്രസ് ശക്തമായി രംഗത്തുവരുമെന്നും മണ്ഡലം പ്രസിഡന്റ് മുന്നറിയിപ്പു നല്‍കി.

മംഗളം 16.07.2013

No comments: