Wednesday, July 17, 2013

ഇത് കുട്ടിയാനകളുടെ'മരണ'ക്കളരി

സുരേഷ് കീഴില്ലം


പെരുമ്പാവൂര്‍: കോടനാട് ആനക്കളരിയില്‍ അണുബാധയെ തുടര്‍ന്ന് രണ്ട് ആനക്കുട്ടികള്‍ ചരിഞ്ഞ സംഭവത്തില്‍ അധികൃതര്‍ക്ക് മൗനം. കഴിഞ്ഞ 13 വര്‍ഷത്തിനുള്ളില്‍ 9 ആനക്കുട്ടികള്‍ക്കാണ് ഇവിടെ ജീവഹാനി ഉണ്ടായത്. 
ഇക്കഴിഞ്ഞ ശനിയാഴ്ചയും തിങ്കളാഴ്ചയുമായി രണ്ട് ആനക്കുട്ടികള്‍ ഇവിടെ ചരിഞ്ഞു. കുട്ടമ്പുഴ ഫോറസ്റ്റ് റേഞ്ചിലെ ഉരുളന്‍തണ്ണിയില്‍ നിന്നു കൊണ്ടുവന്ന മഹാദേവന്‍ എന്ന ഒരു വയസുകാരന്‍ കുട്ടിക്കൊമ്പനും നിലമ്പൂരില്‍ നിന്നു കൊണ്ടുവന്ന രണ്ടേകാല്‍ വയസുകാരി ഗംഗയുമാണ് ചരിഞ്ഞത്. 
ഗുരുതരമായ പരിക്കുകളോടെ കൊണ്ടുവന്ന മഹാദേവന്‍ വന്നകാലം മുതല്‍ ചികിത്സയിലായിരുന്നു. ആനക്കുട്ടി കൂടുതല്‍ അവശതയിലേയ്ക്ക് നീങ്ങുമ്പോഴും വിദഗ്ദ്ധചികിത്സ ലഭ്യമാക്കുന്നതില്‍ വനം വകുപ്പ് പുലര്‍ത്തിയത് കടുത്ത അലംഭാവമാണ്. ആരോഗ്യവതിയായിരുന്ന ഗംഗയുടെ ജീവന്‍ അപകടപ്പെടുത്തിയതും കൂടുതല്‍ ഗുരുതരമായ വീഴ്ചയാണ്. ആന കൊട്ടിലിലെ  ഇളകിയ പലകകള്‍ക്കിടയില്‍ കുരുങ്ങിയാണ് ഈ ആനക്കുട്ടിയുടെ കാല്‍ ഒടിയുന്നത്. കാലില്‍ ഇട്ട പ്ലാസ്റ്റര്‍ വെട്ടിയപ്പോഴാണ് നിയന്ത്രാണാതീതമായി പഴുപ്പ് ബാധിച്ചത് ശ്രദ്ധയില്‍ പെട്ടത്. അണുബാധ മൂലം ഗംഗയും ഈ ലോകം വിട്ടു.
നാലു വയസുകാരി പാര്‍വ്വതി 2000 ത്തില്‍ ചരിഞ്ഞതോടെയാണ് ഇവിടെ ആനക്കുട്ടികളുടെ ജീവഹാനി തുടര്‍ക്കഥയാവുന്നത്. 2005 ല്‍ എക്കോ എന്നു പേരുള്ള നാലര വയസുകാരി ചരിഞ്ഞു. തൊട്ടടുത്ത വര്‍ഷം 6 വയസുകാരിയായ മീനുവിനെത്തേടിയാണ് മൃത്യു എത്തിയത്. 2008 ല്‍ രണ്ടര വയസുകാരി ഭാരതിക്കായിരുന്നു ജീവഹാനി. 2010 ല്‍ രണ്ടുവയസുകാരന്‍ നിരഞ്ജനും തൊട്ടടുത്ത ദിവസം 6 മാസം മാത്രം പ്രായമുണ്ടായിരുന്ന അശ്വതിയും ചരിഞ്ഞു. ഭാരതിയും നിരഞ്ജനും അശ്വതിയും വൈറസ് ബാധയെതുടര്‍ന്നാണ് മരിച്ചതെന്ന് അധികൃതര്‍ വിശദീകരിച്ചു.
നാല് മാസം മുമ്പ് ആലപ്പെട്ടി കൃഷ്ണന്‍ അനുബാധയെ തുടര്‍ന്ന് ചരിഞ്ഞു. ഇപ്പോള്‍ മഹാദേവന്റേയും ഗംഗയുടേയും മരണകാരണം അണുബാധയെന്നാണ് പ്രാഥമിക നിഗമനം.
കാട്ടില്‍ വച്ച് തന്നെ അണുബാധ ഉണ്ടായ കുട്ടിയാനകളെ ചികിത്സിച്ച് രക്ഷിക്കാന്‍ എളുപ്പമല്ലെന്നാണ് ബന്ധപ്പെട്ടവരുടെ വിശദീകരണം. എന്നാലും എവിടെനിന്ന് ലഭിക്കുന്ന ആനക്കുട്ടികളേയും കോടനാട്ടേയ്ക്ക് തന്നെയാണ് അയക്കുന്നത്. ഇവിടെയാകട്ടെ യഥാസമയം ചികിത്സ നല്‍കാന്‍ സ്ഥിരമായ ഡോക്ടര്‍മാര്‍ പോലും ഇല്ല. ആനകളെ പരിപാലിക്കാന്‍ പ്രാഗത്ഭ്യമള്ള പാപ്പന്മാരും ഇപ്പോള്‍ കോടനാട് കുറവാണ്. അസുഖബാധിതരായ ആനക്കുട്ടികളെ അടക്കം വളര്‍ത്തുന്നത് അത്യന്തം വൃത്തിഹീനമായ ചുറ്റുപാടിലാണ്. 
1940 മുതലാണ് വാരിക്കുഴിയില്‍ വീഴുന്ന കുട്ടിയാനകളെ കോടനാട് എത്തിച്ച് പരിശീലിപ്പിച്ച് തുടങ്ങിയത്. ആ നിലക്ക് കേരളത്തിനകത്തും പുറത്തും കോടനാടിനുള്ള പേരും പെരുമയും വലുതാണ്. എന്നാല്‍ അങ്ങേയറ്റം അവഗണനയിലാണ് ഇപ്പോള്‍ ഈ ആനക്കളരി. അതുകൊണ്ടുതന്നെയാണ് പ്രശസ്തമായ ആന പരിപാലന കേന്ദ്രം ഇപ്പോള്‍ ആനകളുടെ ശവപ്പറമ്പായി മാറുന്നത്.

മംഗളം 17.07.2013

2 comments:

Unknown said...

ആന ചത്താലും ജീവിച്ചാലും പന്തീരായിരം എന്നല്ലേ ചൊല്ല്.. അത് 'ചത്താലും ജീവിച്ചാലും സർക്കാരിനെന്ത്' എന്ന് നമുക്ക് തിരുത്താം... :(

സുരേഷ്‌ കീഴില്ലം said...

ശരിയാണ്. ആ വഴിയ്ക്കാണ് കാര്യങ്ങളുടെ പോക്ക്.