Thursday, July 25, 2013

വെങ്ങോലയിലെ പാറമടയില്‍ നിന്ന് നാലു മൃതദേഹങ്ങളും കണ്ടെടുത്തു

പെരുമ്പാവൂര്‍: മുപ്പത്തിയഞ്ച് മണിക്കൂര്‍ നേരത്തെ തെരച്ചിലിനൊടുവില്‍ വെങ്ങോലയിലെ പാറമടയില്‍ കൂറ്റന്‍ പാറക്കല്ലിനിടയില്‍ പെട്ട നാലുപേരുടേയും മൃതദേഹങ്ങള്‍ കണ്ടെടുത്തു.
വളയന്‍ചിറങ്ങര ഈരേത്ത് വീട്ടില്‍ സന്തോഷ് (46), വളയന്‍ചിറങ്ങര ചെറുകരക്കുടി വീട്ടില്‍ വിജയന്‍ (48), വീട്ടൂര്‍ കല്ലറക്കല്‍ മോഹനന്‍ (45), ഒഡീഷ സ്വദേശി റമാ കാന്ത് (റോമ-25) എന്നിവരുടെ തകര്‍ന്ന ശരീരഭാഗങ്ങളാണ് ഇന്നലെ രാത്രി ഏഴരയോടെ കണ്ടെടുത്തത്. വെങ്ങോല ഇലവുംകുടി വീട്ടില്‍ ഇ.വി രാജന്റെ ഉടമസ്ഥതയിലുള്ള രാജാ ഗ്രാനൈറ്റ്‌സില്‍ ചൊവ്വാഴ്ച രാവിലെ എട്ടരയോടെയായിരുന്നു ദുരന്തം. മുകളിലുണ്ടായിരുന്ന കൂറ്റന്‍ പാറക്കല്ല് ഏകദേശം 200 അടി ഉയരത്തില്‍ നിന്ന് താഴേക്ക് പതിക്കുകയായിരുന്നു. 
വൈകിട്ട് ആറരയ്ക്ക് വിജയന്റെ മൃതദേഹമാണ് ആദ്യം കണ്ടുകിട്ടിയത്. കൈകാലുകള്‍ ഒടിഞ്ഞ നിലയിലായിരുന്നു മൃതദേഹം. അതോടൊപ്പം രണ്ടു കാലുകള്‍ മാത്രം കണ്ടെടുത്തുവെങ്കിലും അതിന് മുകളിലേയ്ക്കുള്ള ഭാഗം ഇല്ലാതിരുന്നതിനാല്‍ അതാരുടേതെന്ന് വ്യക്തമായിരുന്നില്ല. ഏഴരയോടെ അരയ്ക്ക് മുകളിലേയ്ക്കുള്ള ഭാഗം ലഭിച്ചു. കഴുത്തിലുണ്ടായിരുന്ന സ്വര്‍ണ്ണമാലയുടെ അടിസ്ഥാനത്തില്‍ അത് കരാറുകാരനായ സന്തോഷാണ് എന്ന് വ്യക്തമായി.
പിന്നെ അരമണിക്കൂറിനുള്ളില്‍  മോഹനന്റെയും റമാ കാന്തിന്റേയും മൃതദേഹങ്ങളും കണ്ടുകിട്ടി.
ഓരോ മൃതദേഹവും കണ്ടു കിട്ടുന്ന മുറയ്ക്ക് തയ്യാറാക്കി നിര്‍ത്തിയിരുന്ന ആംബുലന്‍സുകളില്‍ കുന്നത്തുനാട് താലൂക്ക് ആശുപത്രി മോര്‍ച്ചറിയിലേയ്ക്ക് മാറ്റി. അവിടെ വേണ്ടത്ര സൗകര്യങ്ങള്‍ ഇല്ലാത്തതിനാല്‍ മൃതദേഹങ്ങള്‍ പിന്നീട് എറണാകുളം ജനറല്‍ ആശുപത്രിയിലേയ്ക്ക് കൊണ്ടുപോയി.
മരിച്ച മോഹനന്റേയും വിജയന്റേയും ബന്ധുവും സന്തോഷിന്റെ അടുത്ത സുഹൃത്തുമായ ശ്രുതി ബിജു, കാടായത്ത് മുരളി, കറുകപ്പിള്ളി ഷാജി തുടങ്ങിയവരുടെ നേതൃത്വത്തിലായിരുന്നു തെരച്ചില്‍.
സംഭവം നടന്നതു മുതല്‍ രാവും പകലും ഭേദമില്ലാതെ ആയിരങ്ങളാണ് വെങ്ങോലയില്‍ തടിച്ചുകൂടിയത്. മന്ത്രി വി.കെ ഇബ്രാഹിം കുഞ്ഞ്, എം.പി മാരായ കെ.പി ധനപാലന്‍, പി.രാജീവ്, എം.എല്‍.എ മാരായ സാജുപോള്‍, വി.പി സജീന്ദ്രന്‍, ജില്ലാ കളക്ടര്‍ ഷെയ്ക് പരീത്, ഡെപ്യൂട്ടി കളക്ടര്‍, മൂവാറ്റുപുഴ ആര്‍.ഡി.ഒ ഷാനവാസ്, ഡി.എം.ഒ, കൂവപ്പടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് റെജി ഇട്ടൂപ്പ്, ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാരായ എം.എം അവറാന്‍, ജോയി പൂണേലി തുടങ്ങി നിരവധി പേര്‍ സംഭവസ്ഥലത്ത് എത്തിയിരുന്നു.

മംഗളം 25.07.2013

No comments: