Wednesday, July 3, 2013

വേങ്ങൂര്‍ ഐ.ടി.ഐ നിര്‍ത്തലാക്കാന്‍ നീക്കം; യൂത്ത് കോണ്‍ഗ്രസ് പ്രക്ഷോഭത്തിലേയ്ക്ക്

റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചില്ല
 

പെരുമ്പാവൂര്‍: വേങ്ങൂര്‍ ഗ്രാമപഞ്ചായത്തില്‍ പ്രവര്‍ത്തിയ്ക്കുന്ന നെടുങ്ങപ്ര ഐ.ടി.ഐ നിര്‍ത്തലാക്കാന്‍ നീക്കം. ഈ വര്‍ഷം അഡ്മിഷനു വേണ്ടി അപേക്ഷ ക്ഷണിച്ചെങ്കിലും റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചിട്ടില്ല. ഇതിനെതിരെ യൂത്ത് കോണ്‍ഗ്രസ് പ്രക്ഷോഭവുമായി രംഗത്ത് എത്തിക്കഴിഞ്ഞു.
2010-ല്‍ പ്രവര്‍ത്തനം ആരംഭിച്ച ഐ.ടി.ഐയില്‍ ഈ വര്‍ഷവും അഡ്മിഷനു വേണ്ടി അപേക്ഷ ക്ഷണിച്ചിരുന്നു. കഴിഞ്ഞ മാസം അഞ്ചിനായിരുന്നു ഇത്. ഇലക്ട്രിക്കല്‍, സിവില്‍, കമ്പ്യൂട്ടര്‍ ഓപ്പറേറ്റര്‍ ട്രേഡുകളിലേയ്ക്കായി 700 അപേക്ഷകളാണ് ലഭിച്ചത്. കഴിഞ്ഞ മാസം 26-നായിരുന്നു റാങ്ക് ലിസ്റ്റ് പ്രസിദ്ധപ്പെടുത്തേണ്ട തീയതി. എന്നാല്‍ ഇതു വരെ റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചിട്ടില്ല.
ഗ്രാമപഞ്ചായത്ത് 26 സെന്റ് സ്ഥലവും 6000 ചതുരശ്ര അടി വിസ്തീര്‍ണ്ണമുള്ള കെട്ടിടവും സൗജന്യമായി നല്‍കിയാണ് ഇവിടെ ഐ.ടി.ഐ സ്ഥാപിയ്ക്കുന്നത്. പ്ലാന്‍ ഫണ്ടു മാത്രം ഉപയോഗിച്ച് വികസനം നടത്തുന്ന വേങ്ങൂര്‍ ഗ്രാമപഞ്ചായത്ത് രണ്ടുകോടി രൂപ മൂല്യമുള്ള സ്ഥലവും കെട്ടിടവും ബന്ധപ്പെട്ട വകുപ്പിന് വിട്ടുനല്‍കിയിട്ടുള്ളതായി സ്റ്റാന്റിങ്ങ് കമ്മിറ്റി ചെയര്‍മാന്‍ റോയി വറുഗീസ് പറയുന്നു.
എന്നാല്‍, സ്ഥാപനത്തിന് ചുരുങ്ങിയത് രണ്ട് ഏക്കര്‍ സ്ഥലമെങ്കിലും വേണമെന്നാണ് ചട്ടം. പഠന സ്ഥലത്തിനൊപ്പം കളി സ്ഥലവും വേണം. അത് കണ്ടെത്താന്‍ ബന്ധപ്പെട്ടവര്‍ക്കായിട്ടില്ല. ഈ സാഹചര്യത്തിലാണ് ഐ.ടി.ഐ നിര്‍ത്താനുള്ള നീക്കം നടക്കുന്നത്.
അങ്ങനെയാണെങ്കില്‍, ഈ വര്‍ഷം അഡ്മിഷനു വേണ്ടി അപേക്ഷ ക്ഷണിച്ചത് എന്തിനുവേണ്ടിയെന്നാണ് പ്രദേശവാസികളുടെ ചോദ്യം. ഇവിടെ മാത്രം അപേക്ഷ നല്‍കി പ്രവേശനത്തിന് കാത്തിരിയ്ക്കുന്ന നിരവധി കുട്ടികളുണ്ട്. ഇവരുടെ ഭാവിയാണ് അവതാളത്തിലായത്. 
ഇതോടെ ഇന്നലെ കെ.എസ്.യു പ്രവര്‍ത്തകര്‍ പഠിപ്പുമുടക്കി പ്രതിഷേധിച്ചു. യൂത്ത് കോണ്‍ഗ്രസ് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ പ്രതിഷേധ യോഗവും സംഘടിപ്പിച്ചു.
യോഗം ഡി.സി.സി വൈസ് പ്രസിഡന്റ് ഒ ദേവസി ഉദ്ഘാടനം ചെയ്തു. കൂവപ്പടി ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ റെജി ഇട്ടൂപ്പ്, ഗ്രാമപഞ്ചായത്ത് സ്റ്റാന്റിങ്ങ് കമ്മിറ്റി ചെയര്‍മാന്‍ റോയി വറുഗീസ്, കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് പി.സി ജോസ്, ബ്ലോക്ക് വൈസ്പ്രസിഡന്റ് ഒ.സി കുര്യാക്കോസ്, യൂത്ത് കോണ്‍ഗ്രസ് നിയോജക മണ്ഡഡലം വൈസ് പ്രസിഡന്റ് ഷിജോ വറുഗീസ്, ജനറല്‍ സെക്രട്ടറി അശ്വരാജ് പോള്‍, മണ്ഡലം സെക്രട്ടറി ജിബി പോള്‍, കെ.എസ്.യു യൂണിറ്റ് പ്രസിഡന്റ് എല്‍ദോ ഷാജി, സെക്രട്ടറി ജിക്കു പി ജോയി എന്നിവര്‍ പ്രസംഗിച്ചു.

മംഗളം 3.07.2013

No comments: