Thursday, July 18, 2013

ഇ.എം.എസ് സ്മാരക വായനശാല കെട്ടിട നിര്‍മ്മാണത്തില്‍ ക്രമക്കേടുകളെന്ന് ആക്ഷേപം; ഇല്ലെന്ന് ഭരണ സമിതി

പെരുമ്പാവൂര്‍: കാഞ്ഞിരക്കാട് ഇ.എം.എസ് സ്മാരക വായനശാല കെട്ടിട നിര്‍മ്മാണത്തിലെ ക്രമക്കേടുകള്‍ക്കെതിരെ വിജിലന്‍സ് കോടതിയില്‍ ഉള്‍പ്പെടെ പരാതി. അതേ സമയം അക്ഷരവൈരികളായ സാമൂഹ്യവിരുദ്ധരാണ് ആരോപണങ്ങള്‍ക്ക് പിന്നിലെന്ന് വായനശാല ഭരണസമിതി.
റോഡ് വികസനത്തിനുള്ള പുറംമ്പോക്ക് ഭൂമി കയ്യേറി കെട്ടിടം നിര്‍മ്മിച്ചുവെന്നാണ് പ്രദേശവാസിയും പൊതുപ്രവര്‍ത്തകനുമായ ജോസ് കൊള്ളന്നൂര്‍ പ്രത സമ്മേളനത്തില്‍ ആരോപിച്ചത്. അംഗന്‍വാടിക്കുവേണ്ടി ഒരു നില കെട്ടിടം നിര്‍മ്മിക്കാന്‍ നഗരസഭയില്‍ നിന്ന് നേടിയ അനുമതിയുടെ മറവില്‍ ഇവിടെ പണിതുയര്‍ത്തിയത് ബഹുനിലകെട്ടിടമാണ്. റിയല്‍ എസ്റ്റേറ്റ് താല്‍പര്യങ്ങളായിരുന്നു ഇതിനു പിന്നില്‍. സ്ഥലം എം.എല്‍.എ സാജുപോളിന്റേയും സി.പി.എം ഏരിയ സെക്രട്ടറി അഡ്വ. എന്‍.സി മോഹനന്റേയും പിന്തുണയോടെ മുന്‍ നഗരസഭ കൗണ്‍സിലര്‍മാരായ അഡ്വ. പി.കെ ബൈജു, എസ് ഷറഫ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു അനധികൃത നിര്‍മ്മാണ  പ്രവര്‍ത്തനങ്ങളെന്ന് ജോസ് പറയുന്നു. 
കേവലം രണ്ടുലക്ഷം രൂപ ചെലവു വരുന്ന അംഗന്‍വാടി കെട്ടിടത്തിനായി മുടക്കിയത് 5.25 ലക്ഷം രൂപയാണ്. ഭാവിയില്‍ ഇതിനുമുകളില്‍ ബഹുനിലകള്‍ പണിതുയര്‍ത്തണമെന്നത് മുന്നില്‍കണ്ട് അടിത്തറ ശക്തിപ്പെടുത്താനാണ് കൂടുതല്‍ പണം മുടക്കിയത്. പിന്നീട് ഇവിടെ മുറികള്‍ നിര്‍മ്മിച്ച് നല്‍കാമെന്ന് വാഗ്ദാനം ചെയ്ത് പലരില്‍ നിന്നായി വന്‍തുകള്‍ മുന്‍കൂര്‍ വാങ്ങി. ചട്ടവിരുദ്ധമായി നടന്ന നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നഗരസഭ അധികൃതര്‍ കണ്ടില്ലെന്ന് നടിക്കുകയും ചെയ്തു.
കാഞ്ഞിരക്കാട് സി.ഐ.ടി.യു. തൊഴിലാളികളുടെ ഫണ്ട് ഉപയോഗിച്ചാണ് ആദ്യം ഈ സ്ഥലം വാങ്ങുന്നതെന്നും ജോസ് കൊള്ളന്നൂര്‍  പറയുന്നു. സി.ഐ.ടി.യു ഓഫീസിന് വായനശാല കെട്ടിടത്തില്‍ മുറി നല്‍കുമെന്നായിരുന്നു വാഗ്ദാനം. അതുണ്ടാവാതെ വന്നപ്പോള്‍ തൊഴിലാളികള്‍ സി.പി.എം ജില്ലാ കമ്മിറ്റിക്ക് പരാതി നല്‍കിയിരുന്നുവെന്നും ഇദ്ദേഹം പറയുന്നു. പിന്നീട് ഈ സ്ഥലം പലവട്ടം വാങ്ങുകയും വില്‍പ്പന നടത്തുകയും ചെയ്തു. നിര്‍മ്മാണ കമ്മിറ്റി കണ്‍വീനറായ അഡ്വ. പി.കെ ബൈജു ഇതിന്റെ മറവില്‍ അന്യായമായ സ്വത്തുസമ്പാദനം നടത്തിയെന്നാണ് കൊള്ളന്നൂരിന്റെ ആക്ഷേപം. ഇതിനെതിരെ വകുപ്പു മന്ത്രി മഞ്ഞളാംകുഴി അലിക്ക് പരാതി നല്‍കിയിട്ടുണ്ട്. കൂടാതെ വിജിലന്‍സ് കോടതിയില്‍ കേസ് രജിസ്റ്റര്‍ ചെയ്യുകയും ചെയ്തു. പ്രഥമ ദൃഷ്ട്യാ അഴിമതിയുണ്ടെന്ന് ബോധ്യപ്പെട്ട കോടതി അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ടെന്നും ഇദ്ദേഹം അറിയിച്ചു.
കാഞ്ഞിരക്കാട് പ്രദേശത്തെ പുരോഗമന ചിന്താഗതിക്കാരായ ആളുകളുടെ ദീര്‍ഘകാലത്തെ ആഗ്രഹമായിരുന്നു ഒരു ലൈബ്രറി എന്നും അത് യാഥാര്‍ത്ഥ്യമാകുന്നതിനെതിരെയാണ് ചിലര്‍ രംഗത്ത് വന്നിട്ടുള്ളതെന്നും വായനശാല പ്രസിഡന്റ് പി.വി ജയന്‍ പറയുന്നു. സംഘാടകര്‍ സ്വന്തം കയ്യില്‍ നിന്നും പണം മുടക്കിയും കടം വാങ്ങിയുമാണ് 2006 ല്‍  വായനശാലക്കായി സ്ഥലം വാങ്ങിയത്. വായനശാല കേരള സ്റ്റേറ്റ് ലൈബ്രറി കൗണ്‍സില്‍ അഫിലിയേറ്റ് ചെയ്തിട്ടുമുണ്ട്. കേരള സര്‍ക്കാരിന്റെ നിയന്ത്രണത്തിലുള്ള ഒരു പബ്ലിക് ലൈബ്രറി കെട്ടിടം മറിച്ചു  വിര്‍ക്കാന്‍ കഴിയുമെന്ന് സാമാന്യബോധമുള്ള ആരും കരുതുകയില്ലെന്നും പ്രസിഡന്റ് ചൂണ്ടിക്കാട്ടി.
2009 ജനുവരി 17 ന് ചേര്‍ന്ന നഗരസഭ കൗണ്‍സില്‍ യോഗത്തിന്റെ തീരുമാനപ്രകാരമാണ് വായനശാലയും അംഗന്‍വാടിയും തമ്മില്‍ കരാറുണ്ടാവുന്നത്. മുനിസിപ്പല്‍ സെക്രട്ടറിയും വായനശാല ഭാരവാഹികളും അന്നത്തെ കൗണ്‍സിലര്‍മാരായ അഡ്വ. പി.കെ ബൈജു, എസ് ഷറഫ് എന്നിവരുടെ സാന്നിദ്ധ്യത്തിലാണ് കരാറില്‍ ഒപ്പിട്ടത്. അതിന്റെ അടിസ്ഥാനത്തില്‍ മുകള്‍ നിലകള്‍ പണിയാന്‍ നഗരസഭ വായനശാലക്ക് അനുവാദം നല്‍കിയിരുന്നുവെന്നും പ്രസിഡന്റ് പറയുന്നു.

മംഗളം 18.07.2013

1 comment:

hariharanvs said...

Now the CPM will say that the complaints will be looked into by the party's committee and the case will slowly die down.There cannot be any trial in the judicial courts .