Tuesday, July 16, 2013

സോളാര്‍ തട്ടിപ്പ്: ശാലുമേനോനെ പെരുമ്പാവൂര്‍ പോലീസും പ്രതിപട്ടികയില്‍ ചേര്‍ത്തു

പെരുമ്പാവൂര്‍: സോളാര്‍ തട്ടിപ്പുമായി ബന്ധപ്പെട്ട് പെരുമ്പാവൂര്‍ പോലീസ് രജിസ്റ്റര്‍ ചെയ്ത ആദ്യ കേസിലെ പ്രതിപട്ടികയില്‍ ചലചിത്രതാരം ശാലുമേനോനും. ഇവരെ ഇന്ന് പെരുമ്പാവൂര്‍ കോടതിയില്‍ ഹാജരാക്കുമെന്ന് അറിയുന്നു.
മുടിക്കല്‍ കുറ്റപ്പാലില്‍ സജാതിന്റെ പരാതിയില്‍ പെരുമ്പാവൂര്‍ പോലീസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ മൂന്നാം പ്രതിയായാണ് ശാലുമേനോനെ ഉള്‍പ്പെടുത്തിയത്. രണ്ടാം പ്രതി ബിജു രാധാകൃഷ്ണനെ രക്ഷപ്പെടുത്താന്‍ ശ്രമിച്ചുവെന്നതാണ് ഇവര്‍ക്കെതിരെയുള്ള കുറ്റം. ഒളിവില്‍ പോയ ബിജുവിന് ഒപ്പം ശാലുമേനോന്‍ തൃശൂര്‍ വരെ യാത്ര ചെയ്‌തെന്നും പിന്നീട് തന്റെ മൊബൈല്‍ ഫോണ്‍ ബിജുവിന് കൈമാറിയെന്നും വ്യക്തമായിട്ടുണ്ട്.
ടീം സോളാര്‍  റിന്യൂവബിള്‍ എനര്‍ജി സൊലൂഷ്യന്‍സ് പ്രൈവറ്റ് ലിമിറ്റഡ് എന്ന സ്ഥാപനത്തിന്റെ പേരില്‍ ബിജു രാധാകൃഷ്ണനും സരിത.എസ്.നായരും ചേര്‍ന്ന് 4050000 രൂപ തട്ടിയെടുത്തുവെന്നായിരുന്നു സജാതിന്റെ  പരാതി. ഈ കേസിലാണ് തിരുവനന്തപുരത്തു നിന്നുള്ള വാടകവീട്ടില്‍ നിന്ന് ജൂലായ് മൂന്നിന് പെരുമ്പാവൂര്‍ ഡിവൈ.എസ്.പി കെ ഹരികൃഷ്ണന്റെ നേതൃത്വത്തിലുള്ള സംഘം സരിതയെ അറസ്റ്റ് ചെയ്തത്. എന്നാല്‍, ബിജു രാധാകൃഷ്ണനെ പിടികൂടാന്‍ കഴിഞ്ഞിരുന്നില്ല.
കോടതി റിമാന്റ് ചെയ്ത  സരിതയെ ആറിന് പോലീസ് ചോദ്യം ചെയ്യാന്‍ കസ്റ്റഡിയില്‍ വാങ്ങിയിരുന്നു. ചോദ്യം ചെയ്യലിനിടയിലാണ് ബിജു രാധാകൃഷ്ണന് ശാലു മേനോനുമായി ബന്ധമുണ്ടെന്ന് വെളിപ്പെടുത്തിയത്. കഴിഞ്ഞ ആഗസ്റ്റ് മുതല്‍ ബിജു താനുമായി പിരിഞ്ഞ് കഴിയുകയാണെന്നും തട്ടിയെടുത്ത തുക ശാലുമേനോനാണ് ബിജു നല്‍കിയിരുന്നതെന്നും ഇവര്‍ പോലീസിന് മൊഴി നല്‍കിയിരുന്നു.
ഇതേ തുടര്‍ന്ന് പോലീസ് നിരീക്ഷണത്തിലായ ശാലുമേനോന്‍ പിന്നീട് പിടിയിലായി. ബിജു രാധാകൃഷ്ണന്‍ നടത്തിയ നിരവധി തട്ടിപ്പുകളില്‍ ഇവര്‍ ഭാഗഭാക്കായിരുന്നുവെന്നും പിന്നീട് തെളിഞ്ഞു.

മംഗളം 16.07.2013

No comments: