Friday, July 19, 2013

അശമന്നൂരില്‍ 40 പ്ലൈവുഡ് കമ്പനികള്‍കൂടി സ്ഥാപിക്കാന്‍ രഹസ്യ നീക്കമെന്ന് പരിസ്ഥിതി സംരക്ഷണ സമിതി

പെരുമ്പാവൂര്‍: അശമന്നൂര്‍ ഗ്രാമപഞ്ചായത്തില്‍ 40 പ്ലൈവുഡ് കമ്പനികള്‍ കൂടി സ്ഥാപിക്കാന്‍ രഹസ്യ നീക്കമെന്ന് പരിസ്ഥിതി സംരക്ഷണ കര്‍മ്മസമിതി. 
നാല് കമ്പനികളില്‍ യന്ത്രങ്ങള്‍ സ്ഥാപിക്കുന്നതിനെതിരെ ഭരണ സമിതി കൈക്കൊണ്ട തീരുമാനം കമ്പനി ഉടമകളും പഞ്ചായത്ത് അധികൃതരും കൂടി നടത്തുന്ന ഒത്തുകളിയുടെ ഭാഗമാണെന്ന് കര്‍മ്മസമിതി ആരോപിക്കുന്നു. വ്യവസായം ആരംഭിക്കുന്നതുമായി ബന്ധപ്പെട്ട് വിവിധ സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ നിന്നും ലഭിക്കേണ്ട അനുമതി പത്രങ്ങള്‍ സംഘടിപ്പിക്കുന്നതിനും കെട്ടിട നിര്‍മ്മാണം പൂര്‍ത്തിയാക്കുന്നതിനും സാവകാശം നല്‍കിയശേഷം ജനങ്ങളുടെ കണ്ണില്‍പൊടിയിടാനാണ് പഞ്ചായത്ത് ഭരണ സമിതിയുടെ ഈ നാടകമെന്ന് കര്‍മ്മ സമിതി ചെയര്‍മാന്‍ വറുഗീസ് പുല്ലുവഴി പറയുന്നു.
പ്രശ്‌നം കോടതിയില്‍ എത്തിച്ച് കമ്പനി ഉടമകള്‍ക്ക് അനുകൂലമായി തീരുമാനം ഉണ്ടാക്കുന്നതിനുള്ള രഹസ്യ അജണ്ടയാണ് ഈ നീക്കത്തിനു പിന്നിലുള്ളത്. നീണ്ട രണ്ടു വര്‍ഷമായി പ്ലൈവുഡ് വ്യവസായത്തിനെതിരെ നടന്നു വരുന്ന ജനകീയ സമരത്തിന് അനുകൂലമായ സമീപനം കൈക്കൊള്ളാത്ത ഭരണ സമിതി പെട്ടെന്ന് ഇങ്ങനെ ഒരു തീരുമാനം കൈക്കൊണ്ടതിന്റെ ഉദ്ദേശം ശുദ്ധമാണെന്ന് കരുതാനാവില്ല.
മൂന്ന് വര്‍ഷം മുമ്പ് പതിമൂന്ന് പ്ലൈവുഡ് കമ്പനികള്‍ മാത്രമുണ്ടായിരുന്ന പഞ്ചായത്തില്‍ ഇപ്പോള്‍ അമ്പതോളം കമ്പനികളാണ് പ്രവര്‍ത്തിക്കുന്നത്. ഇവയില്‍ പലതിനും ആവശ്യമായ രേഖകളില്ല. ഇനിയും നാല്‍പ്പതോളം കമ്പനികള്‍കൂടി ഇവിടെ സ്ഥാപിക്കാനാണ് അണിയറ നീക്കങ്ങള്‍. ഗ്രാമപഞ്ചായത്ത് പ്രസിഡന്റിനെ നോക്കുകുത്തിയാക്കി ഭരണ സമിതിയിലെ പ്ലൈവുഡ് ലോബിയാണ് ഇതിനെല്ലാം ചുക്കാന്‍ പിടിക്കുന്നതെന്ന് വറുഗീസ് പുല്ലുവഴി കുറ്റപ്പെടുത്തി.
കേന്ദ്ര സമിതി യോഗത്തില്‍ എം.കെ ശശിധരന്‍ പിള്ള, സി.കെ പ്രസന്നന്‍, അഡ്വ. ബേസില്‍ കുര്യാക്കോസ്, ടി.എ വറുഗീസ്, എ.ജി സദാന്ദന്‍, എ.ഡി റാഫേല്‍, ഡി പൗലോസ്, ബേബിനാശ്, ജി മനോജ്, ടി.കെ പൗലോസ്, ജി.ആര്‍ നായര്‍, സാജു തര്യന്‍, പി മത്തായി, പി രാമചന്ദ്രന്‍ മായര്‍, എം.പി എല്‍ദോ, പി.കെ ശിവന്‍, കെ.ആര്‍ നാരായണ പിള്ള, വി.എസ് ഷൈബു, വിനു കുളത്തുങ്ങമാലി, പി.കെ ശശി എന്നിവര്‍ പ്രസംഗിച്ചു.

മംഗളം 19.07.2013

No comments: