Sunday, April 28, 2013

മുടക്കുഴയിലെ കവര്‍ച്ച; ഒരു യുവതി ഉള്‍പ്പെടെ മൂന്നു പേര്‍ പോലീസ് പിടിയിലായി


സുനില്‍കുമാര്‍
 ബിനു
സൗമ്യ

പെരുമ്പാവൂര്‍: മുടക്കുഴയിലെ ആളില്ലാത്ത വീട്ടില്‍ നിന്നും 34 പവന്‍ സ്വര്‍ണവും ലാപ്‌ടോപ്പും രണ്ട് റാഡോ വാച്ചും പതിനായിരം രൂപയും കവര്‍ന്ന കേസില്‍ ഒരു യുവതി ഉള്‍പ്പെടെ മൂന്ന് പേര്‍ പോലീസ് പിടിയിലായി. 
പഴങ്ങനാട് ചൊക്കോടന്‍ വീട്ടില്‍ ചെല്ലപ്പന്റെ മകന്‍ സുനില്‍കുമാര്‍ (38), മുടക്കുഴ പെട്ടമല നാലുസെന്റ് കോളനി കോറോട്ടുകുടി വീട്ടില്‍ പൗലോസിന്റെ മകന്‍ ബിനു (24), വെങ്ങോല ഈച്ചരന്‍ കവല തെയ്യക്കല്ലമോളം വീട്ടില്‍ വേലായുധന്റെ മകള്‍ സൗമ്യ (24) എന്നിവരാണ് അറസ്റ്റിലായത്. 
ഇക്കഴിഞ്ഞ 21 ന് മുടക്കുഴ ആലിയാട്ടുകുടി ജോയിയുടെ വീടിന്റെ അടുക്കള വാതില്‍ കുത്തിതുറന്ന് കിടപ്പുമുറിയുടെ അലമാരിയില്‍ നിന്നായിരുന്നു മോഷണം. രാവിലെ 10 മുതല്‍ പലവട്ടം വന്ന് കോളിംഗ് ബെല്ലടിച്ച് വീട്ടില്‍ ആളില്ലെന്ന് ഉറപ്പുവരുത്തിയ പ്രതികള്‍ കമ്പിപ്പാര ഉപയോഗിച്ച് വാതില്‍ തകര്‍ത്താണ് അകത്തു കയറിയത്. 
മോഷണമുതലുമായി രാത്രി 10 മണിവരെ സുനില്‍കുമാര്‍ സമീപത്തുള്ള കപ്പത്തോട്ടത്തില്‍ ഒളിച്ചിരുന്നു. മോട്ടോര്‍ സൈക്കിളിലെത്തിയ ബിനു ഇയാളെ കാക്കനാടുള്ള വാടക വീട്ടില്‍ എത്തിച്ചു. സുനില്‍കുമാര്‍ ബിനുവിന് പതിനായിരം രൂപയും രണ്ട് റാഡോ വാച്ചും ഒരു മാലയും നല്‍കി. സുനിലിന്റെ കാമുകി സൗമ്യയ്ക്ക് 3 വളയും ഒരു മാലയുമാണ് കൊടുത്തത്. 
എസ്റ്റീം കാറില്‍ വരുമ്പോള്‍ ഓണംകുളത്തുവച്ചാണ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ വി റോയി, കോടനാട് എസ്.ഐ ശ്രീധരന്‍ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘം മൂന്ന് പേരേയും പിടികൂടുന്നത്. സംഭവത്തിന് ശേഷം ബിനു മദ്യപാനത്തിനായി അമിതമായി പണം ചിലവഴിക്കുന്നതായി സമീപവാസികളായ ചെറുപ്പക്കാരില്‍ നിന്നും വിവരം ലഭിച്ചതാണ് കേസിന് തുമ്പായത്. 2012 ജൂണില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പി
ച്ച കേസില്‍ സുനില്‍ കുമാറിനൊപ്പം കൂട്ടുപ്രതിയായ ബിനുവില്‍ കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണമാണ് കുറ്റവാളികളെ കുടുക്കിയത്. പ്രതികളെ കോടതി റിമാന്റ് ചെയ്തു.
അന്വേഷണ സംഘത്തില്‍ എ.എസ്.ഐമാരായ രവി, റെജി വറുഗീസ്, എല്‍ദോ, സീനീയര്‍ സി.പി.ഒ പ്രസാദ്, ഹമീദ് എന്നിവരും ഉണ്ടായിരുന്നു

മംഗളം 28.04.2013


No comments: