Monday, April 29, 2013

കവര്‍ച്ച ലക്ഷ്യമിട്ടു എത്തിയ അഞ്ചു തമിഴ്‌നാട് സ്വദേശികള്‍ പിടിയില്‍







പെരുമ്പാവൂര്‍: കവര്‍ച്ച ലക്ഷ്യമിട്ട് എത്തിയ അഞ്ചു തമിഴ്‌നാട് സ്വദേശികള്‍ പോലീസ് പിടിയിലായി.
സേലം സ്വദേശികളായ അമ്മാപ്പട്ട വരദന്റെ മകന്‍ ശ്രീധര്‍ (25), പെരിയകോവില്‍ തെരുവില്‍ പൊന്നുച്ചാമിയുടെ മകന്‍ ഗുണശേഖരന്‍ (42), അമ്മാപ്പെട്ട വിനായക കോവില്‍, മേലൂര്‍ തെരുവില്‍ ഇളങ്കോവന്റെ മകന്‍ ലോകേഷ് (25), രാജാ സ്ട്രീറ്റ് വീരസ്വാമിയുടെ മകന്‍ വിജയകുമാര്‍ (30) വേലൂര്‍ സ്വദേശി തെണ്ടഹണി കോവില്‍ ശിവജിയുടെ മകന്‍ സുരേഷ് (25) എന്നിവരാണ് അറസ്റ്റിലായത്.
ഡിവൈ.എസ്.പി കെ ഹരികൃഷ്ണന് ലഭിച്ച രഹസ്യ സന്ദേശത്തെ തുടര്‍ന്ന് നടന്ന വാഹനപരിശോധനയിലാണ് ഇവര്‍ വലയിലായത്. ഇവര്‍ സഞ്ചരിച്ചിരുന്ന സ്‌കോര്‍പ്പിയോ വാനില്‍ നിന്ന് ഇരുമ്പ് ദണ്ഡുകളും മുളകുപൊടിയും മറ്റും കണ്ടെടുത്തിട്ടുണ്ട്. ടൗണില്‍ തങ്ങി വന്‍തോതില്‍ മോഷണം നടത്തുകയായിരുന്നു സംഘത്തിന്റെ ലക്ഷ്യമെന്ന് പോലീസ് പറയുന്നു.

Sunday, April 28, 2013

അഞ്ചാണ്ടുകളിലെ നരകജീവിതത്തിന് അറുതി; വേലായുധനെ ആശുപത്രിയിലേയ്ക്ക് മാറ്റി

പെരുമ്പാവൂര്‍: മാനസിക രോഗം ബാധിച്ചതിനെ തുടര്‍ന്ന് ആരും തിരിഞ്ഞു നോക്കാതെ  അഞ്ചു വര്‍ഷം തുടര്‍ച്ചയായ നരകജീവിതം അനുഭവിച്ചുപോന്ന യുവാവിനെ ഇന്നലെ ആശുപത്രിയിലേയ്ക്ക് മാറ്റി. 
വാഴക്കുളം ഗ്രാമപഞ്ചായത്ത് മൂന്നാം വാര്‍ഡില്‍ മുണ്ടയ്ക്കാകുറ്റി ഭാഗത്ത് മാറാപ്പിള്ളിപറമ്പ് വീട്ടില്‍ പരേതനായ പരമേശ്വരന്റെ മകന്‍ വേലായുധ (40) നെയാണ് വാഴക്കുളം ഗ്രാമപഞ്ചായത്തിന്റെ ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥരും പോലീസും നാട്ടുകാരും ചേര്‍ന്ന് രക്ഷിച്ചത്. ആദ്യം മൂലമറ്റത്തുള്ള ആശുപത്രിയിലേയ്ക്കാണ് കൊണ്ടുപോയത്. അത്യാസന്ന നിലയിലായ രോഗിയ്ക്ക് ഒപ്പം ഒരാഴ്ചയെങ്കിലും ബന്ധുക്കള്‍ നില്‍ക്കണമെന്ന ആശുപത്രി അധികൃതരുടെ നിര്‍ദ്ദേശം ഒപ്പമുണ്ടായിരുന്ന സഹോദരന്‍മാര്‍ അംഗീകരിച്ചില്ല. പിന്നീട് പൈങ്കുളം മാനസിക ആരോഗ്യ കേന്ദ്രത്തിലേയ്ക്ക് കൊണ്ടുപോയെങ്കിലും അവിടെ സര്‍ജനില്ലാത്തതിനാല്‍ വേലായുധനെ അവിടെയും അഡ്മിറ്റ് ചെയ്യാനായില്ല. ഒടുവില്‍ കോലഞ്ചേരി മെഡിയ്ക്കല്‍ കോളജ് ആശുപത്രിയിലാണ് ഇയാളെ പ്രവേശിപ്പിച്ചത്.
മൂന്ന് സഹോദരന്മാരും ഒരു സഹോദരിയുമുള്ള ഇയാള്‍ക്ക് ഒരു നാല്‍ക്കാലി മൃഗത്തിന് കിട്ടുന്ന പരിഗണനപോലും ലഭിച്ചിരുന്നില്ല. 
വസ്ത്രങ്ങള്‍ പോലും ധരിയ്ക്കാതെ ഒറ്റപ്പെട്ടുള്ള ജീവിതമായിരുന്നു വേലായുധന്റേത്.  കാലിലും ശരീരത്തിലുമുണ്ടായ വലിയ വ്രണങ്ങള്‍ പഴുത്തൊലിച്ചും വീടു മുഴുവന്‍ മലമൂത്രവിസര്‍ജ്ജനം ചെയ്തും കനത്ത ദുര്‍ഗന്ധത്തിനിടയിലായിരുന്നു വേലായുധന്‍.
അഞ്ച് വര്‍ഷം മുമ്പ് അമ്മയുടെ മരണത്തെതുടര്‍ന്നാണ് കല്‍പ്പണിക്കാരനായ വേലായുധന്‍ മനോരോഗിയായി മാറിയത്. വേലായുധന്റെ പേരില്‍ ഉണ്ടായിരുന്ന പതിനെട്ട് സെന്റ് ഭൂമിയില്‍ നിന്ന് 
കോടതി ഇടപെടലിനെ തുടര്‍ന്ന് 5 സെന്റ് വില്‍പ്പന നടത്തിയിരുന്നു. അങ്ങനെ ലഭിച്ച അഞ്ച് ലക്ഷം രൂപ ബാങ്കില്‍ നിക്ഷേപിച്ച് വേലായുധനെ ശുശ്രൂഷിയ്ക്കാന്‍ കോടതി മൂത്ത സഹോദരനെ ചുമതലപ്പെടുത്തിയെങ്കിലും വേലായുധന് വേണ്ട പരിചരണം ലഭിച്ചിരുന്നില്ല. ഒടുവില്‍ നാട്ടുകാരുടെയും മാധ്യമങ്ങളുടേയും ഇടപെടലിനെ തുടര്‍ന്നാണ് ഇയാളെ ഇന്നലെ ആശുപത്രിയിലേയ്ക്ക് മാറ്റിയത്.


മംഗളം 28.04.2013

മുടക്കുഴയിലെ കവര്‍ച്ച; ഒരു യുവതി ഉള്‍പ്പെടെ മൂന്നു പേര്‍ പോലീസ് പിടിയിലായി


സുനില്‍കുമാര്‍
 ബിനു
സൗമ്യ

പെരുമ്പാവൂര്‍: മുടക്കുഴയിലെ ആളില്ലാത്ത വീട്ടില്‍ നിന്നും 34 പവന്‍ സ്വര്‍ണവും ലാപ്‌ടോപ്പും രണ്ട് റാഡോ വാച്ചും പതിനായിരം രൂപയും കവര്‍ന്ന കേസില്‍ ഒരു യുവതി ഉള്‍പ്പെടെ മൂന്ന് പേര്‍ പോലീസ് പിടിയിലായി. 
പഴങ്ങനാട് ചൊക്കോടന്‍ വീട്ടില്‍ ചെല്ലപ്പന്റെ മകന്‍ സുനില്‍കുമാര്‍ (38), മുടക്കുഴ പെട്ടമല നാലുസെന്റ് കോളനി കോറോട്ടുകുടി വീട്ടില്‍ പൗലോസിന്റെ മകന്‍ ബിനു (24), വെങ്ങോല ഈച്ചരന്‍ കവല തെയ്യക്കല്ലമോളം വീട്ടില്‍ വേലായുധന്റെ മകള്‍ സൗമ്യ (24) എന്നിവരാണ് അറസ്റ്റിലായത്. 
ഇക്കഴിഞ്ഞ 21 ന് മുടക്കുഴ ആലിയാട്ടുകുടി ജോയിയുടെ വീടിന്റെ അടുക്കള വാതില്‍ കുത്തിതുറന്ന് കിടപ്പുമുറിയുടെ അലമാരിയില്‍ നിന്നായിരുന്നു മോഷണം. രാവിലെ 10 മുതല്‍ പലവട്ടം വന്ന് കോളിംഗ് ബെല്ലടിച്ച് വീട്ടില്‍ ആളില്ലെന്ന് ഉറപ്പുവരുത്തിയ പ്രതികള്‍ കമ്പിപ്പാര ഉപയോഗിച്ച് വാതില്‍ തകര്‍ത്താണ് അകത്തു കയറിയത്. 
മോഷണമുതലുമായി രാത്രി 10 മണിവരെ സുനില്‍കുമാര്‍ സമീപത്തുള്ള കപ്പത്തോട്ടത്തില്‍ ഒളിച്ചിരുന്നു. മോട്ടോര്‍ സൈക്കിളിലെത്തിയ ബിനു ഇയാളെ കാക്കനാടുള്ള വാടക വീട്ടില്‍ എത്തിച്ചു. സുനില്‍കുമാര്‍ ബിനുവിന് പതിനായിരം രൂപയും രണ്ട് റാഡോ വാച്ചും ഒരു മാലയും നല്‍കി. സുനിലിന്റെ കാമുകി സൗമ്യയ്ക്ക് 3 വളയും ഒരു മാലയുമാണ് കൊടുത്തത്. 
എസ്റ്റീം കാറില്‍ വരുമ്പോള്‍ ഓണംകുളത്തുവച്ചാണ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ വി റോയി, കോടനാട് എസ്.ഐ ശ്രീധരന്‍ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘം മൂന്ന് പേരേയും പിടികൂടുന്നത്. സംഭവത്തിന് ശേഷം ബിനു മദ്യപാനത്തിനായി അമിതമായി പണം ചിലവഴിക്കുന്നതായി സമീപവാസികളായ ചെറുപ്പക്കാരില്‍ നിന്നും വിവരം ലഭിച്ചതാണ് കേസിന് തുമ്പായത്. 2012 ജൂണില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പി
ച്ച കേസില്‍ സുനില്‍ കുമാറിനൊപ്പം കൂട്ടുപ്രതിയായ ബിനുവില്‍ കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണമാണ് കുറ്റവാളികളെ കുടുക്കിയത്. പ്രതികളെ കോടതി റിമാന്റ് ചെയ്തു.
അന്വേഷണ സംഘത്തില്‍ എ.എസ്.ഐമാരായ രവി, റെജി വറുഗീസ്, എല്‍ദോ, സീനീയര്‍ സി.പി.ഒ പ്രസാദ്, ഹമീദ് എന്നിവരും ഉണ്ടായിരുന്നു

മംഗളം 28.04.2013


കാരുണ്യ ഹൃദയതാളം പദ്ധതി: വെങ്ങോലയിലെ നിര്‍ബന്ധിത പണപ്പിരിവിനെതിരെ എന്‍.സി.പിയും രംഗത്ത്


വിജിലന്‍സ് അന്വേഷണം വേണമെന്ന്


പെരുമ്പാവൂര്‍: വെങ്ങോല ഗ്രാമപഞ്ചായത്തില്‍ നടപ്പാക്കുന്ന കാരുണ്യ ഹൃദയതാളം പദ്ധതിയ്ക്കുവേണ്ടി നിര്‍ബന്ധിത പണപ്പിരിവ് നടത്തുന്നതിനെതിരെ എന്‍.സി.പി രംഗത്ത്. പദ്ധതിയുടെ പേരില്‍ നടക്കുന്ന അനധികൃത പണപ്പിരിവിനെതിരെ വിജിലന്‍സ് അന്വേഷണം വേണമെന്നാണ് ആവശ്യം.
വ്യവസായങ്ങളുടെ ലൈസന്‍സിംഗ് അതോറിറ്റി എന്ന നിലിലുള്ള അധികാരം ദുര്‍വിനിയോഗം ചെയ്ത് പ്ലൈവുഡ്/ക്രഷര്‍ വ്യവസായികളോട് ഒരു ലക്ഷം രൂപ വീതം നിര്‍ബന്ധമായി ആവശ്യപ്പെട്ടതിനെതിരെയാണ് എന്‍.സി.പി ജില്ലാ പ്രസിഡന്റ് ടി.പി അബ്ദുള്‍ അസീസ് രംഗത്ത് വന്നിട്ടുള്ളത്.
പഞ്ചായത്ത് സെക്രട്ടറിയുടെ ഒപ്പും സീലും ഇല്ലാതെ ഒരേ നമ്പറില്‍ നിരവധി കൂപ്പണുകള്‍ അടിച്ചിറക്കി പ്രസിഡന്റും ഒരു വിഭാഗം മെമ്പര്‍മാരും ചേര്‍ന്നാണ് പണം പിരിക്കുന്നത്. പാവപ്പെട്ടവരെ സഹായിക്കാന്‍ എന്ന പേരിലാണ് ഈ പകല്‍കൊള്ള
എം.എം അവറാന്‍ മുമ്പ് പ്രസിഡന്റായിരുന്നപ്പോള്‍ സംഘടിപ്പിച്ച സമൂഹ വിവാഹത്തിന്റെ പേരിലും സമ്പൂര്‍ണ ആരോഗ്യ മേളയുടെ പേരിലും വ്യാപകമായ പണപ്പിരിവ് നടന്നിരുന്നു. ഇതിനെതിരെ ആക്ഷേപവുമായി ജനം രംഗത്ത് വന്നെങ്കിലും ഒരു അന്വേഷണവും നടന്നില്ല. അതുതന്നെയാണ് ഇപ്പോഴും ആവര്‍ത്തിയ്ക്കുന്നത്. അനധികൃത പിരിവ് സംബന്ധിച്ച് മാധ്യമങ്ങളില്‍ വന്ന വാര്‍ത്തയ്ക്ക് യൂത്ത് കോണ്‍ഗ്രസിനെക്കൊണ്ടാണ് മറുപടി പറയിച്ചത്. അതും അപഹാസ്യമായി.
കാരുണ്യ ഹൃദയതാളം പദ്ധതിയുടെ പേരിലും മുമ്പ് സമൂഹ വിവാഹത്തിന്റേയും ആരോഗ്യ മേളയുടേയും പേരിലും നടന്ന അനധികൃത പണപ്പിരിവ് സംബന്ധിച്ച് അന്വേഷണം നടത്തി നടപടി സ്വീകരിക്കണമെന്നാണ് എന്‍.സി.പിയുടെ ആവശ്യം. അതില്ലെങ്കില്‍ വിജിലന്‍സ് കോടതിയെ സമീപിയ്ക്കാനാണ് തീരുമാനം. ഇതിനുപുറമെ ക്രമക്കേടുകള്‍ സംബന്ധിച്ച് പഞ്ചായത്ത് വകുപ്പ് മന്ത്രി എം.കെ മുനീറിന് ടി.പി അബ്ദുള്‍ അസീസ് പരാതി നല്‍കിയിട്ടുമുണ്ട്.

മംഗളം 28.04.2013

Saturday, April 27, 2013

ഒക്കല്‍ പഞ്ചായത്ത് പ്രസിഡന്റിന്റെ നിര്‍ദ്ദേശങ്ങള്‍ക്ക് പുല്ലുവില; രാജിവച്ച് ഒഴിയണമെന്ന് പ്രതിപക്ഷം


പെരുമ്പാവൂര്‍: ഒക്കല്‍ ഗ്രാമപഞ്ചായത്ത് ഭരണ സമിതി യോഗങ്ങളില്‍ പ്രസിഡന്റിന്റെ നിര്‍ദ്ദേശങ്ങള്‍ക്ക് പുല്ലുവില കല്‍പ്പിച്ച്  തള്ളിക്കളയുന്നത് പതിവായി. വ്യാഴാഴ്ച ചേര്‍ന്ന ഭരണ സമിതി യോഗത്തില്‍ രണ്ട് വട്ടമാണ് പ്രസിഡന്റ് അന്‍വര്‍ മുണ്ടേത്തിന്റെ നിര്‍ദ്ദേശങ്ങള്‍ കമ്മിറ്റി വോട്ടിനിട്ട് തള്ളിയത്.
പുതിയതായി ലഭിച്ച പദ്ധതി വിഹിതം കൂടി ഉള്‍കൊള്ളിച്ച് ധനകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചര്‍ച്ച നടത്തുന്നതിനെയാണ് പ്രസിഡന്റ് എതിര്‍ത്തത്. നടപ്പു വര്‍ഷത്തെ പദ്ധതി രൂപീകരണം അടുത്തമാസം 31 നകം പൂര്‍ത്തീകരിക്കണമെന്നിരിക്കെ അതില്‍ കാലതാമസം വരുത്താനുള്ള നിര്‍ദ്ദേശങ്ങളാണ് പ്രസിഡന്റ് കമ്മിറ്റിയില്‍ അവതരിപ്പിച്ചെതെന്ന് പ്രതിപക്ഷ മെമ്പര്‍ കെ.ഡി ഷാജി ചൂണ്ടിക്കാണിച്ചു. ഒടിഞ്ഞ് വീണ് അപകടമുണ്ടാകാന്‍ സാധ്യതയുള്ള വൈദ്യുതി കാല്‍ മാറുന്നതിലും ഹോമിയോ ആശുപത്രിയിലെ കിണര്‍ കുഴിക്കുന്നതും ഉള്‍പ്പെടെയുള്ള അടിയന്തിര പ്രവര്‍ത്തികളില്‍ പോലും പ്രസിഡന്റ് കാലതാമസം വരുത്തുന്നുവെന്നാണ് ആക്ഷേപം.
പതിനാറ് അംഗങ്ങളുള്ള ഭരണ സമിതിയില്‍ 13 പേരും കോണ്‍ഗ്രസില്‍ നിന്നുള്ളവരാണ്. എങ്കിലും പ്രതിപക്ഷത്തുള്ളതിനേക്കാള്‍ എതിര്‍പ്പ് പ്രസിഡന്റിന് സ്വന്തം കക്ഷിക്കാരില്‍ നിന്നാണ്. അതുകൊണ്ടുതന്നെ മുന്‍ വര്‍ഷം തനതു ഫണ്ടില്‍ ഒരു രൂപയുടെപോലും ജോലികള്‍ നടന്നില്ല. തെരുവുവിളക്കുകളുടെ അറ്റകുറ്റപണികള്‍, ലൈബ്രറികള്‍ക്കുള്ള പുസ്തകം നല്‍കല്‍, റോഡു നിര്‍മ്മാണം തുടങ്ങിയവയെല്ലാം നടക്കാതെ പോയി.
നാടിനും നാട്ടുകാര്‍ക്കും അന്‍വര്‍ മുണ്ടേത്തിന്റെ ഭരണം ഭാരവും അപമാനവുമായി മാറിയിരിക്കുകയാണെന്നും ജനവിരുദ്ധ നയങ്ങള്‍ക്കെതിരെ ശക്തമായ ജനകീയ സമരങ്ങള്‍ ഉയര്‍ത്തിക്കൊണ്ടുവരുമെന്നും മെമ്പര്‍ കെ.ഡി ഷാജി അറിയിച്ചു.

മംഗളം 27.04.2013


അവഗണനയുടെ അഞ്ചാണ്ടുകള്‍; വേലായുധന് നരകജീവിതം ബാക്കി


പെരുമ്പാവൂര്‍: മാനസിക രോഗം ബാധിച്ചതിനെ തുടര്‍ന്ന് ആരും തിരിഞ്ഞു നോക്കാതായ യുവാവിന് അഞ്ചു വര്‍ഷം തുടര്‍ച്ചയായ നരകജീവിതം. 
വാഴക്കുളം ഗ്രാമപഞ്ചായത്ത് മൂന്നാം വാര്‍ഡില്‍ മുണ്ടയ്ക്കാകുറ്റി ഭാഗത്ത് മാറാപ്പിള്ളിപറമ്പ് വീട്ടില്‍ പരേതനായ പരമേശ്വരന്റെ മകന്‍ വേലായുധ (40) നാണ് കഴിഞ്ഞ 5 വര്‍ഷമായി തന്റെ വീട്ടില്‍ ഒറ്റപ്പെട്ടുകഴിയുന്നത്.  മൂന്ന് സഹോദരന്മാരും ഒരു സഹോദരിയുമുള്ള ഇയാള്‍ക്ക് ഒരു നാല്‍ക്കാലി മൃഗത്തിന് കിട്ടുന്ന പരിഗണനപോലും ലഭിയ്ക്കുന്നില്ല. 
വസ്ത്രങ്ങള്‍ പോലും ധരിയ്ക്കാതെയാണ് ഈ മനുഷ്യന്റെ ജീവിതം. കാലിലും ശരീരത്തിലുമുണ്ടായ വലിയ വ്രണങ്ങള്‍ പഴുത്തൊലിയ്ക്കുന്നു. വീടു മുഴുവന്‍ മലമൂത്രവിസര്‍ജ്ജനം ചെയ്ത് ദുര്‍ഗന്ധം വമിക്കുന്ന നിലയിലാണ്. കൃത്യമായി ഭക്ഷണമോ കുടിവെള്ളമോ പോലും ഇയാള്‍ക്ക് ലഭിക്കുന്നില്ല. 
അഞ്ച് വര്‍ഷം മുമ്പ് അമ്മയുടെ മരണത്തെതുടര്‍ന്നാണ് കല്‍പ്പണിക്കാരനായ വേലായുധന്‍ മനോരോഗിയായി മാറിയത്. വേലായുധന്റെ പേരില്‍ പതിനെട്ട് സെന്റ് ഭൂമിയും ഓടിട്ട ചെറിയ ഒരു വീടും ഉണ്ട്.  
കോടതി ഇടപെടലിനെ തുടര്‍ന്ന് ഇയാളുടെ ഭൂമിയില്‍ നിന്ന് 5 സെന്റ് വില്‍പ്പന നടത്തി. അങ്ങനെ ലഭിച്ച അഞ്ച് ലക്ഷം രൂപ ബാങ്കില്‍ നിക്ഷേപിച്ച് വേലായുധനെ ശുശ്രൂഷിയ്ക്കാന്‍ കോടതി മൂത്ത സഹോദരനെ ചുമതലപ്പെടുത്തി. എങ്കിലും വേലായുധന് വേണ്ട പരിചരണം ലഭിച്ചിരുന്നില്ലെന്ന് നാട്ടുകാര്‍ പറയുന്നു. 
തൊട്ടടുത്ത് താമസിക്കുന്ന സഹോദരങ്ങളില്‍ ആരെങ്കിലും എന്തെങ്കിലും ഭക്ഷണം ഇയാള്‍ക്ക് കൊടുത്താല്‍ ആയി. മറ്റ് പരിസരവാസികള്‍ ഭക്ഷണം കൊടുക്കാന്‍ ഇവര്‍ അനുവദിക്കാറുമില്ല. കൂടുതല്‍ ഭക്ഷണം കൊടുത്താല്‍ ഇയാളുടെ മലവും മൂത്രവും നിങ്ങള്‍ മാറ്റുമോ എന്നാണ് ഇവരുടെ ചോദ്യം.
മനുഷ്യമനസാക്ഷിയെ ഞെട്ടിക്കുന്ന വേലായുധന്റെ  അവസ്ഥയ്ക്ക് പരിഹാരം കാണണമെന്ന് ആവശ്യപ്പെട്ട് പരിസരവാസികള്‍ ഇപ്പോള്‍ പഞ്ചായത്ത് പ്രസിഡന്റിന് നിവേദനം നല്‍കിയിരിക്കുകയാണ്.

മംഗളം 27.04.2013

Friday, April 26, 2013

ഇരുവൃക്കകളും തകരാറിലായ യുവാവ് ചികിത്സാ സഹായം തേടുന്നു


പെരുമ്പാവൂര്‍: ഇരുവൃക്കകളും തകരാറിലായതിനെ തുടര്‍ന്ന് ഗുരുതരാവസ്ഥയിലായ യുവാവ് ചികിത്സാ സഹായം തേടുന്നു.
കൂടാലപ്പാട് മാരിയില്‍ വീട്ടില്‍ എം.കെ മനോജ് (38) ആണ് സഹായം തേടുന്നത്. എറണാകുളം മെഡിക്കല്‍ ട്രസ്റ്റ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന മനോജിന് ഇപ്പോള്‍ ആഴ്ചയില്‍ രണ്ടുവട്ടം ഡയാലിസിസ് വേണം. ഭാര്യയും രണ്ടു കുട്ടികളും അമ്മയും ഈ യുവാവിനെ ആശ്രയിച്ച് കഴിയുന്നവരാണ്. ജോലിയൊന്നും ചെയ്യാനാവാതെ മനോജ് അവശനിലയില്‍ ആയതോടെ ഈ കുടുംബം ഒന്നടങ്കം പ്രതിസന്ധിയിലായി.
വൃക്കമാറ്റിവച്ച് ശസ്ത്രക്രിയ നടത്തുന്നതിനുവേണ്ടി കൂടാലപ്പാട് ന്യൂ ഫ്‌ളൈയിംഗ് ആര്‍ട്ട്‌സ് ആന്റ് സ്‌പോര്‍ട്ട്‌സ് ക്ലബ് മനോജ് വെല്‍ഫെയര്‍ കമ്മിറ്റി രൂപീകരിച്ച് ധനസമാഹരണം തുടങ്ങിയിട്ടുണ്ട്. ഇതിനായി ക്ലബ് പ്രസിഡന്റ് അരുണ്‍ കെ ദേവ്, സെക്രട്ടറി ജിസ്റ്റോമോന്‍ ദേവസി, കമ്മിറ്റി അംഗം നവീന്‍ ബാലന്‍ എന്നിവരുടെ പേരില്‍ യൂണിയന്‍ ബാങ്ക് ഓഫ് ഇന്ത്യ കൂവപ്പടി ബ്രാഞ്ചില്‍ ജോയിന്റ് അക്കൗണ്ട് തുറന്നിട്ടുണ്ട്. ധനസഹായം നല്‍കാന്‍ താല്‍പര്യമുള്ളവര്‍ക്ക് 338702010020071 എന്ന അക്കൗണ്ട് നമ്പറിലേയ്ക്ക് പണം നിക്ഷേപിക്കാം. കൂടുതല്‍ വിവരങ്ങള്‍ക്ക് 80862525593 എന്ന നമ്പറില്‍ ബന്ധപ്പെടാം

മംഗളം 26.04.2013

മകളെ പീഡിപ്പിച്ച പിതാവ് പോലീസ് പിടിയില്‍


പെരുമ്പാവൂര്‍: മകളെ പീഡിപ്പിച്ച പിതാവ് പോലീസ് പിടിയിലായി.
കൊമ്പനാട് പുലിയണ്ണിപ്പാറ പുത്തന്‍പുരയില്‍ ശിവ (53) നാണ് അറസ്റ്റിലായത്. വിഷുവിന്റെ പിറ്റേന്ന് വീട്ടില്‍ ആരുമില്ലാതിരുന്നപ്പോഴാണ് ഇയാള്‍ പെണ്‍കുട്ടിയെ പീഡിപ്പിച്ചത്. എന്നാല്‍ ഇക്കഴിഞ്ഞദിവസമാണ് കുട്ടിയില്‍ നിന്ന് അമ്മ വിവരം അറിയുന്നത്. അമ്മ അന്നു തന്നെ പോലീസില്‍ പരാതി നല്‍കി. വൈദ്യ പരിശോധനയില്‍ കുട്ടി പീഡിയ്ക്കപ്പെട്ടതായി തെളിഞ്ഞതോടെ ശിവനെ സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ ക്രിസ്പിന്‍ സാമിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റ് ചെയ്യുകയായിരുന്നു. പ്രതിയെ കോടതി റിമാന്റ് ചെയ്തു.

 മംഗളം 26.04.2013

Thursday, April 25, 2013

ഈസ്റ്റ് ഒക്കല്‍ നവഭാരത് ഗ്രന്ഥശാല സുവര്‍ണ ജൂബിലി നിറവില്‍


പെരുമ്പാവൂര്‍: ഈസ്റ്റ് ഒക്കല്‍ നവഭാരത് റീഡിംഗ് റൂം ആന്റ് ലൈബ്രറി സുവര്‍ണ ജൂബിലി നിറവില്‍.
ഒരു വര്‍ഷം നീണ്ടുനില്‍ക്കുന്ന സുവര്‍ണ ജൂബിലി ആഘോഷങ്ങള്‍ 27 ന് സാജുപോള്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്യുമെന്ന് ലൈബ്രറി ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു.
1963 ല്‍ കെ.യു വാസുദേവന്‍ മാസ്റ്ററുടേയും ടി.എന്‍ ഗോവിന്ദപിള്ളയുടേയും നേതൃത്വത്തില്‍ തുടങ്ങിയ വായനശാലയാണ് ഇത്. സ്വന്തമായി രണ്ട് സെന്റ് സ്ഥലവും രണ്ടുനിലകെട്ടിടവുമുള്ള വായനശാലയില്‍ 7022 പുസ്തകങ്ങളാണ് ഉള്ളത്. എഴുന്നൂറില്‍പ്പരം അംഗങ്ങളുള്ള ലൈബ്രറിയ്ക്ക് കീഴില്‍ നാട്ടുവെളിച്ചം, ബാലവേദി, വനിതാവേദി തുടങ്ങിയ സഹോദരസംഘടനകളും ഉണ്ട്. യുവാക്കള്‍ക്ക് പി.എസ്.സി പരീക്ഷയ്ക്കുള്ള പരിശീലനം, പ്രതിവാര ചര്‍ച്ചാക്ലാസുകള്‍, കലാകായിക മത്സരങ്ങള്‍ തുടങ്ങിയവയും ഇവിടെ തുടര്‍ച്ചയായി നടക്കുന്നു.
സുവര്‍ണ ജൂബിലിയുടെ ഭാഗമായി ഒരു വര്‍ഷം നീണ്ടു നില്‍ക്കുന്ന ആഘോഷ പരിപാടികളാണ് സംഘടിപ്പിച്ചിട്ടുള്ളത്. സെമിനാറുകള്‍, ക്വിസ് മത്സരം, പഠനയാത്രകള്‍, ഗൃഹസമ്പര്‍ക്ക പരിപാടികള്‍ എന്നിവയ്ക്ക് പുറമെ ലൈബ്രറി  പ്രവര്‍ത്തകര്‍ ഒരു ഹ്രസ്വചിത്രവും നിര്‍മ്മിയ്ക്കുന്നുണ്ട്. 
ലൈബ്രറി  പ്രസിഡന്റ് എസ്.കെ മീതിയന്റെ അദ്ധ്യക്ഷതയില്‍ ചേരുന്ന സമ്മേളനത്തില്‍ ജില്ലാ വികസനകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ ബാബു ജോസഫ്, ഒക്കല്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അന്‍വര്‍ മുണ്ടേത്ത്, ബ്ലോക്ക് പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ പോള്‍ വറുഗീസ്, ഒക്കല്‍ സഹകരണ ബാങ്ക് പ്രസിഡന്റ് കെ.ഡി ഷാജി, ജനപ്രതിനിധികളായ മിനി സാജന്‍, റെജീന ജലീല്‍, ലൈബ്രറി കൗണ്‍സില്‍ സെക്രട്ടറി പി.ജി സജീവ് തുടങ്ങിയവര്‍ പങ്കെടുക്കും. തുടര്‍ന്ന് കൊച്ചിന്‍ മന്‍സൂറിന്റെ ഗാനസന്ധ്യയും നടക്കുമെന്ന് ലൈബ്രറി ഭാരവാഹികളായ പ്രസിഡന്റ് എസ്.കെ മീതിയന്‍, സെക്രട്ടറി ജീനീഷ് പി.എം, വൈസ് പ്രസിഡന്റ് പി. മധുസൂദനന്‍, ആഘോഷകമ്മിറ്റി ചെയര്‍മാന്‍ ഇമ്മാനുവല്‍ കെ.ജെ തുടങ്ങിയവര്‍ അറിയിച്ചു.

മംഗളം 25.04.2013

കാരുണ്യ ഹൃദയതാളം പദ്ധതി: അപവാദപ്രചരണങ്ങള്‍ക്കെതിരെ വെങ്ങോല ഗ്രാമപഞ്ചായത്ത് നിയമനടപടികള്‍ സ്വീകരിക്കുമെന്ന്


പെരുമ്പാവൂര്‍: നിര്‍ദ്ധനരും നിരാലംബരുമായ രോഗികളെ സഹായിക്കുന്നതിന് രൂപം നല്‍കിയ കാരുണ്യ ഹൃദയതാളം  പദ്ധതിയ്‌ക്കെതിരെ അപവാദ പ്രചരണങ്ങള്‍ നടത്തുന്നവര്‍ക്കെതിരെ നിയമ നടപടി സ്വീകരിക്കുമെന്ന് വെങ്ങോല ഗ്രാമപഞ്ചായത്ത് പ്രസിഡന്റുകൂടിയായ പദ്ധതി ചെയര്‍മാന്‍ എം.എം അവറാന്‍ മുന്നറിയിപ്പ് നല്‍കി.
ഭരണ-പ്രതിപക്ഷ ഭേതമില്ലാതെ ഏകകണ്ഠമായായണ് പദ്ധതിയ്ക്ക് അംഗീകാരം നല്‍കിയത്. ഫണ്ട് ശേഖരണത്തില്‍ പ്രതിപക്ഷ അംഗങ്ങളും പങ്കാളികളാണ്. എന്നാല്‍ ഇപ്പോള്‍ പ്രതിപക്ഷം അവരുടെ യുവജന സംഘടനയെ ഉപയോഗിച്ച് പദ്ധതി അട്ടിമറിയ്ക്കാന്‍ ശ്രമിക്കുന്നത് രാഷ്ട്രീയ നെറികേടാണെന്നും   പ്രസിഡന്റും പദ്ധതി കണ്‍വീനര്‍ സി.എം അഷറഫും കുറ്റപ്പെടുത്തുന്നു. 
സംഭാവന കൂപ്പണുകള്‍ പഞ്ചായത്ത് മെമ്പര്‍മാര്‍ വഴി മാത്രമാണ് വിതരണം ചെയ്തത്. ഓരോ മെമ്പര്‍മാര്‍ക്കും ഒന്നുമുതല്‍ 25 വരെ നമ്പറുകളിലുള്ള കൂപ്പണുകളാണ് നല്‍കിയത്. അതുകൊണ്ടാണ് കൂപ്പണുകളില്‍ ഒരേ നമ്പറുകള്‍ കണ്ടത്. പിരിച്ച തുകമുഴുവന്‍ പദ്ധതിയുടെ പേരില്‍ ഫെഡറല്‍ ബാങ്കിന്റെ വെങ്ങോല ശാഖയില്‍ നിക്ഷേപിച്ചിട്ടുണ്ട്. 
ഗവണ്‍മെന്റിന്റെ കാരുണ്യ ചികിത്സാപദ്ധതിയ്ക്കുള്ള ഫോറമാണ് ഹൃദയതാളം പദ്ധതിയ്ക്കുള്ള ഫോറം അച്ചടിയ്ക്കാന്‍ മാതൃകയായി കൊടുത്തിരുന്നത്. ഭാഗ്യക്കുറി ഓഫീസറുടെ പേര് ഫോറത്തില്‍ വന്നത് അച്ചടി തകരാര്‍ മാത്രമാണ്. ഇത് മഷികൊണ്ട് വെട്ടിയാണ് ആളുകള്‍ക്ക് കൊടുക്കുന്നത്.എന്നിട്ടും അത് പര്‍വ്വതീകരിക്കുന്നത് പദ്ധതിയെ തകര്‍ക്കാനുള്ള ഗൂഢലക്ഷ്യത്തിന്റെ ഭാഗമാണെന്ന് ഭാരവാഹികള്‍ ചൂണ്ടിക്കാണിയ്ക്കുന്നു.

മംഗളം 25.04.2013

പള്ളി ഓഡിറ്റോറിയം നിര്‍മ്മാണത്തിനിടെ തകര്‍ന്നു; പതിമൂന്നു പേര്‍ക്ക് പരുക്ക്


പെരുമ്പാവൂര്‍: ഇസ്ലാം പള്ളി വക ഓഡിറ്റോറിയം നിര്‍മ്മാണത്തിനിടയില്‍ തകര്‍ന്ന് നിരവധിപ്പേര്‍ക്ക് പരുക്ക്. ആരുടേയും നില ഗുരുതരമല്ല. 
പാറപ്പുറം കാരിയേലിപ്പടി ഭാഗത്തുള്ള സൗത്ത് വല്ലം നൂറുല്‍ ഹുദ മസ്ജിദിന്റെ ഓഡിറ്റോറിയമാണ് ഒന്നാം നില വാര്‍ക്കുന്നതിനിടയില്‍ തകര്‍ന്നു വീണത്. കെട്ടിടത്തിന്റെ മുകളിലുണ്ടായിരുന്ന പണിക്കാരും പള്ളിക്കമ്മിറ്റിക്കാരും മറ്റു നാട്ടുകാര്‍ക്കുമാണ് പരുക്കേറ്റത്. 
ഇന്നലെ വൈകിട്ട് ആറു മണിയോടെയാണ് കെട്ടിടം തകര്‍ന്നത്. വാര്‍ക്കയ്ക്ക് താങ്ങു കൊടുത്തിരുന്ന ഇരുമ്പിന്റെ കാലുകള്‍ തെന്നിപ്പോയതോ ഒടിഞ്ഞതോ ആകാം അപകടകാരണമെന്ന് കരുതുന്നു. കെട്ടിടം തകര്‍ന്നതോടെ മുകളിലുണ്ടായിരുന്നവര്‍ താഴെ വീഴുകയും വാര്‍ക്കയ്ക്ക് ഇടയില്‍ പെട്ടുപോവുകയുമായിരുന്നു. ഫയര്‍ഫോഴ്‌സും ഓടിക്കൂടിയ നാട്ടുകാരും ചേര്‍ന്നാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്.
കെട്ടിടം പണിയ്ക്ക് മേല്‍നോട്ടം വഹിച്ചിരുന്ന പെരുമ്പാവൂര്‍ കാരിയേലി അബ്ദുള്‍ ലത്തീഫ് (48), മുനിസിപ്പല്‍ എഞ്ചിനീയര്‍ സൗത്ത് വല്ലം ചെന്താര വീട്ടില്‍ ബഷീര്‍ (52), സൗത്ത് വല്ലം പേരേപ്പറമ്പില്‍ ഉമ്മര്‍ (55), കോട്ടപ്പടി ചാത്തന്‍ചിറ ബിജു (35), കൂവപ്പടി ചിറ്റൂപ്പറമ്പന്‍ ജോബി (33), ചാലക്കുടി ചിറയത്ത് റാഫേല്‍ (52), മാണിയ്ക്കന്‍ വീട്ടില്‍ ഷിബു (42), കൂടാലപ്പാട് മേപ്പിള്ളി ബിന്‍സായ് (23), മരോട്ടിച്ചോട് സ്വദേശികളായ ജോയി (45), ഷാഹുല്‍ ഹമീദ് (24),   മാള ആലത്തൂര്‍ സ്വദേശി (42)  അന്യസംസ്ഥാന തൊഴിലാളികളായ ഷാഹുല്‍ (32), മുസഫ് (30) എന്നിവരെ സാന്‍ജോ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്.

മംഗളം 25.04.2013

Wednesday, April 24, 2013

കാരുണ്യ ഹൃദയതാളം പദ്ധതി : സര്‍ക്കാര്‍ പദ്ധതിയെന്ന് തെറ്റിദ്ധരിപ്പിയ്ക്കാന്‍ അപേക്ഷാ ഫോമില്‍ ജില്ലാ ഭാഗ്യക്കുറി ഓഫീസറുടെ പേര്


പെരുമ്പാവൂര്‍: വെങ്ങോല ഗ്രാമപഞ്ചായത്ത് നടപ്പാക്കുന്ന കാരുണ്യ ഹൃദയതാളം പദ്ധതി സര്‍ക്കാര്‍ പദ്ധതിയെന്ന് തെറ്റിദ്ധരിപ്പിക്കാന്‍ അപേക്ഷാ ഫോറത്തില്‍ ജില്ലാ ഭാഗ്യക്കുറി ഓഫീസറുടെ പേര് ചേര്‍ത്തെന്ന് ആക്ഷേപം
പദ്ധതിയുടെ  പേരില്‍ വ്യാപകമായി അനധികൃത പണപ്പിരിവ് നടത്തുന്നതായുള്ള ആക്ഷേപങ്ങള്‍ക്ക് പുറമെയാണ് ഇത്. ഭാഗ്യക്കുറി വകുപ്പിന്റെ കാരുണ്യ ചികിത്സാനിധി അനുകരിച്ച് പഞ്ചായത്ത് നിവാസികളില്‍ നിന്ന് വന്‍തോതില്‍ പണം പിരിച്ചെടുക്കുകയാണെന്ന് കാണിച്ച് ഡി.വൈ.എഫ്.ഐ അറയ്ക്കപ്പടി വില്ലേജ് കമ്മിറ്റി സംസ്ഥാന ഭാഗ്യക്കുറി ഡയറക്ടര്‍ക്ക് പരാതി നല്‍കിയിട്ടുണ്ട്.
കാരുണ്യ പദ്ധതിയ്ക്കായി സര്‍ക്കാര്‍ കൊടുക്കുന്ന പരസ്യങ്ങള്‍ ജനങ്ങളില്‍ ഉണ്ടാക്കുന്ന സ്വാധീനം ദുര്‍വിനിയോഗം ചെയ്ത് സ്വന്തം പേരില്‍ ഭരണ പക്ഷം ധന സമാഹരണം നടത്തുകയാണെന്ന് വില്ലേജ് കമ്മിറ്റി പ്രസിഡന്റ് അഡ്വ. ബേസില്‍ കുര്യാക്കോസും സെക്രട്ടറി എ.എച്ച് ഷിഹാബും പറയുന്നു. പിരിച്ചെടുക്കുന്ന തുക പഞ്ചായത്ത് അക്കൗണ്ടില്‍ നിക്ഷേപിക്കുന്നില്ല. ഇതര തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ ദുരിതാശ്വാസ നിധിയെന്ന പേരില്‍ ധനം  സമാഹരിക്കുന്നത് സര്‍ക്കാര്‍ അക്കൗണ്ടിലാണ് നിക്ഷേപിയ്ക്കുക. സംഭാവന നല്‍കുന്നവര്‍ക്ക് നികുതി ഇളവ് ലഭിക്കുകയും ചെയ്യും. 
അതെ സമയം, വെങ്ങോല ഗ്രാമപഞ്ചായത്തില്‍ പ്രസിഡന്റിന്റെയോ സെക്രട്ടറിയുടെയോ കയ്യൊപ്പൊ പഞ്ചായത്തിന്റെ സീലോ ഇല്ലാതെ 50, 100,200,  500 എന്നിങ്ങനെ തുകകളുടെ കൂപ്പണുകള്‍ തയ്യാറാക്കിയാണ് പിരിവ്. ഇതിനുപുറമെ എഴുതി നല്‍കുന്ന രസീത് പ്രകാരവും പിരിക്കുന്നുണ്ട്. ഒരേ നമ്പറിലുള്ള സംഭാവന കൂപ്പണുകള്‍ ആളുകള്‍ക്ക് നല്‍കിയിട്ടുണ്ട്. ഇത്തരം ക്രമക്കേടുകളെപ്പറ്റി പരാതി ഉയര്‍ന്നതിനെ തുടര്‍ന്ന് പദ്ധതിയെപ്പറ്റി അന്വേഷിക്കാന്‍ എ.ഡി.എം  ഉത്തരവിട്ടിരിക്കുകയാണ്.
എന്നാല്‍ ജനോപകാരപ്രദമായ കാരുണ്യപദ്ധതി അട്ടിമറിയ്ക്കാന്‍ ചിലര്‍ നടത്തുന്ന ശ്രമങ്ങള്‍ വച്ചു പൊറുപ്പിക്കില്ലെന്ന മുന്നറിയിപ്പുമായി യൂത്ത് കോണ്‍ഗ്രസ് രംഗത്ത് വന്നിട്ടുണ്ട്. ഓരോ വാര്‍ഡിലും അതത് മെമ്പര്‍മാര്‍ വഴിയാണ് കൂപ്പണുകള്‍ വിതരണം ചെയ്തിട്ടുള്ളതെന്ന് യൂത്ത് കോണ്‍ഗ്രസ് ഭാരവാഹികളായ മണ്ഡലം പ്രസിഡന്റ് എം.ആര്‍ റിയാസ്, സെക്രട്ടറിമാരായ കെ.കെ ഷമീര്‍, പി.എ ഷിഹാബ്, ബേസില്‍ ജേക്കബ് എന്നിവര്‍ പറയുന്നു. ഒന്നു മുതല്‍ 25 വരെ നമ്പറുകളില്‍ ഓരോ  വാര്‍ഡുകളിലേയ്ക്കും പ്രത്യേകമായി കൂപ്പണുകള്‍ വിതരണം ചെയ്യുകയായിരുന്നു. അതുകൊണ്ടാണ് ഒരേ നമ്പറുള്ള പല കൂപ്പണുകള്‍ കണ്ടതെന്ന് ഇവര്‍ വിശദീകരിച്ചു. ബക്കറ്റുകളിലൂടെ സ്വീകരിക്കുന്ന ചെറിയ തുകകള്‍ പോലും രസീത് കൊടുത്താണ് ഏറ്റെടുക്കുന്നതെന്നും യൂത്ത് കോണ്‍ഗ്രസ് ഭാരവാഹികള്‍ വിശദീകരിച്ചു.
എന്നാല്‍ കാരുണ്യ ഹൃദയതാളം പദ്ധതിക്കെതിരെ തുടര്‍ച്ചയായ ആക്ഷേപങ്ങള്‍ ഉയര്‍ന്നിട്ടും എ.ഡി.എം അന്വേഷണം തുടങ്ങിയിട്ടും പദ്ധതി ചെയര്‍മാന്‍കൂടിയായ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം.എം അവറാനും കണ്‍വീനറും ഔദ്യോഗികമായ പ്രതികരണത്തിന് ഇനിയും തയ്യാറായിട്ടില്ല.

മംഗളം 24.04.2013

എം.എല്‍.എയും നഗരസഭ ചെയര്‍മാനും കൈകോര്‍ത്തു; ജില്ലാതല പഞ്ചഗുസ്തി മത്സരം ആവേശമായി


പെരുമ്പാവൂര്‍: എല്‍.ഡി.എഫ് എം.എല്‍.എ സാജുപോളും യു.ഡി.എഫ് നഗരസഭ ചെയര്‍മാന്‍ കെ.എം.എ സലാം മുഖാമുഖം കൈകോര്‍ത്തപ്പോള്‍ പഞ്ചഗുസ്തി മത്സരം കാണാനെത്തിയവര്‍ക്ക് ഇരട്ടി ആവേശം.
നമ്മുടെ സ്വന്തം എം.എല്‍.എയല്ലേയെന്ന് ചെയര്‍മാന്‍ വിട്ടുവീഴ്ച ചെയ്തതോടെ ഉദ്ഘാടനമത്സരത്തില്‍ സാജുപോളിന് വിജയം.
പെരുമ്പാവൂരില്‍ നടന്ന ജില്ലാതല പഞ്ചഗുസ്തി മത്സരത്തിന്റെ ഉദ്ഘാടന ചടങ്ങാണ് ജനപ്രതിനിധികളുടെ സൗഹൃദ മത്സരത്തോടെ ഹൃദ്യമായി മാറിയത്. ചടങ്ങില്‍ പെരുമ്പാവൂര്‍ സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ വി.റോയിയും പ്രസ് ക്ലബ് സെക്രട്ടറി യു മുഹമ്മദ് കുഞ്ഞും പ്രസംഗിച്ചു.
ജില്‍മോന്‍.പി.എം, അനൂപ് എം.എ (55 കിലോ വിഭാഗം), സജീഷ് പി.വി, ഗയസ് കെ.ബി (60 കിലോ), നോബി കെ.എഫ്, നിധിന്‍ ആന്റണി (65 കിലോ), രജീഷ് ആര്‍, മഹേഷ് ടി.പി (70 കിലോ), മനോജ് കെ.എസ്, ശ്രീനാഥ് എന്‍.എസ് (75 കിലോ), ബിനോജ് കെ.എസ്, രാഹുല്‍ പി.ആര്‍ (80 കിലോ), സുനില്‍ കുമാര്‍ വി.ഡി, ബിനു എം.വി (85 കിലോ), സജീവ് കെ.എസ്, ചാര്‍ളി ജോയ് (90 കിലോ), പ്രദീപ് കെ.എസ് (100 കിലോ), സുരേഷ് കുമാര്‍ ടി.കെ (110 കിലോ), ബെസ്സി സോളമന്‍, ജോണ്‍ കുര്യാക്കോസ് (110 കിലോ യ്ക്ക് മുകളില്‍) എന്നിവര്‍ വിവിധ വിഭാഗ മത്‌സരങ്ങളില്‍ ഒന്നും രണ്ടും സ്ഥാനങ്ങള്‍ നേടി.

മംഗളം 24.04.2013

Tuesday, April 23, 2013

പെരുമ്പാവൂരില്‍ കോണ്‍ഗ്രസിലെ ഗ്രൂപ്പ് കലഹം ശക്തിപ്പെടുന്നു



ആഭ്യന്തര മന്ത്രി ഇന്ന് എത്തും; ഐ ഗ്രൂപ്പ് നേതാക്കള്‍ വിട്ടു നില്‍ക്കുമെന്ന് സൂചന

പെരുമ്പാവൂര്‍: മേഖലയില്‍ കോണ്‍ഗ്രസിലെ എ-ഐ ഗ്രൂപ്പ് പോര് ശക്തിപ്പടുന്നു. എ ഗ്രൂപ്പ് നേതാവായ ആഭ്യന്തരമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ ഇന്ന് പങ്കെടുക്കുന്ന പരിപാടികളില്‍ നിന്നും ഐ ഗ്രൂപ്പ് നേതാക്കളും പ്രവര്‍ത്തകരും പൂര്‍ണമായും വിട്ടു നില്‍ക്കുമെന്ന് സൂചന
കഴിഞ്ഞ ദിവസം വെങ്ങോലയില്‍ തിരുവഞ്ചൂര്‍ എത്തിയപ്പോള്‍ ഐ ഗ്രൂപ്പ് പരിപാടി ബഹിഷ്‌ക്കരിച്ച് മാറി നിന്നിരുന്നു. യൂത്ത് കോണ്‍ഗ്രസ് തെരഞ്ഞെടുപ്പില്‍ വന്‍ ആധിപത്യം സ്ഥാപിച്ച് മടങ്ങിയെത്താന്‍ കൂടി കഴിഞ്ഞതോടെ ഐ ഗ്രൂപ്പ് യാതൊരു വിട്ടുവീഴ്ചകള്‍ക്കും ഇനി തങ്ങളില്ലെന്ന നിലപാടിലാണ്.
അശമന്നൂര്‍ അഗ്രികള്‍ച്ചറല്‍ ഇംപ്രൂവ്‌മെന്റ് കോ-ഓപ്പറേറ്റീവ് സൊസൈറ്റിയുടെ ഉദ്ഘാടനത്തിനും വേങ്ങൂരില്‍ ഐ.എന്‍.ടി.യു.സി പൊതുയോഗത്തിനുമാണ് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ ഇന്ന് പങ്കെടുക്കുന്നത്. എ ഗ്രൂപ്പ് കാരെ മാത്രം ഉള്‍പ്പെടുത്തി രൂപീകരിച്ച സൊസൈറ്റിയുടെ ഉദ്ഘാടനത്തിനും ഐ.എന്‍.ടി.യു.സി ഔദ്യോഗിക വിഭാഗത്തിന്റെ അംഗീകാരം ഇല്ലാത്ത യൂണിറ്റ് സംഘടിപ്പിക്കുന്ന പൊതുസമ്മേളനത്തിനും യു.ഡി.എഫ് കണ്‍വീനര്‍ പി.പി തങ്കച്ചനും ഐ.എന്‍.ടി.യു.സി ജില്ലാ പ്രസിഡന്റ് ടി.പി ഹസനും അടക്കമുള്ള നേതാക്കള്‍ പങ്കെടുക്കില്ലെന്നാണ് അറിയുന്നത്.
മുമ്പ് വെങ്ങോലയിലെ സമ്മേളനത്തിന്റെ നോട്ടീസില്‍ തങ്കച്ചന്‍ ഉള്‍പ്പെടെയുള്ളവരുടെ പേരുണ്ടായിരുന്നില്ല. എന്നാല്‍ അശമന്നൂരില്‍ ഐ ഗ്രൂപ്പ് നേതാക്കള്‍ക്ക് പ്രാധാന്യം നല്‍കിയാണ് പ്രചരണം. അതേസമയം  വിവിധ കോടതികളില്‍ നിന്ന് അനുകൂല വിധിയുണ്ടായിട്ടും ഐ ഗ്രൂപ്പിന്റെ സുബൈദ പരീതിന്റെ സത്യപ്രതിജ്ഞ ചടങ്ങ് വൈകിപ്പിച്ച് എതിര്‍ സ്ഥാനാര്‍ത്ഥിയായ എല്‍.ഡി.എഫിന്റെ സൗദാ ബീവിയ്ക്ക് ഹൈക്കോടതിയില്‍ നിന്ന് സ്റ്റേ വാങ്ങാനുള്ള ഒത്താശ ചെയ്തു കൊടുത്ത എ ഗ്രൂപ്പ് നേതാക്കളോടുള്ള അശമന്നൂരിലെ ഐ വിഭാഗത്തിനുള്ള എതിര്‍പ്പ് ഇന്ന് മറനീക്കാനാണ് സാദ്ധ്യത.

മംഗളം 23.04.2013

പെരുമ്പാവൂരില്‍ കോണ്‍ഗ്രസിലെ ഗ്രൂപ്പ് കലഹം ശക്തിപ്പെടുന്നു



ആഭ്യന്തര മന്ത്രി ഇന്ന് എത്തും; ഐ ഗ്രൂപ്പ് നേതാക്കള്‍ വിട്ടു നില്‍ക്കുമെന്ന് സൂചന

പെരുമ്പാവൂര്‍: മേഖലയില്‍ കോണ്‍ഗ്രസിലെ എ-ഐ ഗ്രൂപ്പ് പോര് ശക്തിപ്പടുന്നു. എ ഗ്രൂപ്പ് നേതാവായ ആഭ്യന്തരമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ ഇന്ന് പങ്കെടുക്കുന്ന പരിപാടികളില്‍ നിന്നും ഐ ഗ്രൂപ്പ് നേതാക്കളും പ്രവര്‍ത്തകരും പൂര്‍ണമായും വിട്ടു നില്‍ക്കുമെന്ന് സൂചന
കഴിഞ്ഞ ദിവസം വെങ്ങോലയില്‍ തിരുവഞ്ചൂര്‍ എത്തിയപ്പോള്‍ ഐ ഗ്രൂപ്പ് പരിപാടി ബഹിഷ്‌ക്കരിച്ച് മാറി നിന്നിരുന്നു. യൂത്ത് കോണ്‍ഗ്രസ് തെരഞ്ഞെടുപ്പില്‍ വന്‍ ആധിപത്യം സ്ഥാപിച്ച് മടങ്ങിയെത്താന്‍ കൂടി കഴിഞ്ഞതോടെ ഐ ഗ്രൂപ്പ് യാതൊരു വിട്ടുവീഴ്ചകള്‍ക്കും ഇനി തങ്ങളില്ലെന്ന നിലപാടിലാണ്.
അശമന്നൂര്‍ അഗ്രികള്‍ച്ചറല്‍ ഇംപ്രൂവ്‌മെന്റ് കോ-ഓപ്പറേറ്റീവ് സൊസൈറ്റിയുടെ ഉദ്ഘാടനത്തിനും വേങ്ങൂരില്‍ ഐ.എന്‍.ടി.യു.സി പൊതുയോഗത്തിനുമാണ് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ ഇന്ന് പങ്കെടുക്കുന്നത്. എ ഗ്രൂപ്പ് കാരെ മാത്രം ഉള്‍പ്പെടുത്തി രൂപീകരിച്ച സൊസൈറ്റിയുടെ ഉദ്ഘാടനത്തിനും ഐ.എന്‍.ടി.യു.സി ഔദ്യോഗിക വിഭാഗത്തിന്റെ അംഗീകാരം ഇല്ലാത്ത യൂണിറ്റ് സംഘടിപ്പിക്കുന്ന പൊതുസമ്മേളനത്തിനും യു.ഡി.എഫ് കണ്‍വീനര്‍ പി.പി തങ്കച്ചനും ഐ.എന്‍.ടി.യു.സി ജില്ലാ പ്രസിഡന്റ് ടി.പി ഹസനും അടക്കമുള്ള നേതാക്കള്‍ പങ്കെടുക്കില്ലെന്നാണ് അറിയുന്നത്.
മുമ്പ് വെങ്ങോലയിലെ സമ്മേളനത്തിന്റെ നോട്ടീസില്‍ തങ്കച്ചന്‍ ഉള്‍പ്പെടെയുള്ളവരുടെ പേരുണ്ടായിരുന്നില്ല. എന്നാല്‍ അശമന്നൂരില്‍ ഐ ഗ്രൂപ്പ് നേതാക്കള്‍ക്ക് പ്രാധാന്യം നല്‍കിയാണ് പ്രചരണം. അതേസമയം  വിവിധ കോടതികളില്‍ നിന്ന് അനുകൂല വിധിയുണ്ടായിട്ടും ഐ ഗ്രൂപ്പിന്റെ സുബൈദ പരീതിന്റെ സത്യപ്രതിജ്ഞ ചടങ്ങ് വൈകിപ്പിച്ച് എതിര്‍ സ്ഥാനാര്‍ത്ഥിയായ എല്‍.ഡി.എഫിന്റെ സൗദാ ബീവിയ്ക്ക് ഹൈക്കോടതിയില്‍ നിന്ന് സ്റ്റേ വാങ്ങാനുള്ള ഒത്താശ ചെയ്തു കൊടുത്ത എ ഗ്രൂപ്പ് നേതാക്കളോടുള്ള അശമന്നൂരിലെ ഐ വിഭാഗത്തിനുള്ള എതിര്‍പ്പ് ഇന്ന് മറനീക്കാനാണ് സാദ്ധ്യത.

മംഗളം 23.04.2013

Sunday, April 21, 2013

വെങ്ങോല ഗ്രാമപഞ്ചായത്തില്‍ അനധികൃത പണപ്പിരിവ്‌; എ.ഡി.എം അന്വേഷണത്തിന്‌ ഉത്തരവിട്ടു


വാര്‍ഡ്‌ മെമ്പര്‍മാര്‍ പിന്‍വലിയുന്നു

പെരുമ്പാവൂര്‍: കാരുണ്യ ഹൃദയതാളം പദ്ധതിയുടെ മറവില്‍ വെങ്ങോല ഗ്രാമപഞ്ചായത്തില്‍ വ്യാപകമായ അനധികൃത പണപ്പിരിവ്‌ നടത്തുന്നതിനെതിരെ എ.ഡി.എം അന്വേഷണത്തിന്‌ ഉത്തരവിട്ടു സംഭവം വിവാദമായതോടെ പണപ്പിരിവ്‌ നടത്താന്‍ തങ്ങള്‍ തയ്യാറല്ലെന്ന്‌ ഭരണ പക്ഷ മെമ്പര്‍ തന്നെ പ്രസിഡന്റിനെ അറിയിച്ചതായും സൂചനയുണ്ട്‌.
പദ്ധതി ചെയര്‍മാന്‍ ഗ്രാമപഞ്ചായത്ത്‌ പ്രസിഡന്റ്‌ എം.എം അവറാനും കണ്‍വീനര്‍ ഗ്രാമപഞ്ചായത്ത്‌ മെമ്പര്‍ സി.എം അഷറഫിനും എതിരെ ഡി.വൈ.എഫ്‌.ഐ അറയ്‌ക്കപ്പടി വില്ലേജ്‌ കമ്മിറ്റി പ്രസിഡന്റ്‌ അഡ്വ.ബേസില്‍ കുര്യാക്കോസ്‌ കളക്‌ടര്‍ക്ക്‌ നല്‍കിയ പരാതിയെ തുടര്‍ന്നാണ്‌ അന്വേഷണം. പദ്ധതിയുടെ പേരില്‍ പൊതു ജനങ്ങളെ കബളിപ്പിച്ച്‌ പണപ്പിരിവിലൂടെ ഇവര്‍ പണം സമ്പാദിക്കുകയാണെന്നാണ്‌ കാണിച്ച്‌ ബേസില്‍ ഓംബുഡ്‌സ്‌ മാനും പരാതി നല്‍കിയിരുന്നു.. വ്യാപാര വ്യവസായ സ്ഥാപനങ്ങളില്‍ നിന്നും പദ്ധതിയ്‌ക്ക്‌ വേണ്ടി ലക്ഷങ്ങളാണ്‌ പിരിയ്‌ക്കുന്നത്‌. വ്യക്തികളില്‍ നിന്നും വന്‍തുക കൈപ്പറ്റുന്നുണ്ട്‌. 
എന്നാല്‍ ഇതിനുവേണ്ടി നിയമവിരുദ്ധമായ സംഭാവനക്കൂപ്പണുകളാണ്‌ അച്ചടിച്ചിട്ടുള്ളതെന്ന്‌ പരാതിയില്‍ പറയുന്നു. ഒരേ നമ്പറിലുള്ള പല സംഭാവന കൂപ്പണുകള്‍ ആളുകള്‍ക്ക്‌ നല്‍കുന്നുണ്ട്‌. സംഭാവനകൂപ്പണുകള്‍ക്ക്‌ കൗണ്ടര്‍ഫോയില്‍ ഇല്ലെന്നും പിരിച്ചെടുത്ത തുകയ്‌ക്ക്‌ കണക്കുകളില്ലെന്നും ഹര്‍ജിയില്‍ പറയുന്നു. 50, 100, 500 എന്നിങ്ങനെയുള്ള തുകകളുടെ കൂപ്പണുകള്‍ക്ക്‌ പുറമെ രസീത്‌ എഴുതിക്കൊടുത്തും പണം കൈപ്പറ്റുന്നുണ്ട്‌. രസീതിലും കൂപ്പണുകളിലും പഞ്ചായത്ത്‌ അധികൃതരുടെ ഒപ്പോ സീലോ ഇല്ലെന്നും പരാതിയിലുണ്ട്‌.
ഏറെ പാവപ്പെട്ടവരില്‍ നിന്ന്‌ ഒരു രൂപ മുതല്‍ വന്‍ സ്ഥാപനങ്ങളില്‍ നിന്ന്‌ ലക്ഷങ്ങള്‍ വരെ പിരിച്ചെടുത്ത്‌ സാമ്പത്തിക തിരിമറി നടത്തുന്ന പ്രസിഡന്റിനും കണ്‍വീനറായ വാര്‍ഡ്‌ മെമ്പര്‍ക്കുമെതിരെ കര്‍ശന നടപടികള്‍ സ്വീകരിക്കണമെന്നാണ്‌ അഡ്വ. ബേസില്‍ കുര്യാക്കോസിന്റെ ആവശ്യം.
ഇതിനിടെ കുടംബശ്രീ അംഗങ്ങളെ ഉപയോഗിച്ച്‌ പണപ്പിരിവ്‌ നടത്താനുള്ള ശ്രമവും തുടങ്ങിയിരുന്നു. പണപ്പിരിവ്‌ വിവാദമായ സാഹചര്യത്തില്‍ കുടുംബശ്രീ അംഗങ്ങളും ഇതിന്‌ കൂട്ടുനില്‍ക്കില്ലെന്ന നിലപാടിലാണെന്നാണ്‌ അറിവ്‌.


മംഗളം 21.04.2013 

മോഷ്‌ടാവ്‌ പിടിയില്‍



പെരുമ്പാവൂര്‍: റബര്‍ ഷീറ്റ്‌ മുതല്‍ ഗ്യാസ്‌ സിലിണ്ടര്‍ വരെ മോഷ്‌ടിച്ച കേസിലെ പ്രതി പോലീസ്‌ പിടിയിലായി.
മൂവാറ്റുപുഴ ആവോലി നടുക്കര തണ്ടയില്‍ തങ്കപ്പന്റെ മകന്‍ പ്രമോദ്‌ (45) ആണ്‌ പിടിയിലായത്‌. ചെമ്പാരത്തുകുന്ന്‌ ഭാഗത്തെ നാട്ടുകാരുടെ സഹായത്തോടെ എസ്‌.ഐ എന്‍.ആര്‍ ശിവനാണ്‌ പ്രതിയെ അറസ്റ്റ്‌ ചെയ്‌തത്‌. ചെറുവേലിക്കുന്ന്‌ പള്ളി മദ്രസയില്‍ നിന്ന്‌ റബര്‍ ഷീറ്റുകള്‍, പോഞ്ഞാശ്ശേരിയിലെ ഒരു വീട്ടില്‍ നിന്ന്‌ രണ്ട്‌ ഗ്യാസ്‌ സിലിണ്ടറുകള്‍, ഗ്രൈന്റര്‍, മറ്റൊരു വീട്ടില്‍ നിന്ന്‌ നാലു ചാക്ക്‌ ഒട്ടുപാല്‍ തുടങ്ങിയവ മോഷ്‌ടിച്ചതായി പ്രതി സമ്മതിച്ചിട്ടുണ്ട്‌. 
പ്രതിയെ കോടതി റിമാന്റ്‌ ചെയ്‌തെങ്കിലും ആരോഗ്യസ്ഥിതി മോശമായതിനാല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിയ്‌ക്കുകയാണ്‌.

മംഗളം 21.04.2013 

Saturday, April 20, 2013

അനധികൃത സംഭരണ ശാലയില്‍ മിന്നല്‍ പരിശോധന; പെരുമ്പാവൂരില്‍ 64 ടണ്‍ റേഷനരി പിടിച്ചെടുത്തു


പെരുമ്പാവൂര്‍: നഗരസഭയുടെ വ്യവസായപാര്‍ക്കില്‍ സ്വകാര്യ വ്യക്തിയുടെ പേരിലുള്ള ഗോഡൗണില്‍ നടത്തിയ മിന്നല്‍ പരിശോധനയില്‍ 64 ടണ്‍ റേഷന്‍ അരി പിടിച്ചെടുത്തു.
കുറുപ്പംപടി സ്വദേശി കളിയിയ്‌ക്കല്‍ സുബിന്‍ ജോസിന്റെ ഗോഡൗണില്‍ നിന്ന്‌ അമ്പതു കിലോ വീതമുള്ള 811 ചാക്ക്‌ പുഴുക്കലരി, 473 ചാക്ക്‌ പച്ചരി, 13 ചാക്ക്‌ ഗോതമ്പ്‌ എന്നിവയാണ്‌ ജില്ലാ സപ്ലൈ ഓഫീസര്‍ കെ സുരേഷ്‌ കുമാറിന്റെ നേതൃത്വത്തിലുള്ള സംഘം ഇന്നലെ ഉച്ചകഴിഞ്ഞ്‌ മൂന്നിന്‌ പിടിച്ചെടുത്തത്‌. അങ്കമാലി എഫ്‌.സി.ഐ ഗോഡൗണില്‍ നിന്ന്‌ റേഷനരി കൊണ്ടു വന്ന്‌ ജെ.എം.ജെ എന്ന ബ്രാന്റ്‌ നെയിമുള്ള ചാക്കുകളിലാക്കി വില്‍പ്പന നടത്തുകയായിരുന്നു എന്ന്‌ അന്വേഷണ ഉദ്യോഗസ്ഥര്‍ പറയുന്നു.
സംഘം പരിശോധനയ്‌ക്കെത്തുമ്പോള്‍ ഗോഡൗണിന്‌ മുന്നില്‍ 130 ചാക്ക്‌ അരി നിറച്ച വാഹനം ഉണ്ടായിരുന്നു. ഗോഡൗണിന്‌ അകത്ത്‌ റേഷനരി ജെ.എം.ജെ എന്ന പേര്‍ രേഖപ്പെടുത്തിയ ചാക്കുകളിലേക്ക്‌ അന്യസംസ്ഥാന തൊഴിലാളികള്‍ മാറ്റി നിറയ്‌ക്കുകയായിരുന്നു. പിടിച്ചെടുത്ത ഭക്ഷ്യ ധാന്യങ്ങള്‍ സിവില്‍ സപ്ലൈസിന്റെ പെരുമ്പാവൂര്‍ ഗോഡൗണിലേയ്‌ക്കും ലോറി കുറുപ്പംപടി പോലീസ്‌ സ്‌റ്റേഷനിലേയ്‌ക്കും മാറ്റി.
പരിശോധന സംഘത്തില്‍ താലൂക്ക്‌ സപ്ലൈ ഓഫീസര്‍മാരായ ടി രാജു, അബ്‌ദുള്‍ മജീദ്‌, പി.പി ജോര്‍ജ്‌, എന്‍.ടി രാജീവ്‌ എന്നിവരും ഉണ്ടായിരുന്നു.

മംഗളം 20.04.2013

പെരുമ്പാവൂരിലെ പടക്ക സംഭരണ ശാലയില്‍ സ്‌ഫോടനം; കെട്ടിടം തകര്‍ന്നു


പെരുമ്പാവൂര്‍: കെ.എസ്‌.ആര്‍.ടി.സി ബസ്‌ സ്റ്റാന്റിന്‌ സമീപം പടക്ക സംഭരണ ശാലയിലുണ്ടായ വന്‍ സ്‌ഫോടനത്തില്‍ കെട്ടിടം പൂര്‍ണ്ണമായി തകര്‍ന്നു. ആളപായമില്ല.
പെരുമ്പാവൂര്‍ കണ്ടത്തില്‍ വീട്ടില്‍ നിത്യാനന്ദന്റെ ഉടമസ്ഥതയിലുള്ള സൂര്യകാന്തി ഫയര്‍ വര്‍ക്‌സിന്റെ പടക്ക സംഭരണ ശാലയിലാണ്‌ ഇന്നലെ രാവിലെ പതിനൊന്ന്‌ മണിയോടെ വന്‍ സ്‌ഫോടനമുണ്ടായത്‌. പടക്കം സംഭരിയ്‌ക്കാന്‍ വേണ്ടി കടയുടെ എതിര്‍വശത്ത്‌ വാടകയ്‌ക്ക്‌ എടുത്ത കെട്ടിടത്തിലായിരുന്നു സംഭവം. കെട്ടിടത്തിന്റെ പിന്‍ഭാഗം പൂര്‍ണ്ണമായി തകര്‍ന്നു. അതേസമയം, കെട്ടിടത്തിന്‌ അകത്ത്‌ അഞ്ചോളം ജോലിക്കാരുണ്ടായിരുന്നെങ്കിലും ആര്‍ക്കും സാരമായ പരുക്കില്ല.
വിവിധ ക്ഷേത്രങ്ങളിലെ ഉത്സവ ആവശ്യങ്ങള്‍ക്കാണ്‌ ഇവിടെ വിഷുവിന്‌ ശേഷവും വന്‍തോതില്‍ പടക്കം ഉള്‍പ്പടെയുള്ള കരിമരുന്ന്‌ ഉത്‌പന്നങ്ങള്‍ സംഭരിച്ചിരുന്നത്‌. ശക്തമായ സ്‌ഫോടനത്തില്‍ കെട്ടിടത്തിന്റെ പിന്‍ഭാഗത്തെ ഓടുമേഞ്ഞ മേല്‍ക്കൂര തകര്‍ന്നു വീണു. ജനല്‍പ്പാളികളും വാതിലുകളും ഇളകിത്തെറിച്ചു. ജനലിന്റെ ഗ്ലാസ്‌ പൊട്ടിത്തകര്‍ന്നു. ചുറ്റുമതിലും തകര്‍ന്നു. ഇതിന്‌ പുറമെ കെട്ടിടത്തിന്റെ ഭിത്തികള്‍ക്ക്‌ വലിയതോതില്‍ വിള്ളല്‍ വീഴുകയും ചെയ്‌തിട്ടുണ്ട്‌.
വേനല്‍ച്ചൂടില്‍ പടക്കത്തിന്‌ സ്വയം തീപിടിച്ചതാകാം എന്നാണ്‌ അനുമാനം. വീടിനോട്‌ ചേര്‍ന്നുള്ള കടയില്‍ പടക്കം സൂക്ഷിയ്‌ക്കാനുള്ള ലൈസന്‍സ്‌ ഉണ്ടെങ്കിലും മറ്റൊരു കെട്ടിടത്തില്‍ പടക്കം സംഭരിച്ചിരുന്നത്‌ നിയമാനുസൃതമായിരുന്നില്ലെന്ന്‌ പോലീസ്‌ പറയുന്നു. സ്ഥാപന ഉടമ നിത്യാന്ദന്‍ സംഭവത്തെ തുടര്‍ന്ന്‌ ഒളിവിലാണ്‌. പെരുമ്പാവൂര്‍ പോലീസ്‌ കേസെടുത്തിട്ടുണ്ട്‌.

മംഗളം 20.04.2013 

Friday, April 19, 2013

എ.ഐ.വൈ.എഫ് ജില്ലാ സമ്മേളനം: പെരുമ്പാവൂരില്‍ വര്‍ണ്ണാഭമായ യുവജനറാലി


പെരുമ്പാവൂര്‍: എ.ഐ.വൈ.എഫ് ജില്ലാ സമ്മേളനത്തോടനുബന്ധിച്ച് ആയിരങ്ങള്‍ പങ്കെടുത്ത വര്‍ണ്ണാഭമായ യുവജന റാലി നടന്നു.
ജില്ലയിലെ പതിമൂന്നു മണ്ഡലങ്ങളുടേയും പെരുമ്പാവൂര്‍ മണ്ഡലം കമ്മിറ്റിയ്ക്ക് കീഴിലുള്ള ലോക്കല്‍ കമ്മിറ്റികളുടേയും ബാനറുകള്‍ക്ക് കീഴിലാണ് പ്രവര്‍ത്തകര്‍ അണി നിരന്നത്. വാദ്യമേളങ്ങളുടേയും തെയ്യം, തിറ തുടങ്ങിയ വാദ്യമേളങ്ങളുടേയും അകമ്പടി പ്രകടനത്തിന് മിഴിവേകി. 
റാലിയ്ക്ക് ടി.സി സന്‍ജിത്, ടി.എം ഹാരിസ്, അഡ്വ.സന്തോഷ് പീറ്റര്‍, അഡ്വ.മനോജ് കൃഷ്ണന്‍, അഡ്വ.അഭിലാഷ് മധു, കെ.ആര്‍ റെനീഷ്, എം.ജെ ഡിക്‌സണ്‍, കെ.ആര്‍ പ്രതീഷ്, രാജേഷ് കാവുങ്കല്‍, സജാദ് രാജന്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.
തുടര്‍ന്നു നടന്ന പൊതുസമ്മേളനം സി.പി.ഐ കേന്ദ്ര എക്‌സിക്യുട്ടീവ് അംഗം കാനം രാജേന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. സംഘാടകസമിതി ചെയര്‍മാന്‍ കെ.കെ അഷറഫ് അദ്ധ്യക്ഷത വഹിച്ചു. 
പാര്‍ട്ടി സംസ്ഥാന എക്‌സിക്യുട്ടീവ് അംഗം വി.പി ഉണ്ണികൃഷ്ണന്‍, എ.ഐ.വൈ.എഫ് സംസ്ഥാന സെക്രട്ടറി കെ.രാജന്‍, പാര്‍ട്ടി ജില്ലാ സെക്രട്ടറി ഇ.എ കുമാരന്‍, പി.രാജു, കെ.എം ദിനകരന്‍, ഇ.കെ ശിവന്‍, അഡ്വ.കെ.എന്‍ സുഗതന്‍, കെ.പി റെജിമോന്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു. 
ബുധനാഴ്ച നടന്ന വര്‍ഗീയ വിരുദ്ധ  സെമിനാര്‍ സി.പി.ഐ ദേശീയ എക്‌സിക്യൂട്ടീവ് അംഗം കെ.ഇ ഇസ്മയില്‍ ഉദ്ഘാടനം ചെയ്തു. അഡ്വ. പ്രശാന്ത് രാജന്‍ അദ്ധ്യക്ഷത വഹിച്ചു.
സാജുപോള്‍ എം.എല്‍.എ, അഡ്വ. എ ജയശങ്കര്‍, ഇ.എ കുമാരന്‍, മുന്‍ എം.എല്‍ എ ബാബുപോള്‍, ഇ.കെ ശിവന്‍, അഡ്വ. കെ.എന്‍ സുഗതന്‍, എ.ഐ.വൈ.എഫ് ജില്ലാ പ്രസിഡന്റ് ടി.എസ് ഹാരിസ്, സെക്രട്ടറി വി.എസ് സന്‍ജിത്, എ.ഐ.എസ്.എഫ് സംസ്ഥാന പ്രസിഡന്റ് എന്‍ അരുണ്‍, കെ.പി റെജിമോന്‍,. അഡ്വ. സന്തോഷ് പീറ്റര്‍, രാജേഷ് കാവുങ്കല്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.
വിവിധ കേന്ദ്രങ്ങളില്‍ നിന്ന് എത്തിയ പതാക എസ് ശിവശങ്കരപ്പിള്ളയും കൊടിമരം സി.പി.ഐ ജില്ലാ എക്‌സിക്യൂട്ടീവ് അംഗം സി.വി ശശിയും ബാനര്‍ വനിത സാഹിതി സംസ്ഥാന പ്രസിഡന്റ് ശാരദ മോഹനും ഏറ്റുവാങ്ങി. തുടര്‍ന്ന് സംഘാടക സമിതി ചെര്‍മാന്‍ കെ.കെ അഷറഫ് പതാക ഉയര്‍ത്തി. 
ഇന്ന് രാവിലെ 10 ന് നടക്കുന്ന പ്രതിനിധി സമ്മേളനത്തിന്റെ ഉദ്ഘാടനം പന്ന്യന്‍ രവീന്ദ്രന്‍ നിര്‍വ്വഹിയ്ക്കും. പി.എം ഹാരിസ് അദ്ധ്യക്ഷത വഹിയ്ക്കും. 
20 ന് രാവിലെ 11 ന് പൂര്‍വ്വകാല നേതൃസംഗമം മുല്ലക്കര രത്‌നാകരന്‍ ഉദ്ഘാടനം ചെയ്യും. അഡ്വ. കെ.എന്‍ സുഗതന്‍ അദ്ധ്യക്ഷത വഹിയ്ക്കും. 

മംഗളം 19.04.2013

കാരുണ്യ ഹൃദയതാളം പദ്ധതിയുടെ മറവില്‍ വെങ്ങോല ഗ്രാമപഞ്ചായത്തില്‍ വ്യാപകമായ അനധികൃത പണപ്പിരിവ്


ഓംബുഡ്‌സ്മാന് പരാതി

പെരുമ്പാവൂര്‍: നിര്‍ദ്ധന രോഗികളെ സഹായിക്കാനെന്ന പേരില്‍ ആവിഷ്‌ക്കരിച്ചിട്ടുള്ള കാരുണ്യ ഹൃദയതാളം  പദ്ധതിയുടെ മറവില്‍ വെങ്ങോല ഗ്രാമപഞ്ചായത്തില്‍ വ്യാപകമായ അനധികൃത പണപ്പിരിവ് നടത്തുന്നതിനെതിരെ ഓംബുഡ്‌സ്മാന് പരാതി. 
പദ്ധതി ചെയര്‍മാന്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം.എം അവറാനും കണ്‍വീനര്‍ ഗ്രാമപഞ്ചായത്ത് മെമ്പര്‍ സി.എം അഷറഫിനും എതിരെ ഡി.വൈ.എഫ്.ഐ അറയ്ക്കപ്പടി വില്ലേജ് കമ്മിറ്റി പ്രസിഡന്റ് അഡ്വ.ബേസില്‍ കുര്യാക്കോസാണ് പരാതി നല്‍കിയത്. പദ്ധതിയുടെ പേരില്‍ പൊതു ജനങ്ങളെ കബളിപ്പിച്ച് പണപ്പിരിവിലൂടെ ഇവര്‍ പണം സമ്പാദിക്കുകയാണെന്നാണ് ആക്ഷേപം. വ്യാപാര വ്യവസായ സ്ഥാപനങ്ങളില്‍ നിന്നും പദ്ധതിയ്ക്ക് വേണ്ടി ലക്ഷങ്ങളാണ് പിരിയ്ക്കുന്നത്. വ്യക്തികളില്‍ നിന്നും വന്‍തുക കൈപ്പറ്റുന്നുണ്ട്. 
എന്നാല്‍ ഇതിനുവേണ്ടി നിയമവിരുദ്ധമായ സംഭാവനക്കൂപ്പണുകളാണ് അച്ചടിച്ചിട്ടുള്ളതെന്ന് പരാതിയില്‍ പറയുന്നു. ഒരേ നമ്പറിലുള്ള പല സംഭാവന കൂപ്പണുകള്‍ ആളുകള്‍ക്ക് നല്‍കുന്നുണ്ട്. സംഭാവനകൂപ്പണുകള്‍ക്ക് കൗണ്ടര്‍ഫോയില്‍ ഇല്ലെന്നും പിരിച്ചെടുത്ത തുകയ്ക്ക് കണക്കുകളില്ലെന്നും ഹര്‍ജിയില്‍ പറയുന്നു. 50, 100, 500 എന്നിങ്ങനെയുള്ള തുകകളുടെ കൂപ്പണുകള്‍ക്ക് പുറമെ രസീത് എഴുതിക്കൊടുത്തും പണം കൈപ്പറ്റുന്നുണ്ട്.
ഏറെ പാവപ്പെട്ടവരില്‍ നിന്ന് ഒരു രൂപ മുതല്‍ വന്‍ സ്ഥാപനങ്ങളില്‍ നിന്ന് ലക്ഷങ്ങള്‍ വരെ പിരിച്ചെടുത്ത് സാമ്പത്തിക തിരിമറി നടത്തുന്ന പ്രസിഡന്റിനും കണ്‍വീനറായ വാര്‍ഡ് മെമ്പര്‍ക്കുമെതിരെ കര്‍ശന നടപടികള്‍ സ്വീകരിക്കണമെന്നാണ് അഡ്വ. ബേസില്‍ കുര്യാക്കോസിന്റെ ആവശ്യം.

മംഗളം 19.04.2013

കുടിവെള്ളത്തില്‍ രാസമാലിന്യം; വല്ലം നിവാസികള്‍ അരനൂറ്റാണ്ടുകാലമായി ദുരിതത്തില്‍


പെരുമ്പാവൂര്‍: പട്ടണത്തിന് പെരുമയും പ്രതാപവും ഉണ്ടാക്കിക്കൊടുത്ത ട്രാവന്‍കൂര്‍ റയോണ്‍സിന്റെ പ്രവര്‍ത്തനം മൂലം വല്ലം നിവാസികള്‍ കുടിവെള്ള ക്ഷാമം നേരിടാന്‍ തുടങ്ങിയിട്ട് അര നൂറ്റാണ്ട് പിന്നിടുന്നു. റയോണ്‍സ് പൂട്ടിയിട്ട് ഒരു ദശാബ്ദം പിന്നിട്ടിട്ടും കുടിവെള്ളത്തില്‍ കലര്‍ന്ന രാസമാലിന്യങ്ങള്‍ അതേ മട്ടില്‍.
റയോണ്‍സ് കമ്പനി സ്ഥാപിക്കുന്നതിനുവേണ്ടി നൂറേക്കറോളം ഭൂമി വിട്ടുകൊടുത്ത പൂര്‍വ്വികരുടെ പിന്‍ തലമുറക്കാരാണ് വ്യാവസായിക മലിനീകരണത്തിന്റെ ഇരകളായി മാറിയത്. നഗരസഭയുടെ 1, 24, 26, 27 വാര്‍ഡുകളില്‍പെടുന്ന സൗത്ത് വല്ലം, റയോണ്‍പുരം മേഖലയിലെ താമസക്കാരാണ് കുടിവെള്ളമില്ലാതെ ഇന്നും ബുദ്ധിമുട്ടുന്നത്. കമ്പനി പുറംന്തള്ളിയ രാസമാലിന്യങ്ങള്‍ മൂലം പ്രദേശവാസികള്‍ പലരും നിത്യ രോഗികളായി. വെള്ളമില്ലാതെ കൃഷികള്‍ നശിച്ചു. പൊതു ജലവിതരണ സംവിധാനം മാത്രമായി ജനങ്ങള്‍ക്ക് ആശ്രയം. 
അരനൂറ്റാണ്ടു മുന്‍പ് സ്ഥാപിച്ച പൈപ്പ്‌ലൈന്‍ കാലഹരണപ്പെട്ടതിനെതുടര്‍ന്ന് 25 വര്‍ഷത്തിനു മുമ്പ് പാറപ്പുറം കാരിയേലിപ്പടി കനാല്‍വഴി മറ്റൊരു ലൈന്‍ സ്ഥാപിച്ചിരുന്നു. പത്ത് വര്‍ഷം മുമ്പ് വല്ലം പമ്പ് ഹൗസിന് സമീപം മിനി ഫില്‍ട്ടര്‍ ടാങ്കും സ്ഥാപിച്ചു. എന്നാല്‍ ഇതൊന്നും കുടിവെള്ള പ്രതിസന്ധിയ്ക്ക് ശാശ്വത പരിഹാരമായില്ല.
ദീര്‍ഘവീക്ഷണമുള്ള പദ്ധതികള്‍ ആവിഷ്‌ക്കരിച്ച് കുടിവെള്ള ക്ഷാമത്തിന് അറുതി ഉണ്ടാക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം. കൃഷി ഇടങ്ങളും കിണറുകളും പുനരുദ്ധരിക്കുകയാണ് ഇതില്‍ പ്രധാനം. ജലസേചന കനാലുകള്‍ പുനര്‍നിര്‍മ്മിയ്ക്കണം. പുതിയ പമ്പ് ഹൗസ് സ്ഥാപിച്ചും ജലവിതരണം കാര്യക്ഷമമാക്കണം.
ജനങ്ങള്‍ക്ക് ആവശ്യമായ ശുദ്ധജലവും കൃഷിജലവും എത്തിയ്ക്കാന്‍ ഭരണകൂടങ്ങള്‍ക്ക് ഉത്തരവാദിത്വം ഉണ്ടെന്ന് നാട്ടുകാര്‍ മുഖ്യ മന്ത്രിയുടെ സുതാര്യകേരളം പരാതി പരിഹാര സെല്ലിന് നല്‍കിയ നിവേദനത്തില്‍ ചൂണ്ടിക്കാട്ടുന്നു. ഈ നിവേദനത്തിന്റെ പകര്‍പ്പ് വ്യവസായ വകുപ്പ് മന്ത്രിയ്ക്കും ജലവിഭവ മന്ത്രിയ്ക്കും മറ്റ് ഉന്നത ഉദ്യോഗസ്ഥര്‍ക്കും നല്‍കിയിട്ടുണ്ട്.

മംഗളം 19.04.2013

Thursday, April 18, 2013

ധീരജവാനെ കാണാതായിട്ട് ഒരാണ്ട്; നിര്‍ദ്ധന കുടുംബത്തിന് കണ്ണുനീര്‍ തോരുന്നില്ല


പെരുമ്പാവൂര്‍: രാഷ്ട്രത്തിനുവേണ്ടി സേവനം ചെയ്ത ധീരജവാനെ കാണാതായിട്ട് ഒരാണ്ട് പിന്നിട്ടു.
ജവാന്റെ കുടുംബാഗംങ്ങളുടെ തോരാത്ത കണ്ണുനീര്‍ അധികൃതര്‍ അവഗണിക്കുന്നു.
ത്രിപുര സ്റ്റേറ്റ് റൈഫിള്‍സ് മൂന്നാം ബറ്റാലിയനിലെ വേങ്ങൂര്‍ തൂങ്ങാലി പുത്തന്‍കുടി വീട്ടില്‍ സുഭാഷ് ചന്ദ്രബോസി(27) നെയാണ് 2012 ഏപ്രില്‍ 3 ന് ശേഷം കാണാതാവുന്നത്. അന്ന് രാത്രി 9.20 ന് പിതാവ് ബാലന്‍ എറണാകുളം റെയില്‍വേ സ്റ്റേഷനില്‍ നിന്ന് ഗോഹട്ടി എക്‌സ്പ്രസില്‍  മകനെ ജോലി സ്ഥലത്തേയ്ക്ക് കയറ്റി അയച്ചതാണ്. ആലുവ വരെ മകനൊപ്പം ട്രെയിനില്‍ സഞ്ചരിക്കുകയും ചെയ്തു.
വിശാഖപട്ടണത്തില്‍ എത്തിയെന്നും ശരീരത്തിന് നല്ല സുഖം തോന്നുന്നില്ലെന്നും സുഭാഷ് വീട്ടിലേയ്ക്ക് വിളിച്ചു പറഞ്ഞിരുന്നു. പരിചയമില്ലാത്ത ഫോണില്‍ നിന്നായിരുന്നു വിളി.
അതില്‍ പിന്നെ ഈ യുവാവിനെപ്പറ്റി യാതൊരു അറിവുമില്ല. പത്തിന് ബറ്റാലിയന്‍ കമാണ്ടര്‍ സുഭാഷ് ക്യാമ്പില്‍ എത്തിയിട്ടില്ലെന്ന് വിളിച്ചറിയിച്ചു. ഇതേ തുടര്‍ന്ന് ബാലന്‍ റെയില്‍വേ പോലീസിലും ലോക്കല്‍ പോലീസിലും മകനെ കാണ്മാനില്ലെന്ന് പരാതി നല്‍കി. എന്നാല്‍ നടപടിയൊന്നും ഉണ്ടായില്ല. പിന്നീട് മുഖ്യ മന്ത്രി, കേന്ദ്രമന്ത്രി മുല്ലപ്പള്ളി രാമചന്ദ്രന്‍, കേന്ദ്ര ആഭ്യന്തര മന്ത്രിയുടെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറി എ.ആര്‍ രാജ എന്നിവര്‍ക്കൊക്കെ ഈ കുടുംബം സങ്കട ഹര്‍ജി നല്‍കി. അതിനും ഫലമുണ്ടായില്ല.
2013 ജനുവരി 18 ന് ഹൈക്കോടതി ജഡ്ജ് ടി.ആര്‍ രാമചന്ദ്രന്‍ നായര്‍ മൂന്നാഴ്ചയ്ക്കുള്ളില്‍ അന്വേഷണം സംബന്ധിച്ച വിവരങ്ങള്‍ സമര്‍പ്പിക്കണമെന്ന് ജില്ലാ റൂറല്‍ പോലീസ് സൂപ്രണ്ടിനോട് ആവശ്യപ്പെട്ടിരുന്നു. എന്നിട്ടും അന്വേഷണത്തില്‍  പുരോഗതി ഉണ്ടായതായില്ലെന്ന് ബാലന്‍ പറയുന്നു.
മകനെ കാണാതായതോടെ അമ്മ ലക്ഷ്മി അവശ നിലയിലായി. സഹോദരി സ്വപ്ന മാനസികാസ്വാസ്ഥ്യങ്ങള്‍ക്ക് ചികിത്സയിലായി. കല്‍പ്പണിക്കാരനായ ബാലന്‍ മകനെ അന്വേഷിക്കാന്‍ ഇനിയൊരിടം ബാക്കിയില്ല.

മംഗളം 18.04.2013



പി.ജി സ്‌കൂള്‍ ഓഫ് തോട്ട്‌സ്: ആലോചനയോഗം ചേര്‍ന്നു

പെരുമ്പാവൂര്‍: പുല്ലുവഴി പബ്ലിക് ലൈബ്രറിയുടെ പ്ലാറ്റിനം ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി പി ഗോവിന്ദപ്പിള്ള സ്‌കൂള്‍ ഓഫ് തോട്ട്‌സ് രൂപീകരണം സംബന്ധിച്ച് ആലോചനായോഗം ചേര്‍ന്നു. 
അറിവിന്റെ ആള്‍രൂപമായിരുന്ന പി.ജിയുടെ സ്മരണയ്ക്കായി അദ്ദേഹത്തിന്റെ സ്വന്തം നാട്ടിലെ വായനശാലയിലാണ് ഈ സംരഭം തുടങ്ങുന്നത്. ശാസ്ത്രീയമായ സാമൂഹ്യ ചരിത്ര പഠനത്തിനും രാഷ്ട്രീയ വിദ്യാഭ്യാസത്തിനും പ്രാധാന്യം കൊടുത്തുകൊണ്ടുള്ള കര്‍മ്മ പദ്ധതികള്‍ ആവിഷ്‌ക്കരിക്കുക. വായനയുടെയും വിജ്ഞാനദാഹത്തിന്റെയും പി.ജി മാതൃക പ്രവൃത്തി പഥത്തിലെത്തിക്കുക തുടങ്ങിയവയാണ് സംരംഭത്തിന്റെ ലക്ഷ്യമെന്നും വായനശാല സെക്രട്ടറി സതീഷ് ബാബു അറിയിച്ചു.
മെയ് 10, 11, 12 തീയതികളില്‍ നടക്കുന്ന ജൂബിലി ആഘോഷ സമാപനത്തോടനുബന്ധിച്ചായിരിക്കും പി.ജി സ്‌കൂള്‍ ഓഫ് തോട്ട്‌സിന് തുടക്കം കുറിക്കുക. 
ഇതിന്റെ മുന്നോടിയായി വിപുലമായ അഭിപ്രായ സര്‍വ്വെ നടത്താനും ആലോചനയോഗം തീരുമാനിച്ചു.

മംഗളം 18.04.2013




സ്വകാര്യ ബസ് ഇടിച്ച് യുവാവ് മരിച്ചു


പെരുമ്പാവൂര്‍: സ്വകാര്യ ബസ് ഇടിച്ച് യുവാവ് മരിച്ചു.
അറയ്ക്കപ്പടി ഇടയത്ത് എല്‍ദോസ് (39) ആണ് മരിച്ചത്. ആലുവ മൂന്നാര്‍ റോഡില്‍ ഇന്നലെ വൈകിട്ട് നാലിന് ഇരിങ്ങോള്‍ പോസ്റ്റ് ഓഫീസ് കവലയിലാണ് അപകടം. കുറുപ്പംപടി ഭാഗത്തേയ്ക്ക് പോവുകയായിരുന്ന എല്‍ദോസ് നിര്‍ത്തിയിട്ടിരുന്ന ഒരു ബസിനെ മറികടക്കുമ്പോള്‍ എതിര്‍ദിശയില്‍ വന്ന അഭിരാമി എന്ന സ്വകാര്യ ബസുമായി ബൈക്ക് കൂട്ടിമുട്ടുകയായിരുന്നു. എല്‍ദോസ് നിര്‍ത്തിയിട്ടിരുന്ന ബസിന് അടിയിലേയ്ക്ക് തെറിച്ച് വീണു. ടൗണിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷപ്പെടുത്താനായില്ല.
വെങ്ങോല ശാലേം സ്‌കൂള്‍ ജീവനക്കാരനായിരുന്നു. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് രണ്ടിന് വെങ്ങോല മാര്‍ ബഹനാം വലിയ പള്ളിയില്‍. ഭാര്യ: സിന്ധു. മക്കള്‍: ബെന്‍, അന്ന.

മംഗളം 17.04.2013



മണ്ഡലം നേതൃത്വവുമായി ഉരസല്‍; സി.പി.ഐ ലോക്കല്‍ സെക്രട്ടറിമാര്‍ കൂട്ടഅവധിയില്‍



നേതൃപ്രതിസന്ധിയ്ക്കിടയില്‍ എ.ഐ.വൈ.എഫ് ജില്ലാ സമ്മളനം 


പെരുമ്പാവൂര്‍: സി.പി.ഐ മണ്ഡലം നേതൃത്വവുമായുള്ള അഭിപ്രായവിത്യാസങ്ങള്‍ മൂലം പാര്‍ട്ടി ലോക്കല്‍ സെക്രട്ടറിമാര്‍ കൂട്ടത്തോടെ അവധിയില്‍. ഒമ്പത് ലോക്കല്‍ കമ്മിറ്റി സെക്രട്ടറിമാരില്‍ ഏഴ് പേരും ലീവിലാണ്. ഇതിനുപുറമെ രണ്ട് മണ്ഡലം സെക്രട്ടറിയേറ്റ് അംഗങ്ങളും അവധിയെടുത്ത് മാറി. ഇതോടൊപ്പം ഒരു ലോക്കല്‍ കമ്മിറ്റി പൂര്‍ണമായും നിര്‍ജ്ജീവമാവുകയും ചെയ്തു.
മാതൃസംഘടന നേരിടുന്ന കടുത്ത നേതൃ പ്രതിസന്ധിയ്ക്കിടയിലാണ് ഇന്ന് പാര്‍ട്ടിയുടെ യുവജന വിഭാഗമായ എ.ഐ.വൈ.എഫിന്റെ ജില്ലാ സമ്മേളനം പെരുമ്പാവൂരില്‍ തുടങ്ങുന്നത്. സമ്മേളനത്തെ ഇത് എത്രത്തോളം ബാധിയ്ക്കുമെന്ന ആശങ്കയിലാണ് നേതാക്കളും അണികളും.
മണ്ഡലം സെക്രട്ടറി കെ.പി റെജിമോനുമായുള്ള കടുത്ത അഭിപ്രായ വിത്യാസമാണ് നേതാക്കളെ പാര്‍ട്ടിയില്‍ നിന്നും അകറ്റുന്നതെന്നാണ് സൂചന. പലരും മണ്ഡലം നേതൃത്വത്തില്‍ മാറ്റം വരാതെ പാര്‍ട്ടിയിലേയ്ക്കില്ലെന്ന നിലപാടിലാണ്.
അതേ സമയം എല്ലാ സെക്രട്ടറിമാരും ലീവിന് വ്യക്തിപരമായ നിസാര കാരണങ്ങളാണ് പുറത്തേയ്ക്ക് പറയുന്നത്. ഒമ്പതു വര്‍ഷം പെരുമ്പാവൂര്‍ ലോക്കല്‍ കമ്മിറ്റി ഭാരവാഹിയായിരുന്ന അനില്‍കുമാര്‍ കഴിഞ്ഞ ഒരു വര്‍ഷമായി ലീവിലാണ്. വ്യക്തിപരമായ ചില അസൗകര്യമാണ് ലീവെടുക്കാനുള്ള കാരണമെന്ന് ഇദ്ദേഹം പറയുന്നു. അഡ്വ. കെ നാരായണനാണ് ഇപ്പോള്‍ ചുമതല. 
മണ്ഡലത്തില്‍ സി.പി.ഐയുടെ ശക്തികേന്ദ്രമായിരുന്ന രായമംഗലം ലോക്കല്‍ കമ്മിറ്റിയിലും സെക്രട്ടറി ലീവില്‍ പോയി. പാര്‍ട്ടിയുടെ ഏറ്റവും പ്രായം കുറഞ്ഞ, ഏറ്റവും ഊര്‍ജ്ജസ്വലനായ കെ.എസ് രാജേഷ്‌കുമാര്‍ ജോലിസംബന്ധമായ തിരക്കുകളുടെ പേരിലാണ് സ്ഥാനമൊഴിഞ്ഞത്. അസി. സെക്രട്ടറി എല്‍ദോസ് പോളിനാണ് ഇപ്പോള്‍ ചുമതല.
മുടക്കുഴ ലോക്കല്‍ സെക്രട്ടറി കെ.പി പോള്‍ ആറുമാസമായി അവധിയിലാണ്. തൊഴില്‍ സംബന്ധമായ തിരക്കുകളെന്നാണ് വിശദീകരണം. പി.കെ രാധാകൃഷ്ണന്‍ സെക്രട്ടറിയുടെ ചുമതലകള്‍ ഇപ്പോള്‍ നിര്‍വ്വഹിയ്ക്കുന്നു.
വാഴക്കുളം ലോക്കല്‍ സെക്രട്ടറി കെ.എന്‍ ഗോപിനാഥ് വീടുപണിയുടെ പേരിലാണ് പാര്‍ട്ടി ചുമതലയില്‍ നിന്നും മാറി നില്‍ക്കുന്നത്. എ.കെ നന്ദകുമാറാണ് ഒരു വര്‍ഷമായി സെക്രട്ടറി. 
മണ്ഡലം കമ്മിറ്റിയംഗം കൂടിയായ ജോണ്‍ എബ്രഹാം നടുവേദനയുടെ പേരിലാണ് അവധിയെടുത്തിരിക്കുന്നത്. അസി.  സെക്രട്ടറി എം.കെ സുധാകരനെ ചുമതല ഏല്‍പ്പിച്ച് ഇദ്ദേഹം പാര്‍ട്ടിയില്‍ നിന്ന് വിട്ടു നില്‍ക്കുന്നു. ഒക്കല്‍ ലോക്കല്‍ സെക്രട്ടറി എം.വി ജോയിയും ആരോഗ്യ പ്രശ്‌നങ്ങളുടെ പേരിലാണ് ലീവ് നല്‍കിയത്. പി.ടി പ്രസാദിനാണ് ഇപ്പോള്‍ സെക്രട്ടറിയുടെ ചുമതല.
വെങ്ങോലയില്‍ ലോക്കല്‍ സെക്രട്ടറി വി.ആര്‍ മനോജും അവധിയെടുത്തിരുന്നു. ഒരാഴ്ച മാത്രമായിരുന്നു അവധിയെന്ന് മനോജ് പറയുന്നുണ്ടെങ്കിലും പാര്‍ട്ടി പരിപാടികളില്‍ ഇദ്ദേഹം സജീവമല്ലെന്നാണ് പാര്‍ട്ടി പ്രവര്‍ത്തകര്‍ നല്‍കുന്ന സൂചന. ഒരു വര്‍ഷം മുമ്പ്  പോലീസ് കേസില്‍പ്പെട്ട മനോജിനെ അന്ന് സംരക്ഷിച്ചതിനാല്‍ മണ്ഡലം സെക്രട്ടറിയ്‌ക്കെതിരെ തുറന്ന എതിര്‍പ്പ് പ്രകടിപ്പിയ്ക്കാന്‍ കഴിയാത്ത അവസ്ഥയാണ് ഇദ്ദേഹത്തിനെന്നും പ്രവര്‍ത്തകര്‍ പറയുന്നു.
അശമന്നൂരില്‍ ലോക്കല്‍ കമ്മിറ്റിയെന്നല്ല പാര്‍ട്ടി പ്രവര്‍ത്തകര്‍ തന്നെ ഇല്ലാതായിട്ട് നാളുകളായി. ഇവിടെ പുതിയ കമ്മിറ്റിയുണ്ടാക്കാനും മണ്ഡലം കമ്മിറ്റിക്കായില്ല. അതേ സമയം കൂവപ്പടിയില്‍ മാത്രം സമ്മേളനത്തില്‍ തെരഞ്ഞെടുത്ത ലോക്കല്‍ സെക്രട്ടറി പി.കെ രാജന്‍ തുടരുന്നുണ്ട്.
ഇതിനുപുറമെ മണ്ഡലം സെക്രട്ടറിയേറ്റ് അംഗങ്ങളായ ആര്‍ ഉണ്ണികൃഷ്ണനും സി. മനോജും അവധിയെടുത്തു. ഇതില്‍ മുന്‍ മണ്ഡലം സെക്രട്ടറിയായിരുന്ന ഉണ്ണികൃഷ്ണന്‍ പാര്‍ട്ടി പ്രവര്‍ത്തനം തന്നെ അവസാനിപ്പിച്ച മട്ടായി. സി മനോജ് വീടുപണിയുടെ പേരിലായിരുന്നു അവധിയെടുത്തത്. 
മുന്‍ നഗരസഭ തെരഞ്ഞെടുപ്പില്‍ സീറ്റുകള്‍ വിറ്റുവെന്ന ആരോപണം നിലനില്‍ക്കെയായിരുന്നു ചില മുതിര്‍ന്ന നേതാക്കളുടെ താത്പര്യ പ്രകാരം കെ.പി റെജിമോന്‍ മണ്ഡലം സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ടത്. നഗരസഭയുടെ ഇരുപത്തിയഞ്ചാം വാര്‍ഡില്‍ കേവലം ഒരു വോട്ടും രണ്ടാം വാര്‍ഡില്‍ രണ്ടു വോട്ടും നേടി സംസ്ഥാനതലത്തില്‍ തന്നെ ഏറ്റവും വലിയ നാണക്കേട് വരുത്തിവച്ചയാളെ പാര്‍ട്ടിയുടെ അമരത്ത് പ്രതിഷ്ഠിയ്ക്കുന്നതിനെതിരെ ഉയര്‍ന്ന വികാരം നേതൃത്വം അവഗണിയ്ക്കുകയായിരുന്നു. അന്നു മുതല്‍ സി.പി.ഐയ്ക്കുള്ളില്‍ തുടങ്ങിയ ആഭ്യന്തര കലഹം ഇപ്പോള്‍ അതിന്റെ മൂര്‍ദ്ധന്യത്തിലായിരിയ്ക്കുകയാണ്.

മംഗളം 17.04.2013





മലിനീകരണ നിയന്ത്രണ ബോര്‍ഡിന്റെ ജില്ലാ ഓഫീസ് തുറന്നു


 പെരുമ്പാവൂര്‍: കേരള സംസ്ഥാന മലിനീകരണ നിയന്ത്രണ ബോര്‍ഡിന്റെ ജില്ലാതലത്തിലുള്ള രണ്ടാമത്തെ ഓഫീസ് പെരുമ്പാവൂരില്‍ തുറന്നു. എം.സി റോഡില്‍ മന്ന റസിഡന്‍സിയുടെ ഒന്നാം നിലയില്‍ പ്രവര്‍ത്തനം ആരംഭിക്കുന്ന ബോര്‍ഡിന്റെ പുതിയ ഓഫീസ് സഹകരണ, ഖാദി-ഗ്രാമ വ്യവസായ വകുപ്പു മന്ത്രി സി.എന്‍ ബാലകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. സാജുപോള്‍ എം.എല്‍.എ അദ്ധ്യക്ഷത വഹിച്ചു. സേവനരേഖയുടെ പ്രകാശനം മുന്‍ നിയമസഭ സ്പീക്കര്‍ പി.പി തങ്കച്ചന്‍ നിര്‍വ്വഹിച്ചു.
മലിനീകരണ നിയന്ത്രണ ബോര്‍ഡ് ചെയര്‍മാന്‍ കെ സജീവന്‍, കെ.പി ധനപാലന്‍ എം.പി, മുനിസിപ്പല്‍ ചെയര്‍മാന്‍ കെ.എം.എ സലാം, മുന്‍ മുനിസിപ്പാലിറ്റി ചെയര്‍മാന്‍ ടി.പി ഹസന്‍, അഡ്വ. എന്‍.സി മോഹനന്‍, തിരുവനന്തപുരം സ്പിന്നിംഗ് മില്‍ ചെയര്‍മാന്‍ എം.പി അബ്ദുള്‍ ഖാദര്‍, ലോട്ടറി വര്‍ക്കേഴ്‌സ് വെല്‍ഫെയര്‍ ബോര്‍ഡ് ചെയര്‍മാന്‍ ബാബു ജോസഫ്, ബോര്‍ഡ് സെക്രട്ടറി പി മോളിക്കുട്ടി എന്നിവര്‍ സംസാരിച്ചു.

 മംഗളം 17.04.2013


Tuesday, April 16, 2013

ലോട്ടറിയെടുക്കുന്നത് പതിവ്; ഒടുവില്‍ ഒന്നാം സമ്മാനം സുധാകരന്

പെരുമ്പാവൂര്‍: പതിവായി ലോട്ടറിയെടുക്കാറുണ്ടെങ്കിലും വട്ടയ്ക്കാട്ടുപടി നെടുമ്പുറം എന്‍.ആര്‍ സുധാകരനെ ഭാഗ്യദേവത കടാക്ഷിയ്ക്കുന്നത് ഇത് ആദ്യം.
കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ പ്രതീക്ഷ ലോട്ടറിയുടെ ഒന്നാം സമ്മാനമായ എഴുപത്തിയഞ്ചു ലക്ഷം രൂപയാണ് സുധാകരന് ലഭിച്ചത്. വട്ടയ്ക്കാട്ടുപടിയില്‍ സ്ഥിരമായി ലോട്ടറിവില്‍പന നടത്തുന്ന വടക്കാഞ്ചേരി സ്വദേശി ബാബുവിന്റെ കയ്യില്‍നിന്നെടുത്ത ടിക്കറ്റാണ് ഭാഗ്യം കൊണ്ടുവന്നത്. പുതിയ വീടു വയ്ക്കാനും രണ്ടു പെണ്‍മക്കളുടെ വിവാഹ ആവശ്യങ്ങള്‍ നിര്‍വ്വഹിയ്ക്കാനും സമ്മാനത്തുക ഉപയോഗിയ്ക്കാമെന്നാണ് കൃഷിക്കാരനായ സുധാകരന്റെ കണക്കുകൂട്ടല്‍.

മംഗളം 16.04.2013 


വിളക്കണച്ച് കുടുംബപ്രാര്‍ത്ഥന; ഊര്‍ജ്ജ പ്രതിസന്ധിയ്ക്ക് ആയത്തുപടി ബദല്‍


പെരുമ്പാവൂര്‍: എല്ലാ വിളക്കുകളും അണച്ച് അരമണിക്കൂര്‍ നീളുന്ന കുടുംബ പ്രാര്‍ത്ഥന. വൈദ്യുതി പ്രതിസന്ധികൊണ്ട് നട്ടം തിരിയുന്ന സംസ്ഥാനത്തിന് ആയത്തുപടി നിത്യസഹായ മാതാ പള്ളിവക ബദല്‍. 
ഇടവകയിലെ ഇരുപത്തിമൂന്ന് കുടുംബ യൂണിറ്റുകളിലെ ആയിരത്തോളം കുടുംബങ്ങളും മറ്റ് സ്ഥാപനങ്ങളുമാണ് ഇന്നലെ മുതല്‍ സ്വയം പ്രഖ്യാപിത പവര്‍കട്ട് ഏര്‍പ്പെടുത്തിയത്. ഇടവക വികാരി ഫാ. ജോണ്‍ പൈനുങ്കലിന്റേയും സഹ വികാരി ഫാ. സെബാസ്റ്റ്യന്‍ തോട്ടപ്പള്ളിയുടേയും നേതൃത്വത്തില്‍ പാരീഷ് കൗണ്‍സില്‍, ഫാമിലി യൂണിറ്റ്, ഇടവക സംഘടനകള്‍ എന്നിവയുടെ സംയുക്തയോഗമാണ് ഈ തീരുമാനം കൈക്കൊണ്ടത്. 
രാത്രി എട്ടിനും എട്ടരയ്ക്കും ഇടയിലുള്ള അരമണിക്കൂറില്‍ വിളക്കുകളും മറ്റ് വൈദ്യുത ഉപകരണങ്ങളും ഓഫാക്കി കുടുംബ പ്രാര്‍ത്ഥന ചൊല്ലാനാണ് തീരുമാനം. ഇതിനൊപ്പം നാടിന് വേണ്ടിയും മഴ പെയ്യാന്‍ കൂടി പ്രാര്‍ത്ഥിയ്ക്കും. ഇന്‍വെര്‍ട്ടറുള്ള വീടുകളില്‍ അതും ഓഫു ചെയ്യണമെന്ന് പ്രത്യേക നിര്‍ദ്ദേശമുണ്ട്. 
ഈ പദ്ധതിയ്ക്ക് മുന്നോടിയായി എല്ലാ കുടുംബ യൂണിറ്റുകളിലും വൈദ്യുതി ഉപഭോഗം കുറയ്ക്കുന്നതിനുവേണ്ടിയുള്ള ഒരുമാസം നീണ്ടുനിന്ന ബോധവല്‍ക്കരണ പരിപാടികള്‍ സംഘടിപ്പിച്ചിരുന്നു. കൂടാതെ വാഹന പ്രചരണ ജാഥകള്‍ ഉള്‍പ്പെടെയുള്ള മറ്റു പ്രചരണ പരിപാടികളും ഉണ്ട്. 
ഇന്ന് ലൈറ്റ് അണച്ച് നാളേയ്ക്ക് വെട്ടം കരുതാം എന്ന മുദ്രാവാക്യത്തോടെ സംഘടിപ്പിക്കുന്ന ഈ യജ്ഞം മറ്റ് ഇടവകകള്‍ കൂടി ഏറ്റെടുക്കുമെന്നാണ് നിത്യ സഹായ മാതാ പള്ളി അധികൃതരുടെ പ്രതീക്ഷ.

മംഗളം 16.04.2013 

ചില നാട്ടുകാര്യങ്ങള്‍ പ്രകാശനം ചെയ്തു


പെരുമ്പാവൂര്‍: മുരളി തുമ്മാരുകുടിയുടെ ചില നാട്ടുകാര്യങ്ങള്‍ എന്ന പുസ്തകം ഹൈക്കോടതി ജഡ്ജി ജസ്റ്റീസ് സി.കെ അബ്ദുള്‍ റഹീം പ്രകാശനം ചെയ്തു. സാജുപോള്‍ എം.എല്‍.എ അദ്യപ്രതി ഏറ്റുവാങ്ങി. 
കൊച്ചിന്‍കോളജ് മലയാള വിഭാഗം മുന്‍ മേധാവി ഡോ. കെ.എന്‍ ഉണ്ണികൃഷ്ണന്‍ അദ്ധ്യക്ഷത വഹിച്ചു. അഡ്വ. കെ.എന്‍ അനില്‍കുമാര്‍, ഡോ. മുരളി തുമ്മാരുകുടി തുടങ്ങിയവര്‍ പ്രസംഗിച്ചു. 

മംഗളം 16.04.2013

ഒന്നര വയസുള്ള കുഞ്ഞ് കിണറില്‍ വീണ് മരിച്ചു

പെരുമ്പാവൂര്‍: ഒന്നര വയസുള്ള കുഞ്ഞ് കിണറില്‍ വീണ് മരിച്ചു. 

കറുകുറ്റി എടക്കുന്ന് വടക്കന്‍മഞ്ഞളി വീട്ടില്‍ ജോജോയുടെ മകന്‍ ലിയോണ്‍ ആണ് മരിച്ചത്. മാതൃ സഹോദരനായ പട്ടാല്‍ ചെറുതുരുത്തില്‍ ലൈജു വറുഗീസിന്റെ വീട്ടില്‍ ഉച്ചയ്ക്ക് ഒന്നരയ്ക്കായിരുന്നു അപകടം. ടൗണില്‍ ബ്യൂട്ടിപാര്‍ലര്‍ നടത്തുന്ന അമ്മ ലൈമി കുട്ടിയെ വീട്ടില്‍ ഏല്‍പ്പിച്ച് സ്ഥാപനത്തിലേയ്ക്ക് പോയിരുന്നു. ലൈജുവിന്റെ ഒമ്പതാം ക്ലാസില്‍ പഠിയ്ക്കുന്ന മകളും ലിയോണിന്റെ സഹോദരി എട്ടു വയസുകാരി ലിയയും ചേര്‍ന്ന് മുറ്റത്ത് കളിച്ചുകൊണ്ടിരിക്കുന്നതിനിടയിലായിരുന്നു അപകടം. ഓടിക്കൂടിയ നാട്ടുകാര്‍ കുഞ്ഞിനെ കരയ്ക്കുകയറ്റി കുന്നത്തുനാട് താലൂക്ക് ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷപ്പെടുത്താനായില്ല.  സംസ്‌കാരം ഇന്ന് രാവിലെ പത്തിന് പന്തയ്ക്കല്‍ മദര്‍ തെരേസ പള്ളിയില്‍. 


                                           മംഗളം 16.04.2013


ബൈക്ക് തെങ്ങിലിടിച്ച് യുവാവ് മരിച്ചു


പെരുമ്പാവൂര്‍: നിയന്ത്രണം വിട്ട ബൈക്ക് തെങ്ങിലിടിച്ച് മറിഞ്ഞ് യുവാവ് മരിച്ചു.
മരുത് കവല മണ്ണായത്തുകുടി മോഹനന്റെ മകന്‍ രഞ്ജിത് (23) ആണ് മരിച്ചത്. എറണാകുളത്തുള്ള ക്രിസ് ഇന്‍വെന്റ എന്ന ഐ.ടി കമ്പനിയിലെ കമ്പ്യൂട്ടര്‍ എഞ്ചിനീയറായിരുന്നു.ഞായറാഴ്ച രാത്രി 9 ന് മരുത് കവലയിലായിരുന്നു അപകടം. സംസ്‌കാരം നടത്തി. അമ്മ: രുഗ്മണി. സഹോദരിമാര്‍: രാധിക, ലതിക, ഐശ്വര്യ.

മംഗളം 16.04.2013