Tuesday, February 26, 2013

നമ്പിള്ളി- തോട്ടുവ റോഡില്‍ കലുങ്ക് ഇടിഞ്ഞു


 അപകട കെണിയൊരുക്കി ഓണമ്പിള്ളി കലുങ്ക്

പെരുമ്പാവൂര്‍: ഒക്കല്‍ ഗ്രാമപഞ്ചായത്തിലെ നമ്പിള്ളി-തോട്ടുവ റോഡിലെ കലുങ്ക് ഇടിഞ്ഞു. വന്‍ അപകടത്തിന് സാദ്ധ്യതയെന്ന് നാട്ടുകാര്‍. 
പൊതുമരാമത്ത് വകുപ്പിന് കീഴിലുള്ള റോഡിലെ കലുങ്കാണ് അപകട നിലായിലായത്. മൂന്നാം വാര്‍ഡില്‍ ഒക്കല്‍ ലിഫ്റ്റ് ഇറിഗേഷന്‍ പദ്ധതിയുടെ നീര്‍ച്ചാലിന് മുകളിലൂടെയുള്ള റോഡിന്റെ മദ്ധ്യം തകര്‍ന്ന നിലയിലാണ്. തകര്‍ന്നത് കണക്കാക്കാതെ സ്വകാര്യ ബസ് ഉള്‍പ്പെടെയുള്ള വലിയ വാഹനങ്ങളും ടോറസ് പോലുള്ള ഭാര വണ്ടികളും ഇതുവഴി കടന്നു പോകുന്നു. അപകട മേഖലയെന്നു കാണിയ്ക്കാന്‍ നാട്ടുകാര്‍ വച്ചിട്ടുള്ള ടാര്‍ വീപ്പകള്‍ തട്ടിമറിച്ചാണ് ഇതുവഴിയുള്ള വാഹന ഗതാഗതം.
മൂന്ന് മാസങ്ങള്‍ക്കു മുമ്പുതന്നെ ഈ കലുങ്ക് ഇടിഞ്ഞു തുടങ്ങിയിരുന്നു. അപ്പോള്‍ത്തന്നെ ബന്ധപ്പെട്ടവരെ അറിയിച്ചെങ്കിലും ആരും തിരിഞ്ഞു നോക്കിയില്ലെന്ന് നാട്ടുകാര്‍ ആരോപിച്ചു. 
പത്തോളം സ്വകാര്യ ബസുകളും രണ്ട് കെ.എസ്.ആര്‍.ടി ബസുകളും ഇതുവഴി സര്‍വ്വീസ് നടത്തുന്നുണ്ട്. വ്യവസായ മേഖലയായ ഇടവൂരിലേയ്ക്ക് നൂറുകണക്കിന് ഭാരവണ്ടികളാണ് ഇതുവഴി കടന്നു പോകുന്നത്. കൂടാതെ അങ്കമാലി, കാലടി, പെരുമ്പാവൂര്‍, ഒക്കല്‍, താന്നിപ്പുഴ, കൂവപ്പടി തുടങ്ങിയ മേഖലകളിലെ വിവിധ വിദ്യാലയങ്ങളിലെ വാഹനങ്ങളും ഈ റോഡിനെത്തന്നെ ആശ്രയിക്കുന്നു. 
കലുങ്കിനു നടുവിലുള്ള വിള്ളലില്‍ വീണ് ഇരുചക്രവാഹന യാത്രക്കാര്‍ പലരും ഇതിനോടകം തന്നെ അപകടത്തില്‍പ്പെട്ടിട്ടുണ്ട്. നിലവിലുള്ള മട്ടില്‍  വാഹനഗതാഗതം തുടര്‍ന്നാല്‍ ഏതു നിമിഷവും കലുങ്ക് തകരാം. അത് വഴിയുണ്ടാകുന്ന അവകടം ചെറുതായിരിക്കില്ല. അങ്ങനെ സംഭവിച്ചാല്‍ പൊതുമരാമത്തുവകുപ്പും ഒക്കല്‍ ഗ്രാമപഞ്ചായത്ത് അധികൃതരും മറുപടി പറയേണ്ടി വരുമെന്നും നാട്ടുകാര്‍ മുന്നറിയിപ്പു നല്‍കുന്നു.

 മംഗളം 26.02.2013


No comments: