Saturday, September 22, 2012

ടാക്‌സി ഡ്രൈവറുടെ കൊലപാതകം കുടുംബസഹായ നിധി സമാഹരണം തുടങ്ങി


പെരുമ്പാവൂര്‍: സ്വാതന്ത്ര്യദിന പുലര്‍ച്ചെ ദാരുണമായി കൊല്ലപ്പെട്ട ടാക്‌സിഡ്രൈവര്‍ ഹൈദരാലിയുടെ കുടുംബത്തെ സഹായിയ്ക്കാനുള്ള നിധി സമാഹരണം തുടങ്ങിയതായി മുനിസിപ്പല്‍ ചെയര്‍മാന്‍ കെ.എം.എ സലാം പത്രസമ്മേളനത്തില്‍ അറിയിച്ചു.
പൂപ്പാറയിലേയ്ക്ക് ഓട്ടം  വിളിച്ചുകൊണ്ടുപോയി മടങ്ങി വരുംവഴിയാണ് ഹൈദരലിയെ തായ്ക്കരചിറയ്ക്ക് സമീപം വച്ച് ദാരുണമായി കൊലപ്പെടുത്തിയത്. കൊലയാളികള്‍ കാര്‍ തട്ടിയെടുക്കുകയും ചെയ്തു.
വാഹനം വാങ്ങിയതിനുള്ള വായ്പ തുകയും വലിയ കുടുംബ പ്രാരാബ്ധങ്ങളും ഉള്ളതിനാലാണ് പരിചയമില്ലാത്തവര്‍ക്കൊപ്പം ഹൈദരലി ദീര്‍ഘദൂര ഓട്ടത്തിന് തയ്യാറായത്. ഇദ്ദേഹത്തിന്റെ മരണത്തോടെ ഒരു കുടുംബം അനാഥമായി.
വാര്‍ദ്ധക്യ സഹജമായ അസുഖങ്ങള്‍ മൂലം ദുരിതമനുഭവിയ്ക്കുന്ന മാതാപിതാക്കളും ഹൃദ്രോഗിയായ മകനും ഭാര്യയും ഹൈദരലിയുടെ തുഛവരുമാനം കൊണ്ടാണ് ജീവിച്ചിരുന്നത്. അഞ്ച് സെന്റ് സ്ഥലവും ജീര്‍ണിച്ച പുരയുമാണ് ഇവര്‍ക്കുള്ളത്.
മാസങ്ങള്‍ക്കു മുമ്പ് ഹൃദയ ശസ്ത്രക്രിയ നടത്തിയ മകന്റെ തുടര്‍ചികിത്സ നടക്കേണ്ടതുണ്ട്. വിവിധ സാമ്പത്തിക സ്ഥാപനങ്ങളിലുള്ള കടബാദ്ധ്യതയും അടച്ച് തീര്‍ക്കണം. നിത്യ ചിലവുകള്‍ക്കു പോലും വക കാണാതെ  വിഷമിയ്ക്കുന്ന ഈ കുടുംബത്തെ സഹായിയ്ക്കുന്നതിനാണ് നഗരസഭാ ചെയര്‍മാന്‍ കെ.എം.എ സലാം ചെയര്‍മാനായി ഹൈദരലി കുടുംബസഹായ സമിതി രൂപീകരിച്ചത്. അടുത്തമാസം 31 നകം പത്തുലക്ഷം രൂപ സമാഹരിച്ച് നല്‍കുകയാണ് സമിതിയുടെ ലക്ഷ്യം.
ഹൈദരലിയുടെ കുടുംബത്തെ സഹായിയ്ക്കാന്‍ താത്പര്യമുള്ളവര്‍ക്ക് ഇന്ത്യന്‍ ഓവര്‍സീസ് ബാങ്കിന്റെ പെരുമ്പാവൂര്‍ ശാഖയില്‍ തുടങ്ങിയ എസ്.ബി 23427 നമ്പര്‍ അക്കൗണ്ടിലേയ്ക്ക് പണം നിക്ഷേപിയ്ക്കാം. കൂടുതല്‍ വിവരങ്ങള്‍ക്ക് 9847043219 എന്ന നമ്പറില്‍ ബന്ധപ്പെടാമെന്ന് സമിതി ഭാരവാഹികളായ അഡ്വ. അജിത്, കെ.ഇ നൗഷാദ് തുടങ്ങിയവര്‍ അറിയിച്ചു.

മംഗളം 22.09.2012

No comments: