Sunday, September 9, 2012

കോണ്‍ഗ്രസിലെ വിഭാഗീയത: പെരുമ്പാവൂരില്‍ ഇരുവിഭാഗങ്ങളും തുറന്ന പോരാട്ടത്തിലേയ്‌ക്ക്‌


പെരുമ്പാവൂര്‍: കോണ്‍ഗ്രസ്‌ എ, ഐ വിഭാഗങ്ങള്‍ തമ്മിലുള്ള ഗ്രൂപ്പ്‌ കലഹം തുറന്ന പോരാട്ടത്തിലേയ്‌ക്ക്‌.
യു.ഡി.എഫ്‌ കണ്‍വീനര്‍ പി.പി തങ്കച്ചന്‍ നേതൃത്വം കൊടുക്കുന്ന ഐ ഗ്രൂപ്പും ബെന്നി ബഹന്നാന്‍ എം.എല്‍.എയുടെ നേതൃത്വത്തിലുള്ള എ ഗ്രൂപ്പും തമ്മില്‍ നാളുകളായി തുടരുന്ന ശീതസമരമാണ്‌ തുറന്ന പോരാട്ടത്തിലേയ്‌ക്ക്‌ വഴിമാറുന്നത്‌. വേങ്ങൂരിലെ പ്രബല ട്രേഡ്‌ യൂണിയനായ ഫോറസ്റ്റ്‌ ആന്റ്‌ ജനറല്‍ വര്‍ക്കേഴ്‌സ്‌ യൂണിയന്റെ അധികാരവുമായി ബന്ധപ്പെട്ട്‌ ഇരുവിഭാഗവും നടത്തിയ ബലപരീക്ഷണത്തിന്റെ കൊട്ടിക്കലാശവേദി യുദ്ധക്കളമാകുമെന്നാണ്‌ സൂചന.
പരേതനായ മുന്‍ എം.എല്‍.എ പി.ഐ പൗലോസ്‌ രൂപീകരിച്ച യൂണിയനാണ്‌ ഗ്രൂപ്പ്‌ വടംവലിയുടെ വേദിയായി മാറിയിരിയ്‌ക്കുന്നത്‌. രണ്ടായിരത്തോളം തൊഴിലാളികള്‍ അംഗങ്ങളും കനത്ത ആസ്‌തിയുമുള്ള യൂണിയനാണ്‌ ഇത്‌. ഇതിന്റെ അധികാരം സംഘടനാ നിയമങ്ങളുടെ പേരില്‍ ഐ ഗ്രൂപ്പ്‌ പിടിച്ചെടുത്തിരുന്നു. ഇതിനെതിരായി എ ഗ്രൂപ്പ്‌ കോടതിയെ സമീപിച്ചു. അനുകൂലമായ കോടതി വിധി ലഭിച്ചുവെന്ന്‌ അവകാശപ്പെട്ട്‌ യൂണിയന്‍ ഓഫീസ്‌ തിരിച്ചുപിടിയ്‌ക്കാനുള്ള നീക്കത്തിലാണ്‌ ഇവര്‍.
യൂണിയന്‍ ഭാരവാഹികളായിരുന്ന പ്രസിഡന്റ്‌ ടി.ജി പൗലോസ്‌, ജനറല്‍ സെക്രട്ടറി കെ.എം പൗലോസ്‌, ട്രഷറര്‍ കെ.കെ യാക്കോബ്‌ തുടങ്ങിയവരെ ഐ.എന്‍.ടി.യു.സി ജില്ലാ പ്രസിഡന്റായിരുന്ന ടി.പി ഹസന്‍, നിയോജക മണ്‌ഡലം പ്രസിഡന്റായിരുന്ന ടി.എന്‍ സദാശിവന്‍ എന്നിവരുടെ നേതൃത്വത്തിലാണ്‌ പുറത്താക്കിയത്‌. എന്നാല്‍, ഐ.എന്‍.ടി.യു.സിയില്‍ അഫിലിയേറ്റ്‌ ചെയ്യാത്ത തങ്ങളുടെ യൂണിയന്റെ ആഭ്യന്തരകാര്യങ്ങളില്‍ ഇടപെടാന്‍ നേതൃത്വത്തിന്‌ അവകാശമില്ലെന്നായിരുന്നു യൂണിയന്‍ ഭാരവാഹികളുടെ വാദം. ഇത്‌ കോടതി ശരിവച്ചതായും ഐ.എന്‍.ടി.യു.സി നേതാക്കളെ യൂണിയന്‍ ഭരണത്തില്‍ ഇടപെടുന്നതില്‍ നിന്നും തടഞ്ഞതായും എ വിഭാഗം പറയുന്നു. ഈ സാഹചര്യത്തില്‍ ഐ ഗ്രൂപ്പിന്റെ കൈവശമുള്ള യൂണിയന്‍ ഓഫീസും മറ്റും കായികമായി പിടിച്ചെടുക്കാനാണ്‌ എ ഗ്രൂപ്പിന്റെ തീരുമാനം.
യൂണിയന്‍ പിടിച്ചെടുക്കാനുള്ള ഐ.എന്‍.ടി.യു.സിയുടെ ശ്രമങ്ങള്‍ ഐ ഗ്രൂപ്പ്‌ നേതാവായ പി.പി തങ്കച്ചന്റെ മൗനസമ്മതത്തോടെയായിരുന്നുവെന്ന്‌ യൂണിയന്‍ ഭരണത്തിനായി കോടതിയെ സമീപിച്ചവര്‍ കുറ്റപ്പെടുത്തുന്നു. അതുകൊണ്ടു തന്നെ തുടര്‍ന്നുള്ള നീക്കങ്ങളെ പറ്റി ആലോചിയ്‌ക്കാന്‍ ചേര്‍ന്ന യോഗത്തില്‍ ബെന്നി ബഹന്നാന്‍ എം.എല്‍.എ നേരിട്ട്‌ പങ്കെടുക്കുകയും ചെയ്‌തു.
തങ്കച്ചന്റെ തട്ടകത്തില്‍ ശക്തിയാവാനുള്ള എ ഗ്രൂപ്പ്‌ നടത്തുന്ന നിരവധി പ്രവര്‍ത്തനങ്ങളിലൊന്നാണ്‌ ഇതും. അടുത്തിടെ വീണ്ടും രാഷ്‌ട്രീയത്തില്‍ സജീവമായ മുന്‍ മന്ത്രി ടി.എച്ച്‌ മുസ്‌തഫയും ആഭിമുഖ്യം കാട്ടുന്നത്‌ എ ഗ്രൂപ്പിനോട്‌ തന്നെ. 

മംഗളം 09.09.2012 

No comments: