Saturday, September 22, 2012

നൂറു രൂപ മുടക്കുമോ, വീട്ടുവളപ്പില്‍ മാലിന്യങ്ങള്‍ സംസ്‌കരിയ്ക്കാം


പെരുമ്പാവൂര്‍: കേവലം നൂറു രൂപ മുതല്‍ മുടക്കാന്‍ തയ്യാറുണ്ടോ? മാലിന്യങ്ങളുമായി എവിടേയും അലയേണ്ട. അവ വീട്ടുവളപ്പില്‍ തന്നെ സംസ്‌കരിയ്ക്കാം.
ഉറവിട മാലിന്യ സംസ്‌കരണ സംവിധാനങ്ങളെ മുന്‍ നിര്‍ത്തി നഗരസഭ നടത്തിയ പ്രദര്‍ശനത്തിലാണ് പുതു സാങ്കേതിക വിദ്യകള്‍ പരിചയപ്പെടുത്തിയത്. 
കേവലം 1000 രൂപ ചെലവില്‍ മാലിന്യം സംസ്‌കരിയ്ക്കാന്‍ കഴിയുന്ന പൈപ്പ് കംമ്പോസ്റ്റ് സംവിധാനം മുതല്‍ ഇന്ധന ദൗര്‍ലഭ്യത്തിന് പരിഹാരമുണ്ടാക്കാന്‍ കഴിയുന്ന ബയോഗ്യാസ് പ്ലാന്റുകള്‍ വരെ പ്രദര്‍ശനത്തിനുണ്ടായിരുന്നു.
വെള്ളം കെട്ടിനില്‍ക്കാത്ത ഇടങ്ങളില്‍ മാലിന്യം സംസ്‌കരിയ്ക്കാന്‍ കഴിയുന്ന ലളിതമായ സംവിധാനമാണ് പൈപ്പ് കംമ്പോസ്റ്റ്. 1000 രൂപ ഇതിന് ചെലവ് വരുമെങ്കിലും 90 ശതമാനം സബ്‌സിഡിയുണ്ട്. അതായത് മാലിന്യ സംസ്‌കരണത്തിന് വീട്ടുടമസ്ഥന്‍ മുതല്‍ മുടക്കേണ്ടത് വെറും നൂറുരൂപ. 
പോട്ട് കംമ്പോസ്റ്റാണ് മറ്റൊരു മാര്‍ഗം. ഇതിന് 1200 രൂപയാണ് മുടക്കുമുതല്‍. എന്നാല്‍ 90 ശതമാനം സബ്‌സിഡി ലഭിക്കുന്നതിനാല്‍ 120 രൂപ വീട്ടുടമസ്ഥന്‍ മുടക്കിയാല്‍  മതിയാവും.
ഇന്ധന ദൗര്‍ലഭ്യത്തിന്റെ കാലത്ത് ഓരോ വീട്ടിലേയ്ക്കും ആവശ്യമായ പാചകവാതകം മാലിന്യ സംസ്‌കരണത്തിലൂടെ ഉത്പാദിപ്പിയ്ക്കാന്‍ കഴിയും. പ്രതിദിനം 10 കിലോ മാലിന്യം നിക്ഷേപിയ്ക്കാന്‍ കഴിയുന്നവര്‍ക്ക് ബയോഗ്യാസ് പ്ലാന്റ് നിര്‍മ്മിയ്ക്കാം. 9000 രൂപയാണ് മുതല്‍ മുടക്ക്. ഇതില്‍ സര്‍ക്കാരിന്റെ 50 ശതമാനം സബ്‌സിഡിയുണ്ട് കൂടാതെ നഗരസഭ 25 ശതമാനം സബ്‌സിഡിയും നല്‍കും.  
ഫ്‌ളാറ്റുകളിലേയ്ക്ക് ആവശ്യമുള്ള ബയോബിന്നുകളും ഇവിടെ പ്രദര്‍ശിപ്പിച്ചു. ഇതിന് 51000 രൂപയോളം ചെലവു വരും.
രാജഗിരി ഔട്ട് റീച്ച്, കെഡായി ക്ലീന്‍ സിറ്റി എറണാകുളം, അന്ത്യോദയ അങ്കമാലി, എവര്‍ഗ്രീന്‍ എറണാകുളം, ഗ്രേസ് ലാന്റ് തിരുവനന്തപുരം, ശാസ്ത്രസാഹിത്യ പരിഷത്ത്, റെയ്‌ക്കോ തുടങ്ങിയ പത്തോളം ഏജന്‍സികളാണ് പ്രദര്‍ശനം നടത്താനെത്തിയത്.
നഗരസഭ ചെയര്‍മാന്‍ കെ.എം.എ സലാം ഉദ്ഘാടനം ചെയ്തു. ആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ ബിജു ജോണ്‍ ജേക്കബ് അദ്ധ്യക്ഷത വഹിച്ചു. 
മംഗളം 22.09.2012

No comments: