Tuesday, September 18, 2012

ജില്ലാ വിദ്യാഭ്യാസ പരിശീലന കേന്ദ്ര വളപ്പിലെ മരങ്ങള്‍ അനധികൃതമായി മുറിച്ചുമാറ്റിയെന്ന് ആക്ഷേപം


മരങ്ങള്‍ വെട്ടിയത് ഹര്‍ത്താല്‍ ദിനത്തില്‍

പെരുമ്പാവൂര്‍: കുറുപ്പംപടിയില്‍ പ്രവര്‍ത്തിയ്ക്കുന്ന ജില്ലാ വിദ്യാഭ്യാസ പരിശീലന കേന്ദ്ര (ഡയറ്റ്) ത്തിന്റെ വളപ്പില്‍ നിന്ന് അനധികൃതമായി മരങ്ങള്‍ മുറിച്ചുമാറ്റിയെന്ന് ആക്ഷേപം.
കാമ്പസ് ഹരിതവത്കരിയ്ക്കാനുള്ള ഊര്‍ജ്ജിത ശ്രമങ്ങള്‍ നടന്നുവരുന്നതിന്നിടയില്‍, തേക്കും മാവും ഉള്‍പ്പടെ എട്ടോളം മരങ്ങള്‍ ഹര്‍ത്താല്‍ ദിനത്തില്‍ മുറിച്ച് മാറ്റിയെന്നാണ് ആരോപണം. സര്‍ക്കാര്‍ സ്ഥാപനങ്ങളുടെ ഉടമസ്ഥതയിലുള്ള മരങ്ങള്‍  മുറിയ്ക്കുമ്പോള്‍ പാലിയ്‌ക്കേണ്ട ചട്ടങ്ങളൊന്നും ഇവിടെയുണ്ടായില്ലെന്നറിയുന്നു.
ഡയറ്റ് ഓഫീസിനു മുന്നില്‍ തണല്‍ പരത്തി നിന്ന പ്ലാവിന്റെ കൊമ്പുള്‍പ്പടെ മുറിച്ച് വിറ്റു. ഈ തണലില്‍ നിരവധി ക്ലാസുകള്‍ നടക്കാറുള്ളതാണ്. വളപ്പിലെ ഇരട്ടമാവിന്റെ കൂറ്റന്‍ കൊമ്പും അക്കേഷ്യായും മുറിച്ച് വിറ്റവയില്‍ പെടുന്നു.
എന്നാല്‍, കുട്ടികള്‍ക്കും സ്ഥാപനത്തിനും ഭീഷണിയായ മരങ്ങള്‍ മാത്രമാണ് മുറിച്ച് നീക്കിയതെന്ന് ഡയറ്റ് പ്രിന്‍സിപ്പല്‍ വി.മുരളീധരന്‍ മംഗളത്തോടു പറഞ്ഞു. ഇത് പി.ടി.എ പ്രസിഡന്റിന്റെ സാന്നിദ്ധ്യത്തിലുമായിരുന്നു.
ഡയറ്റിനു കീഴിലുള്ള എല്‍.പി സ്‌കൂള്‍ കെട്ടിടത്തിന് ഭീഷണിയായതിനാലാണ് ഇവിടെ നിന്ന മാവിന്റെ കൊമ്പ് മുറിച്ചത്. ലേഡീസ് ഹോസ്റ്റലിന് പിന്നിലുള്ള കിണറിലെ വെള്ളം ഇലകള്‍ വീണ് സ്ഥിരമായി മലിനപ്പെടുന്നതിനാല്‍ ചേര്‍ന്നു നിന്ന വട്ടയും ഡയറ്റിലേയ്ക്കുള്ള ത്രീ ഫേയ്‌സ് ഇലക്ട്രിക് പവര്‍ ലൈന് ഭീഷണിയായതിനാല്‍ താഴെ നിന്ന തേക്കും വെട്ടിമാറ്റി.
കൊമ്പു വെട്ടിയിറക്കുന്നതിന് മരംവെട്ടുകാര്‍ വലിയ കൂലിയാണ് ആവശ്യപ്പെട്ടിരുന്നത്. അതിനാല്‍ത്തന്നെ ഭീഷണി ഉയര്‍ത്തുന്ന മരങ്ങള്‍ മുറിച്ച് നീക്കല്‍ നാളുകളായി മുടങ്ങിക്കിടക്കുകയായിരുന്നു. ഒടുവില്‍ വെട്ടിയ മരങ്ങള്‍ നല്‍കാമെന്ന കരാറിലാണ് തൊട്ടടുത്ത തടിമില്‍ നടത്തുന്നയാള്‍ കൊമ്പിറക്കാന്‍ തയ്യാറായത്. മരം നല്‍കിയതിന് വെട്ടുകൂലി കിഴിച്ച് തടിമില്‍ ഉടമസ്ഥന്‍ 6500 രൂപ നല്‍കിയതായും പ്രിന്‍സിപ്പാള്‍ പറഞ്ഞു.
അതേസമയം, വന്‍തുകയ്ക്കുള്ള മരങ്ങളാണ് ഇവിടെ നിന്ന് വെട്ടിക്കടത്തിയതെന്ന് നാട്ടുകാര്‍ പറയുന്നു. സ്വകാര്യഭൂമിയില്‍ നില്‍ക്കുന്ന തേക്കുപോലുള്ള സംരക്ഷിത മരങ്ങള്‍ വെട്ടണമെങ്കില്‍ പോലും വനം വകുപ്പിന്റെ അനുമതി വേണമെന്നിരിയ്‌ക്കെ എല്ലാ നിബന്ധനകള്‍ കാറ്റില്‍ പറത്തിയാണ് മരംവെട്ടി കടത്തല്‍ നടന്നത്.  ഇല വീഴാതിരിയ്ക്കാന്‍, കിണറിന് മുകളിലേയ്ക്കുള്ള കൊമ്പ് മുറിച്ച് മാറ്റിയാല്‍ മതിയെന്നിരിയ്‌ക്കെ മരം തന്നെ മുറിച്ച് മാറ്റുന്നതെന്തിനെന്നും നാട്ടുകാര്‍ ചോദിയ്ക്കുന്നു. 
ജില്ലാ പഞ്ചായത്തിന് കീഴിലാണ് ഡയറ്റ്. അതുകൊണ്ടു തന്നെ ഇവിടെത്തെ മരങ്ങള്‍ മുറിയ്ക്കാന്‍ അവരോട് അനുമതി തേടേണ്ടതുണ്ട്. എന്നാല്‍, അതൊന്നും ചെയ്യാതെ ഹര്‍ത്താല്‍ ദിനത്തില്‍ അതീവ രഹസ്യമായി മരങ്ങള്‍ മുറിച്ച് വിറ്റതിലുള്ള ദുരൂഹതയെ കുറിച്ച് അന്വേഷിയ്ക്കണമെന്നാണ് ആവശ്യം.

മംഗളം 18.09.2012

1 comment:

ശിഖണ്ഡി said...

ഇതു സ്ഥിരം പരിവാടിയല്ലേ... കുറച്ചു കാലം മുമ്പ് യുനിവേര്‍സിറ്റി യില്ലായിരുന്നു