Thursday, August 23, 2012

ടാക്‌സി ഡ്രൈവറുടെ കൊലപാതകം: മുഖ്യപ്രതികളായ മൂന്നുപേര്‍ അറസ്റ്റില്‍


ഒരാഴ്ചയ്ക്കുള്ളില്‍ അറസ്റ്റ്




മണി
പെരുമ്പാവൂര്‍:  കാര്‍ തട്ടിയെടുക്കാന്‍ ടാക്‌സി ഡ്രൈവറെ തലയ്ക്കടിച്ചുകൊന്ന് പെട്രോളൊഴിച്ച് കത്തിച്ച കേസിലെ മുഖ്യപ്രതികളായ മൂന്നുപേരെ പോലീസ് അറസ്റ്റ് ചെയ്തു. സംഭവം നടന്ന് ഒരാഴ്ചയ്ക്കുള്ളിലാണ് അറസ്റ്റ്.
പള്ളിവാസല്‍ പോതമേട് സി.എസ്.ഐ പള്ളിയ്ക്ക് സമീപം താമസിയ്ക്കുന്ന ഗണേശന്റെ മകന്‍ ശെല്‍വിന്‍ എന്ന മണി (25), തമിഴ്‌നാട് തൃശ്‌നാപ്പിള്ളി സ്വദേശികളായ വിളയൂര്‍ അമ്മന്‍കോവില്‍ തെരുവില്‍ ആരോഗ്യസാമിയുടെ മകന്‍ സെബാസ്റ്റ്യന്‍ (45), ലാല്‍ഗുഡി താലൂക്കില്‍ അന്‍പഴകന്റെ മകന്‍ ചിന്നന്‍ എന്നുവിളിയ്ക്കുന്ന ചിന്നരാജ് (20) എന്നിവരാണ് പിടിയിലായത്. ഇവര്‍ക്കൊപ്പമുണ്ടായിരുന്ന ശിവ എന്നയാളെ പിടികിട്ടാനുണ്ട്.
കഴിഞ്ഞ സ്വാതന്ത്യദിനത്തില്‍ പുലര്‍ച്ചെയാണ്  പുല്ലുവഴിയ്ക്കടുത്ത് നാടിനെ നടുക്കിയ കൊലപാതകം നടന്നത്. പാതി കത്തിക്കരിഞ്ഞനിലയില്‍ കണ്ടെത്തിയ മൃതദേഹം, ടൗണിലെ ടാക്‌സി ഡ്രൈവറായ മൗലൂദ് പുര തച്ചിരുകുടി പൊട്ടേക്കാട്ടില്‍ വീട്ടില്‍ ഹൈദര്‍ അലി(46) യുടെതാണെന്ന് ഉച്ചയോടെ തിരിച്ചറിഞ്ഞു.
സെബാസ്റ്റ്യന്‍ 
തുടര്‍ന്ന് നടന്ന അന്വേഷണത്തിലാണ് കേവലം ഒരാഴ്ചയ്ക്കുള്ളില്‍ പ്രതികള്‍ പോലീസ് കസ്റ്റഡിയിലായത്. ഹൈദര്‍ അലിയുടെ കാറും കൊലപ്പെടുത്താന്‍ ഉപയോഗിച്ച ആയുധങ്ങളും പോലീസ് കണ്ടെടുത്തിട്ടുണ്ട്.
സംഭവത്തെകുറിച്ച് പോലീസ് പറയുന്നത് ഇങ്ങനെ: കൊല നടന്നത് നെല്ലിമോളത്തു നിന്നും  പുല്ലുവഴി തായ്ക്കരച്ചിറയിലേയ്ക്കുള്ള ഇടറോഡിലായതിനാല്‍ സ്ഥലപരിചയമുള്ളവരാണ് പ്രതികളെന്ന് വ്യക്തമായി. ഇരുപത്തിയഞ്ച് വയസ്സ് പ്രായം തോന്നിയ്ക്കുന്ന യുവാവാണ് ഹൈദര്‍ അലിയെ ഇടുക്കി പൂപ്പാറയിലേയ്ക്ക് ഓട്ടം വിളിച്ചത്. ഇയാള്‍ കുറുപ്പംപടി സ്റ്റാന്റിലാണ് ആദ്യം കാര്‍ വിളിയ്ക്കാനെത്തിയത്. ഇവിടെ നിന്ന് കിട്ടാത്തതിനാല്‍ പെരുമ്പാവൂരിലെത്തുകയായിരുന്നു. വായ്ക്കര സ്വദേശിയെന്ന് പരിചയപ്പെടുത്തിയ ഇയാളെ പല ടാക്‌സി ഡ്രൈവര്‍മാരും കണ്ടാല്‍ തിരിച്ചറിയുമായിരുന്നു.
ഇവര്‍ നല്‍കിയ സൂചനകള്‍ പ്രകാരം പോലീസ് തയ്യാറാക്കിയ രേഖാചിത്രം വായ്ക്കരയില്‍ പലരും തിരിച്ചറിഞ്ഞു. കാടുവെട്ടല്‍ ജോലികളുമായി വായ്ക്കരയില്‍ താമസിച്ചിരുന്ന മണിയിലേയ്ക്ക് അന്വേഷണമെനത്തുന്നത് അങ്ങനെയാണ്.
പൂപ്പാറയിലേയ്ക്ക് പോകുന്നതിനിടയില്‍ വഴിയ്ക്ക് വച്ചാണ് മറ്റു മൂന്നുപേര്‍ കാറില്‍ കയറുന്നത്. സുഹൃത്തുക്കളാണെന്നും തേനിയിലേയ്ക്ക് പോകുന്നവരാണെന്നുമാണ് മണി ഹൈദര്‍ അലിയോട് പറഞ്ഞത്. പൂപ്പാറയില്‍ നിന്ന് നെടുങ്കണ്ടം സ്വദേശിനിയായ ഭാര്യ പുഷ്പയുമൊത്ത് ചിന്നമണ്ണൂരിലെ ബന്ധുവീട്ടില്‍ പോയ മണി തിരികെ വരുമ്പോള്‍ ഭാര്യയെ പൂപ്പാറയില്‍ ഇറക്കി, ബസ് കയറ്റി നെടുങ്കണ്ടത്തേയ്ക്ക് വിടുകയായിരുന്നു.
ചിന്നരാജ്
പൂപ്പാറയില്‍ ഇറങ്ങിയ സഹപ്രതികള്‍ തിരിച്ചുവരുമ്പോള്‍ വീണ്ടും ഒപ്പംചേര്‍ന്നു. പതിനഞ്ചിന് പുലര്‍ച്ചെ തായ്ക്കരച്ചിറ  കോട്ടപ്പുറം കോളനിയ്ക്ക് സമീപത്തു വീടെത്തിയെന്നു പറഞ്ഞാണ് കാര്‍ നിര്‍ത്തിച്ചത്. കാറിന്റെ ഡിക്കിയില്‍ യാത്രക്കാരുടേതായി എന്തെങ്കിലുമുണ്ടോയെന്ന് പരിശോധിയ്ക്കുന്നതിനിടയില്‍ ചിന്നരാജ് ഹൈദര്‍ അലിയുടെ തലയ്ക്ക് ചുറ്റികയ്ക്ക് അടിയ്ക്കുകയായിരുന്നു. തലപൊത്തി മലര്‍ന്നു വീഴുന്നതിന്നിടയില്‍ സെബാസ്റ്റ്യന്‍ കമ്പിവടിയ്ക്ക് മുഖത്തടിച്ചു. നിലത്തു വീണ ഹൈദറിന്റെ മരണം ഉറപ്പാക്കാന്‍ കഴുത്തില്‍ കയറിട്ടു മുറുക്കി. പിന്നീട് കാറിലെ ടര്‍ക്കിയെടുത്ത് മുഖത്തിട്ട ശേഷം കയ്യില്‍ കരുതിയിരുന്ന പെട്രോള്‍ ഒഴിച്ച് സിഗററ്റ് ലൈറ്റര്‍ ഉപയോഗിച്ച് തീകൊളുത്തി.
വാഹനതതിന്റെ ലോണ്‍ അടയ്ക്കാന്‍ കരുതിയിരുന്ന പതിനായിരം രൂപയും ഹൈദറിന്റെ സ്വര്‍ണ്ണ മോതിരവും കൊലയാളികള്‍ കവര്‍ന്നു. ഇതില്‍ എണ്ണായിരം രൂപ മണിയുടെ ബാങ്ക് അക്കൗണ്ടില്‍ നിന്ന് കണ്ടെത്തിയിട്ടുണ്ട്. മോതിരം പിടികിട്ടാനുള്‌ല ശിവയുടെ പക്കലാണ്. കാര്‍ തമിഴ്‌നാട്ടിലെ കമ്പത്തുനിന്നാണ് കണ്ടെത്തിയത്. ടാക്‌സി രജിസ്‌ട്രേഷനിലുള്ള കേരള നമ്പര്‍ മാറ്റി തമിഴ്‌നാട് പ്രൈവറ്റ് രജിസ്‌ട്രേഷന്‍ നമ്പറിന്റെ സ്റ്റിക്കര്‍ പതിപ്പിച്ചിരുന്നു. കൂടാതെ തമിഴ് വാചകങ്ങളുള്ള സ്റ്റിക്കറുകള്‍ കാറിന്റെ ഗ്ലാസിലും പതിപ്പിച്ചിരുന്നു. കാറിനു പുറമെ ഇവര്‍ പലപ്പോഴായി മോഷ്ടിച്ച നാലു ബൈക്കുകളും കണ്ടെത്തിയിട്ടുണ്ട്.
പെരുമ്പാവൂര്‍ ഡിവൈ.എസ്.പി കെ ഹരികൃഷ്ണന്റെ മേല്‍നോട്ടത്തില്‍ കുറുപ്പംപടി സി.ഐ ക്രിസ്പിന്‍ സാമിന്റെ നേതൃത്വത്തില്‍ നടന്ന അന്വേഷണത്തിലാണ് പ്രതികളെ കണ്ടെത്തിയത്.
മംഗളം 23.08.2012


1 comment:

Akhilesh said...

kurupampadi police rock... :) congrats.... :)