Tuesday, August 28, 2012

കല്ലില്‍ ക്ഷേത്രത്തില്‍ നിറപുത്തിരി; കതിര്‍ക്കറ്റ ചേര്‍ത്തലയില്‍ നിന്ന്


പെരുമ്പാവൂര്‍: പുരാതനമായ കല്ലില്‍ ഗുഹാക്ഷേത്രത്തില്‍ നിറപുത്തിരിയ്ക്ക് കതിര്‍ക്കറ്റ കിട്ടിയത് ചേര്‍ത്തലയില്‍ നിന്ന്.
വിളവെടുപ്പ് ഉത്സവമായ നിറപുത്തിരി ആഘോഷിയ്ക്കാനാണ് ഒരു കതിര്‍ കറ്റയെങ്കിലും സംഘടിപ്പിയ്ക്കാന്‍ ക്ഷേത്രഭാരവാഹികള്‍ നെട്ടോട്ടം നടത്തിയത്. പലയിടങ്ങളില്‍ അലഞ്ഞെങ്കിലും നിരാശയായിരുന്നു ഫലം. നെല്‍കൃഷി മാത്രം ഇല്ല. പാലക്കാട്, പിറവം, കാലടി, ഊരക്കാട് തുടങ്ങിയ കേരളത്തിലെ നെല്ലുവിളയുന്ന പല വയലുകളിലും കതിരു തിരക്കി. നാമമാത്രമായി ചിലയിടങ്ങളില്‍ കൃഷി യുണ്ടെങ്കിലും അവിടെയൊന്നും നെല്ലു വിളയാറായിട്ടില്ല.
ഒടുവില്‍ കാര്‍ഷികോത്പന്ന രംഗത്തെ പ്രമുഖ വ്യാപാരിയായ തുണ്ടത്തില്‍ രാജുവിന്റെ ശ്രമഫലമായി ചേര്‍ത്തലയില്‍ നിന്നും ഒരു കറ്റ വരുത്തി. പാണാവള്ളി തളിയാപ്പറമ്പ്  ക്ഷേത്രത്തില്‍ നിറപുത്തിരിയ്ക്ക് വേണ്ടി പ്രത്യേകം കൃഷി ചെയ്ത വയലില്‍ നിന്നായിരുന്നു ഇത്.
വിളവെടുപ്പിനോടനുബന്ധിച്ച് ആഘോഷിയ്ക്കുന്ന സമൃദ്ധിയുത്സവമായ ഓണത്തോടനുബന്ധിച്ച് ഒരിടത്തും നെല്‍കൃഷി നടന്നിട്ടില്ലെന്ന ഞെട്ടിയ്ക്കുന്ന തിരിച്ചറിവില്‍ ക്ഷേത്രഭാരവാഹികള്‍ ഒരു തീരുമാനം കൈക്കൊണ്ടിട്ടുണ്ട്. അടുത്ത നിറപുത്തിരി നടത്താനുള്ള കതിര് കൊയ്‌തെടുക്കാനായി ക്ഷേത്രവളപ്പില്‍ തന്നെ കൃഷിയിറക്കാന്‍. 

 മംഗളം 28.08.2012

No comments: