Friday, July 20, 2012

നേര്യമംഗലത്ത്‌ ഇഞ്ചി സംഭരണശാല സ്ഥാപിയ്ക്കും

പെരുമ്പാവൂറ്‍: നേര്യമംഗലത്ത്‌ കോള്‍ഡ്‌ സ്റ്റോറേജ്‌ അടക്കമുള്ള സൌകര്യങ്ങളോടെ ആധുനിക രീതിയിലുള്ള ഇഞ്ചി സംഭരണശാല സ്ഥാപിയ്ക്കും. നിയസഭാ സമ്മേളനത്തില്‍ മന്ത്രി കെ.പി മോഹനന്‍ അറിയിച്ചതാണ്‌ ഇക്കാര്യം. 
സ്മോള്‍ ഫാര്‍മേഴ്സ്‌ അഗ്രി ബിസിനസ്സ്‌ കണ്‍സോര്‍ഷ്യം മുഖേന പഴം, പച്ചക്കറി, സുഗന്ധ വ്യഞ്ജനങ്ങള്‍ എന്നിവയുടെ മൂല്യ വര്‍ദ്ധിത ഉല്‍പ്പന്നങ്ങള്‍ നിര്‍മ്മിയ്ക്കുന്ന വിവിധ പദ്ധതികള്‍ക്കായി 300 ലക്ഷം രൂപ വകയിരുത്തിയതായും മന്ത്രി അറിയിച്ചു. കമ്മ്യൂണിറ്റി സേഫ്റ്റി നെറ്റ്‌ പദ്ധതി പ്രകാരം 2.52 കോടി രൂപ ധനസഹായത്തിനായി ലഭ്യമായിട്ടുണ്ട്‌. ബാക്കി തുക എത്രയും വേഗം ലഭ്യമാക്കും. 
കര്‍ഷക ഗ്രൂപ്പുകള്‍ മുഖേനയാണ്‌ പദ്ധതി നടപ്പാക്കുക. ദേശീയ ഹോര്‍ട്ടി കള്‍ച്ചര്‍ മിഷന്‍ പദ്ധതി പ്രകാരം ഇഞ്ചിയുടെ വിള വിസ്തൃതി വ്യാപനത്തിന്‌ ധനസഹായം നല്‍കും. ഹെക്ടര്‍ ഒന്നിന്‌ മൊത്തം പദ്ധതി ചെലവായ 25000 രൂപയുടെ അമ്പതു ശതമാനമായിരിയ്ക്കും നല്‍കുക. 
പദ്ധതി പ്രകാരം ഒരു കര്‍ഷകന്‌ പരമാവധി നാല്‌ ഹെക്ടര്‍ കൃഷി ചെയ്യാനുള്ള ധനസഹായം നല്‍കും. വിത്ത്‌, വളം മറ്റ്‌ ഉല്‍പ്പാദന സാമിഗ്രികള്‍ എന്നിവയ്ക്ക്‌ വേണ്ടി ഈ തുക ഉപയോഗിയ്ക്കാം. 
കൊല്ലം, പത്തനംതിട്ട, ഇടുക്കി, മലപ്പുറം, പാലക്കാട്‌, കോഴിക്കോട്‌, വയനാട്‌ ജില്ലകളിലെ ഇഞ്ചിക്കുണ്ടായ വിലത്തകര്‍ച്ച സര്‍ക്കാരിണ്റ്റെ ശ്രദ്ധയില്‍പെട്ടിട്ടുണ്ട്‌. കര്‍ഷകരില്‍ നിന്ന്‌ അപേക്ഷ ലഭിച്ചതനുസരിച്ച്‌ 16.66 കോടി രൂപ നഷ്ടപരിഹാരത്തുകയായി നല്‍കും. 
പാലക്കാട്‌ ജില്ലയില്‍ രോഗ കീടബാധമൂലം കൃഷിനാശം സംഭവിച്ചവര്‍ക്ക്‌ നഷ്ടപരിഹാരം നല്‍കും. ജില്ലയിലെ 108.63 ഹെക്ടര്‍ സ്ഥലത്തെ 134 കര്‍ഷകര്‍ക്ക്‌ നഷ്ടപരിഹാരമായി 81.4725 ലക്ഷം രൂപ അനുവദിച്ചിട്ടുണ്ടെന്നും സാജുപോള്‍ എം.എല്‍.എയുടെ ചോദ്യത്തിനു മറുപടിയായി മന്ത്രി അറിയിച്ചു. 
മംഗളം 20.07.2012

1 comment:

Admin said...

കര്‍ഷകര്‍ക്ക് ആശ്വാസം..