Saturday, July 21, 2012

ആരോഗ്യ വകുപ്പിണ്റ്റെ പരിശോധന തുടരുന്നു; ഹോട്ടലുകളും കോളജ്‌ കാണ്റ്റീനും അടച്ചുപൂട്ടി

പെരുമ്പാവൂര്‍ : ആരോഗ്യ വകുപ്പ്‌ അധികൃതരുടെ റെയ്ഡ്‌ വിവധ മേഖലകളില്‍ ഇന്നലെയും തുടര്‍ന്നു. അറയ്ക്കപ്പടിയിലെ കോളജിണ്റ്റെ കാണ്റ്റീനും ഹോട്ടലും ഇന്നലെ അടച്ചുപൂട്ടി. 
കഴിഞ്ഞ ദിവസം കുറുപ്പംപടിയിലേയും പുക്കാട്ടുപടിയിലേയും ഹോട്ടലുകള്‍ അടച്ചിരുന്നു. മലയിടംതുരുത്ത്‌ സാമൂഹ്യ ആരോഗ്യ കേന്ദ്രം ആരോഗ്യ വിഭാഗത്തിണ്റ്റെ നേതൃത്വത്തില്‍ വെങ്ങോല പഞ്ചായത്തിണ്റ്റെ വിവിധ ഭാഗങ്ങളിലാണ്‌ ഇന്നലെ പരിശോധന നടന്നത്‌. 
വൃത്തിഹീനമായ സാഹചര്യങ്ങള്‍ കണ്ടെത്തിയതിനെത്തുടര്‍ന്ന്‌ രണ്ടായിരത്തോളം വിദ്യാര്‍ത്ഥികള്‍ പഠിയ്ക്കുന്ന അറയ്ക്കപ്പടി ജയ്ഭാരത്‌ എന്‍ജിനിയറിംഗ്‌ കോളജിണ്റ്റെ കാണ്റ്റീനാണ്‌ അധികൃതര്‍ അടപ്പിച്ചത്‌. വര്‍ഷങ്ങളായി ശുചീകരണ പ്രവര്‍ത്തനങ്ങള്‍ ഒന്നും നടത്താത്ത, പായലും മറ്റ്‌ അവശിഷ്ഠങ്ങളും നിറഞ്ഞ കിണറിലെ ജലമാണ്‌ ഇവിടെ കുടിയ്ക്കാനും ഭക്ഷണം പാചകം ചെയ്യാനും ഉപയോഗിച്ചിരുന്നത്‌. കാടുപിടിച്ചു കിടന്ന പ്രദേശത്തെ കിണര്‍ തിരിച്ചറിയാന്‍പോലും കഴിയുമായിരുന്നില്ലെന്ന്‌ പരിശോധനാ സംഘം പറയുന്നു. 
ഓടയിലേയ്ക്ക്‌ വന്‍തോതില്‍ മാലിന്യങ്ങള്‍ തുറന്നു വിടുന്ന, വൃത്തിഹീനമായ അടുക്കളയുള്ള അറയ്ക്കപ്പടിയിലെ അക്ബര്‍ ഹോട്ടലാണ്‌ അടപ്പിച്ച മറ്റൊരു സ്ഥാപനം. റോഡില്‍ ഫുട്ട്പാത്തിനോട്‌ ചേര്‍ന്ന്‌ അനധികൃതമായി മത്സ്യം വില്‍ക്കുന്നവര്‍ക്കും ഓടയിലേയ്ക്ക്‌ മലിന ജലം ഒഴുക്കുന്നവര്‍ക്കും നോട്ടീസ്‌ നല്‍കിയിട്ടുണ്ട്‌. 
അറയ്ക്കപ്പടി, മേപ്രത്തുപടി, ഓണംകുളം, വെങ്ങോല, അല്ലപ്ര എന്നി മേഖലകളില്‍ ഇരുപത്തിയാറ്‌ കേന്ദ്രങ്ങളിലായിരുന്നു പരിശോധന. പതിനെട്ട്‌ സ്ഥാപനങ്ങള്‍ക്ക്‌ നോട്ടീസ്‌ നല്‍കി. 
ഹെല്‍ത്ത്‌ ഓഫീസര്‍ ജോയി ജോസഫിണ്റ്റെ നേതൃത്വത്തില്‍ എം.ബി ഷാജി, എന്‍.കെ സലിം, എം.ഐ സിറാജ്‌, സുരേഷ്‌ ബാബു, എച്ച്‌ ഷബീര്‍ എന്നിവരായിരുന്നു പരിശോധന നടത്തിയത്‌.

 മംഗളം 21.07.2012

No comments: