Friday, July 27, 2012

വെങ്ങോല വില്ലേജ്‌ ഓഫീസ്‌-കരിയിലകുളം റോഡ്‌ തകര്‍ന്നു

ടാറിങ്ങില്‍ അപാകത 

പെരുമ്പാവൂര്‍: വെങ്ങോല ഗ്രാമപഞ്ചായത്ത്‌ ഇരുപത്തിമൂന്നാം വാര്‍ഡിലെ വെങ്ങോല വില്ലേജ്‌ ഓഫീസ്‌-കരിയിലകുളം റോഡ്‌ തകര്‍ന്നു. ജില്ലാ പഞ്ചായത്തില്‍ നിന്നുള്ള ഫണ്ട്‌ ഉപയോഗിച്ച്‌ പുനര്‍ നിര്‍മ്മിച്ച റോഡിണ്റ്റെ ടാറിങ്ങിലെ അപാകതയാണ്‌ റോഡ്‌ തകരാനുള്ള കാരണമെന്ന്‌ നാട്ടുകാര്‍. 
പതിന്നാലു ലക്ഷം രൂപയോളം മുടക്കി ഈ റോഡ്‌ പുനര്‍നിര്‍മ്മിച്ചിട്ട്‌ രണ്ടുമാസം പിന്നിടും മുമ്പാണ്‌ ഇത്‌ ഗതാഗതയോഗ്യമല്ലാതാവുന്നത്‌. കരാര്‍ പ്രകാരം ജോലികള്‍ പൂര്‍ത്തിയാക്കാത്തതും ടാറിങ്ങില്‍ സംഭവിച്ച അപാകതയുമാണ്‌ റോഡ്‌ തകരാന്‍ കാരണമായതെന്ന്‌ നാട്ടുകാര്‍ പറയുന്നു. 
ഇവിടെ എസ്റ്റിമേറ്റ്‌ പ്രകാരം പണികള്‍ നടത്താത്തതിനെതിരെ നാട്ടുകാര്‍ ടാറിങ്ങ്‌ സമയത്തുതന്നെ പരാതിയുമായി രംഗത്തു വന്നിരുന്നു. കരാറില്‍ ഉള്ളതിനേക്കാള്‍ നൂറു മീറ്റര്‍ കൂടുതലായി റോഡ്‌ ടാറു ചെയ്യുമെന്ന്‌ കരാറുകാരനും വാര്‍ഡു മെമ്പറും അന്ന്‌ വാഗ്ദാനം ചെയ്തിരുന്നു. സമീപത്തുള്ള ക്രഷര്‍ ഉടമകളില്‍ നിന്ന്‌ പണം സംഭാവനയായി സ്വീകരിച്ച്‌ നിര്‍മ്മാണ പ്രവര്‍ത്തനം പൂര്‍ത്തീകരിയ്ക്കാനായിരുന്ന പദ്ധതി. ഇതിനായി മൂന്നു ക്രഷര്‍ ഉടമകളില്‍ നിന്നായി ഏഴു ലക്ഷം രൂപയോളം ബന്ധപ്പെട്ടവര്‍ വാങ്ങിയെങ്കിലും അതില്‍ നിന്നും ഒരു രൂപപോലും ടാറിങ്ങിനായി ചെലവഴിച്ചില്ലെന്നും നാട്ടുകാര്‍ ആരോപിയ്ക്കുന്നു.
 നൂറുകണക്കിന്‌ ആളുകള്‍ ആശ്രയിയ്ക്കുന്ന ഈ റോഡിണ്റ്റെ നിര്‍മ്മാണത്തിലെ അപാകതയെ സംബന്ധിച്ച്‌ അന്വേഷിക്കണമെന്നാവശ്യപ്പെട്ട്‌ ഡി.വൈ.എഫ്‌.ഐ അറയ്ക്കപ്പടി വല്ലേജ്‌ കമ്മിറ്റി ഡെപ്യൂട്ടി ഡയറക്ടര്‍ക്ക്‌ പരാതി നല്‍കിയിട്ടുണ്ട്‌. വെങ്ങോല പഞ്ചായത്തിലെ കരാര്‍ ജോലികളെല്ലാം കരാറുകാരനായ ഒരു മെമ്പറുടെ ബിനാമിയെക്കൊണ്ട്‌ ചെയ്യിയ്ക്കുന്നതായും ആക്ഷേപമുണ്ട്‌. 
ടാറിങ്ങ്‌ അപാകത പരിഹരിച്ച്‌ റോഡ്‌ സഞ്ചാരയോഗ്യമാക്കിയില്ലെങ്കില്‍ ശക്തമായ ജനകീയ സമരത്തിന്‌ നേതൃത്വം കൊടുക്കാനാണ്‌ ഡി.വൈ.എഫ്‌.ഐ തീരുമാനം. 
മംഗളം 27.07.2012

No comments: