Tuesday, October 18, 2011

എറണാകുളം ജനറല്‍ ആശുപത്രിയില്‍ പോലീസ്‌ സര്‍ജനെ നിയമിയ്ക്കും: മന്ത്രി

പെരുമ്പാവൂറ്‍: എറണാകുളം ജനറല്‍ ആശുപത്രിയില്‍ പോലീസ്‌ സര്‍ജനെ നിയമിയ്ക്കുമെന്ന്‌ ആരോഗ്യ മന്ത്രി അടൂറ്‍ പ്രകാശ്‌ അറിയിച്ചു. 
അസ്വഭാവിക മരണങ്ങള്‍ സംഭവിയ്ക്കുമ്പോള്‍ പോസ്റ്റ്‌ മോര്‍ട്ടത്തിന്‌ ജില്ലയിലുള്ളവര്‍ക്ക്‌ ആലപ്പുഴ മെഡിയ്ക്കല്‍ കോളജിനെ ആശ്രയിയ്ക്കേണ്ട ബുദ്ധിമുട്ട്‌ ജനപ്രതിനിധികള്‍ ശ്രദ്ധയില്‍ പെടുത്തിയതിനെ തുടര്‍ന്നാണ്‌ മന്ത്രി ഇക്കാര്യം അറിയിച്ചത്‌. പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങള്‍ക്ക്‌ കൂടുതല്‍ ഫണ്ട്‌ ലഭ്യമാക്കുമെന്നും ആശുപത്രികളുടെ ശോച്യാവസ്ഥയും ഡോക്ടര്‍മാരുടെ കുറവും പരിഹരിയ്ക്കുമെന്നും മന്ത്രി ഉറപ്പു നല്‍കി. 

കൂവപ്പടി ബ്ളോക്ക്‌ പഞ്ചായത്തില്‍ പെരുമ്പാവൂറ്‍ നിയോജക മണ്ഡലത്തിലെ ജനപ്രതിനിധികളുമായി ആശയവിനിമയം നടത്തുകയായിരുന്നു അദ്ദേഹം. കുന്നത്തുനാട്‌ താലൂക്ക്‌ ആശുപത്രിയുടെ ശോച്യാവസ്ഥ നേരില്‍ കാണാന്‍ എത്തിയതായിരുന്നു മന്ത്രി. പോപ്പുലര്‍ ഫ്രണ്ടിണ്റ്റെ റാലിയുമായി ബന്ധപ്പെട്ട സംഘര്‍ഷാവസ്ഥയുള്ളതിനാലാണ്‌ കൂവപ്പടി ബ്ളോക്ക്‌ ഓഫീസ്‌ ഹാളിലേയ്ക്ക്‌ ജനപ്രതിനിധികളുമായുള്ള കൂടിക്കാഴ്ച മാറ്റിയത്‌. 
സാജുപോള്‍ എം.എല്‍.എ, യു.ഡി.എഫ്‌ കണ്‍വീനര്‍ പി.പി തങ്കച്ചന്‍, കെ.പി.സി.സി സെക്രട്ടറി ടി.പി ഹസന്‍, ജില്ലാ പഞ്ചായത്ത്‌ സ്ഥിരം സമിതി അദ്ധ്യക്ഷന്‍ ബാബു ജോസഫ്‌, കൂവപ്പടി ബ്ളോക്ക്‌ പ്രസിഡണ്റ്റ്‌ പോള്‍ ഉതുപ്പ്‌, വാഴക്കുളം ബ്ളോക്ക്‌ പഞ്ചായത്ത്‌ പ്രസിഡണ്റ്റ്‌ കെ.കുഞ്ഞുമുഹമ്മദ്‌, ഗ്രാമപഞ്ചായത്ത്‌ പ്രസിഡണ്റ്റുമാരായ പി.വൈ.പൌലോസ്‌, എം.എം അവറാന്‍, ജോയി പൂണേലി, സുനുമോള്‍, ജനപ്രതിനിധികളായ പോള്‍ തോമസ്‌, റെജി ഇട്ടൂപ്പ്‌, കെ.കെ തോമാക്കുഞ്ഞ്‌, സജി പടയാട്ടില്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
മംഗളം 16.10.11

No comments: