Sunday, September 18, 2011

പ്ളൈവുഡ്‌ കമ്പനികള്‍ക്കെതിരെ പ്രത്യക്ഷ സമരപരിപാടികള്‍ക്ക്‌ ഒരുക്കങ്ങളായി

ആക്ഷന്‍ കൌണ്‍സില്‍ രൂപീകരിച്ചു
 പെരുമ്പാവൂറ്‍: ജില്ലയിലെ പ്ളൈവുഡ്‌ കമ്പനികള്‍ സൃഷ്ടിയ്ക്കുന്ന മലിനീകരണത്തിനെതിരെ പ്രതികരിയ്ക്കാന്‍ കര്‍മ്മസമിതിയായി. അടുത്ത മാസം മുതല്‍ അനധികൃത പ്ളൈവുഡ്‌ കമ്പനികള്‍ക്കെതിരെ തുടര്‍ച്ചയായ സമരപരിപാടികള്‍ ആരംഭിയ്ക്കുമെന്ന്‌ ആക്ഷന്‍കൌണ്‍സില്‍ ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു. 
2002-ല്‍ സുപ്രീം കോടതി മരാധിഷ്ഠിത വ്യവസായങ്ങള്‍ അനുവദിയ്ക്കുന്നതിന്‌ ഏര്‍പ്പെടുത്തിയ കര്‍ശനമായ നിര്‍ദ്ദേശങ്ങള്‍ ഇവിടെ അവഗണിയ്ക്കുകയാണെന്ന്‌ കര്‍മ്മസമിതി ഭാരവാഹികള്‍ ചൂണ്ടിക്കാട്ടി. സുപ്രീം കോടതി ഉത്തരവില്‍ മായം ചേര്‍ത്താണ്‌ വനം വകുപ്പ്‌ ഇപ്പോള്‍ ഇത്തരം വ്യവസായങ്ങള്‍ക്ക്‌ എന്‍.ഒ.സി കൊടുക്കുന്നത്‌. പ്ളൈവുഡ്‌ കമ്പനികള്‍ക്കെതിരെ ഹൈക്കോടതിയില്‍ നടക്കുന്ന കേസുകളുമായി ബന്ധപ്പെട്ട്‌ ഇവയുടെ പ്രവര്‍ത്തനം വിലയിരുത്താന്‍ രണ്ടംഗ അഭിഭാഷക കമ്മീഷനെ നിയോഗിച്ചിരുന്നു. കമ്മീഷന്‍ റിപ്പോര്‍ട്ട്‌ സര്‍ക്കാരിന്‌ കൈമാറിയിരിയ്ക്കുകയാണ്‌ ഇപ്പോള്‍. പാര്‍പ്പിട മേഖലകളില്‍ പ്ളൈവുഡ്‌ കമ്പനികള്‍ അനുവദിയ്ക്കരുതെന്നും മതിയായ പരിസര മലിനീകരണ നിയന്ത്രണ-സുരക്ഷാ സംവിധാനങ്ങള്‍ ഉറപ്പാക്കണമെന്നും റിപ്പോര്‍ട്ടിലുണ്ട്‌. അന്യ സംസ്ഥാന തൊഴിലാളികള്‍ വഴിയുണ്ടാവുന്ന സാമൂഹ്യപ്രശ്നങ്ങല്‍ പരിഹരിയയ്ക്കാന്‍ നിയമങ്ങള്‍ പാലിയ്ക്കപ്പെടണമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
എന്നാല്‍, റിപ്പോര്‍ട്ട്‌ അട്ടിമറിയ്ക്കാനുള്ള നീക്കങ്ങളിലാണ്‌ പ്ളൈവുഡ്‌ ലോബി. ഇവരുടെ സമ്മര്‍ദ്ദത്തിന്‌ സര്‍ക്കാര്‍ വഴങ്ങരുതെന്നും കര്‍മ്മസമിതി ഭാരവാഹികള്‍ ആവശ്യപ്പെട്ടു. 
കുന്നത്തുനാട്‌, ആലുവ, കോതമംഗലം, മൂവാറ്റുപുഴ താലൂക്കുകളിലെ പരിസ്ഥിതി സംഘനകളും റസിഡന്‍സ്‌ അസോസിയേഷനുകളും ചേര്‍ന്നാണ്‌ കര്‍മ്മസമിതി രൂപീകരിച്ചിരിയക്കുന്നത്‌. വറുഗീസ്‌ പുല്ലുവഴി (ചെയര്‍മാന്‍), കെ.എ ജയന്‍ (കണ്‍വീനര്‍), സി.കെ അബ്ദുള്ള, എന്‍.ആര്‍ ശ്രീധരന്‍ (വൈസ്‌ ചെയര്‍മാന്‍മാര്‍), ശിവന്‍ കദളി, പി.രാമചന്ദ്രന്‍ നായര്‍, എം.കെ ശശിധരന്‍ പിള്ള (ജോയിണ്റ്റ്‌ കണ്‍വീനര്‍മാര്‍), കെ.ആര്‍ നാരായണ പിള്ള (ട്രഷറര്‍) എന്നിവരാണ്‌ കര്‍മ്മസമിതിയുടെ ഭാരവാഹികള്‍. 
ഒക്ടോബര്‍ ആദ്യവാരം പ്ളൈവുഡ്‌ കമ്പനികള്‍ സൃഷ്ടിയ്ക്കുന്ന മലിനീകരണത്തിനെതിരെ ജനകീയറാലി സംഘടിപ്പിച്ചുകൊണ്ടാണ്‌ സമരപരിപാടികളുടെ തുടക്കം. ഇത്തരം പരിസ്ഥിതി പ്രശ്നങ്ങള്‍ക്ക്‌ ശ്വാശത പരിഹാരം ഉണ്ടാവുന്നതു വരെ സമരം തുടരുമെന്ന്‌ ആക്ഷന്‍ കൌണ്‍സില്‍ ചെയര്‍മാന്‍ വറുഗീസ്‌ പുല്ലുവഴി, കണ്‍വീനര്‍ കെ.എ ജയന്‍ എന്നിവര്‍ പത്രസമ്മേളനത്തില്‍ വ്യക്തമാക്കി. 
മംഗളം 18.09.2011

No comments: