Saturday, April 3, 2010

മണല്‍ മാഫിയ വനമേഖലയിലേക്ക്‌

മാതൃഭൂമി 27.2.2010
പെരുമ്പാവൂറ്‍ : സ്ഥിരം വാരുന്ന മേഖലകളില്‍ ചെളി നിറഞ്ഞതോടെ മണല്‍ മാഫിയ വനമേഖലയാണ്‌ ഇപ്പോള്‍ ലക്ഷ്യം വെയ്ക്കുന്നത്‌. കോടനാട്‌, മലയാറ്റൂറ്‍, പാണിയേലി, പാണംകുഴി ഭാഗത്ത്‌ വനമേഖലയില്‍ അനധികൃത കടവുകള്‍ മുളച്ചു പൊന്തുന്നുണ്ട്‌. രാത്രി വാരുന്ന മണല്‍ വനപാതയിലൂടെ കടത്തും.
ഒക്കല്‍, കൂവപ്പടി, പഞ്ചായത്തുകളിലെ 11കടവുകളില്‍ നിന്ന്‌ ദിവസം 71 ലോഡ്‌ മണല്‍വാരാനാണ്‌ അനുമതിയുള്ളത്‌. കൂവപ്പടി, ഒക്കല്‍, പഞ്ചായത്തുകളില്‍ 7500 അപേക്ഷകള്‍ ബാക്കിയുണ്ട്‌. നിയമപ്രകാരം മണല്‍ വാരിയാല്‍ ഇക്കൊല്ലം ആവശ്യക്കാര്‍ക്ക്‌ മണല്‍ നല്‍കാന്‍ കഴിയില്ല. ടിപ്പര്‍ ലോഡിന്‌ 5ടണ്‍ മണല്‍ 4500 രൂപയാണ്‌ പഞ്ചായത്ത്‌ നിശ്ചയിച്ച തുക. പക്ഷേ കടവില്‍ 2000രൂപ അധികം കൊടുത്താല്‍ ടിപ്പര്‍ നിറയെ മണല്‍ ലഭിക്കും. എന്നാല്‍ പാസില്ലാത്ത ഒരു ലോഡ്‌ മണല്‍ രാത്രി വാരുന്നതാണെങ്കില്‍ 7000 രൂപയ്ക്ക്‌ ലഭിക്കും. മണല്‍ സംഭരിച്ച്‌ വില്‍പന നടത്തുന്ന കേന്ദ്രങ്ങള്‍ ആളും തരവും നോക്കിയാണ്‌ വില പറയുന്നത്‌. ആവശ്യക്കാര്‍ 15000 രൂപ വരെ കൊടുത്തും മണല്‍ വാങ്ങുന്നുണ്ട്‌.
മണലിനായി പഞ്ചായത്തുകളില്‍ സമര്‍പ്പിക്കപ്പെട്ട ഭൂരിപക്ഷം അപേക്ഷകളും വ്യാജമാണെന്നും പരാതിയുണ്ട്‌. പഞ്ചായത്ത്‌ അംഗങ്ങളാണ്‌ ഈ കച്ചവടത്തിനു പിന്നില്‍. പലരുടേയും പേരില്‍ അപേക്ഷ സമര്‍പ്പിച്ച്‌ മണല്‍ മറിച്ച്‌ വില്‍ക്കുന്ന വിരുതന്‍മാരും ഈ രംഗത്ത്‌ സക്രിയമാണ്‌.

No comments: