Thursday, November 27, 2008

മുടക്കുഴയില്‍ അനധികൃത പാറമടകള്‍

6.8.2008

പ്രത്യേക ഗ്രാമസഭ വിളിച്ചുകൂട്ടണമെന്ന്‌ ചൂരമുടി സംരക്ഷണ സമിതി

പെരുമ്പാവൂറ്‍: മുടക്കുഴ ഗ്രാമപഞ്ചായത്ത്‌ ചൂരമുടി ഭാഗത്തുള്ള അനധികൃത പാറമടകള്‍ക്കെതിരെ പ്രത്യേക ഗ്രാമസഭ വിളിച്ചുകൂട്ടണമെന്ന്‌ ചൂരമുടി സംരക്ഷണ സമിതി. രണ്ടാഴ്ച മുമ്പ്‌ ചേര്‍ന്ന ഗ്രാമസഭയില്‍ അനധികൃത പാറമടകള്‍ക്കെതിരെയുള്ള പരാതി ചര്‍ച്ചയ്ക്ക്‌ എടുക്കാത്തതില്‍ പ്രതിഷേധിച്ചാണ്‌ ഇത്‌.
ഇന്ന്‌ രാവിലെ ചൂരമുടിയിലും പരിസരത്തുമുള്ള താമസക്കാര്‍ സംഘം ചേര്‍ന്ന്‌ ഗ്രാമപഞ്ചായത്ത്‌ ഓഫീസിലെത്തി ഇക്കാര്യം ആവശ്യപ്പെടും. നാലാം വാര്‍ഡില്‍ പെട്ട ചൂരമുടി ഭാഗത്ത്‌ നിരവധി അനധികൃത പാറമടകള്‍ പ്രവര്‍ത്തിയ്ക്കുന്നതായി നാട്ടുകാര്‍ പറയുന്നു. ഇവയ്ക്കെതിരെ പ്രതിഷേധം നിലനില്‍ക്കുമ്പോള്‍ കഴിഞ്ഞദിവസം മറ്റൊന്നിന്‌ കൂടി അനുമതി നല്‍കിയത്‌ നാട്ടുകാരെ പ്രകോപിപ്പിച്ചു.
പാറമടയുടെ അതിരുവിട്ട പ്രവര്‍ത്തനം മൂലം ചൂരമുടി വാട്ടര്‍ടാങ്ക്‌ അപകട ഭീഷണിയിലാണ്‌. കൂവപ്പടി, വേങ്ങൂറ്‍, മുടക്കുഴ ഗ്രാമപഞ്ചായത്തുകളിലേയക്ക്‌ കുടിവെള്ളം വിതരണം ചെയ്യുന്ന ടാങ്കാണിത്‌. ഇതിനു പുറമെ അതിപുരാതനമായ ചൂരമുടി സെണ്റ്റ്‌ തോമസ്‌ പള്ളിയും ഭീഷണിയുടെ നിഴലിലാണ്‌. ദേവാലയത്തിണ്റ്റെ ഭിത്തികള്‍ക്ക്‌ വിള്ളല്‍ വീണു കഴിഞ്ഞു. ഈ പ്രദേശത്തുള്ള വീടുകളിലേയ്ക്ക്‌ കല്ലുതെറിച്ചു വീഴുന്നത്‌ പതിവാണ്‌. പ്രദേശവാസികളുടെ ജീവന്‍ അപടത്തിലാണ്‌ എന്ന വിവരം ബന്ധപ്പെട്ടവരുടെ ശ്രദ്ധയില്‍ പെടുത്തിയിട്ടും അധികൃതര്‍ ഒന്നുമറിയാത്ത മട്ടു നടിയ്ക്കുകയാണ്‌. ഗ്രാമസഭയില്‍ പാറമട പ്രശ്നം ചര്‍ച്ചയ്ക്ക്‌ എടുക്കാന്‍ പോലും ബന്ധപ്പെടവര്‍ അനുവദിച്ചില്ല. ഈ സാഹചര്യത്തിലാണ്‌ പ്രത്യേക ഗ്രാമസഭ തന്നെ വിളിച്ചുകൂട്ടി അനധികൃത പാറമടകള്‍ക്കെതിരെ തീരുമാനമെടുക്കണമെന്ന ആവശ്യവുമായി ചൂരമുടി സംരക്ഷണ സമിതി രംഗത്ത്‌ വന്നിട്ടുള്ളത്‌.

No comments: